Thursday 09 September 2021 01:27 PM IST

ബിടിഎസിന്റെ ‌ലോക്കറ്റ് മുതൽ ബുക് മാർക്ക് വരെ സൂപ്പർഹിറ്റ്; ഏറ്റവും പ്രിയപ്പെട്ടവയെ ‘ചില്ലുകൂട്ടിലാക്കി’ താര രഞ്ജിത്ത് ശങ്കർ

Priyadharsini Priya

Senior Content Editor, Vanitha Online

thara44rassss

ഏറ്റവും പ്രിയപ്പെട്ട ഓർമ്മകൾ ചില്ലുകൂട്ടിൽ ഒളിപ്പിച്ച് ഹൃദയത്തോട് ചേർത്തുവച്ചാൽ എങ്ങനെയിരിക്കും? അത്തരമൊരു നൊസ്റ്റാൾജിക് ഫീലാണ് മനോഹരമായ റെസിൻ ആഭരണങ്ങൾക്ക്.. മഞ്ഞുതുള്ളി പോലെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന റെസിൻ ആഭരണങ്ങളിൽ ഇഷ്ട വസ്തുക്കൾ, അമൂല്യമായ ഓർമകൾ, ഇലകൾ, പൂക്കൾ, റൊമാൻസ് എന്നിങ്ങനെ എന്തും ഉൾപ്പെടുത്താം.

tharaaagggbb

ഇൻസ്റ്റാഗ്രാം പേജിലൂടെ റെസിൻ ക്രിസ്റ്റലിൽ മാലയും മോതിരവുമൊക്കെ തയാറാക്കി മാജിക് തീർക്കുകയാണ് പ്ലസ് ടു വിദ്യാർഥിനിയായ താര രഞ്ജിത്ത്. മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകൻ രഞ്ജിത്ത് ശങ്കറിന്റെ മകളാണ് താര. കാക്കനാട് ഭവൻസ് സ്‌കൂളിലാണ് പഠനം. തീയ സ്റ്റോർ (theiaa.store) എന്നാണ് താരയുടെ ഇൻസ്റ്റാഗ്രാം പേജിന്റെ പേര്. 

thara-reesssdfdd

"ഒരു മാസമായി റെസിൻ ആഭരണങ്ങൾ ഉണ്ടാക്കി തുടങ്ങിയിട്ട്. വെറുതെ ഇരിക്കുമ്പോൾ എന്തെങ്കിലുമൊക്കെ ചെയ്താലോ എന്ന് ചിന്തിച്ചു. യൂട്യൂബിൽ റെക്കമെന്റഡ് വിഡിയോ ആയി വന്നതാണ്. പിന്നീട് ധാരാളം ട്യൂട്ടോറിയൽസ് ഒക്കെ കണ്ടു. റെസിൻ ആഭരണങ്ങളോട് ഒരു പ്രത്യേക ഇഷ്ടം തോന്നി, അങ്ങനെ പഠിച്ചതാണ്. ആദ്യം ഉണ്ടാക്കി നോക്കിയപ്പോൾ തന്നെ ഓക്കെയായി.  

tharaaa34ggfe

ഇൻസ്റ്റാഗ്രാമിൽ കുറേപേർ റെസിൻ ക്രിസ്റ്റലിൽ ആഭരണങ്ങൾ, ബുക് മാർക്ക് ഓക്കെ ചെയ്യുന്നുണ്ട്. ഞാനിപ്പോൾ തുടങ്ങിയതല്ലേ ഉള്ളൂ, കൂടുതൽ ഓർഡറുകളൊന്നും കിട്ടി തുടങ്ങിയിട്ടില്ല. സുഹൃത്തുക്കളിൽ പലരും മാല ചെയ്തുതരാൻ ആവശ്യപ്പെടാറുണ്ട്. അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് തയാറാക്കി കൊടുക്കാറുണ്ട്. കൊറിയൻ മ്യൂസിക് ബാൻഡ് ബിടിഎസിന്റെ ലോഗോ വച്ച് ലോക്കറ്റ് ചെയ്തത് പലർക്കും ഇഷ്ടമായി. ബിടിഎസ് താരങ്ങളുടെ ബുക് മാർക്കും ചെയ്തിരുന്നു. 152 രൂപ മുതൽ 300 രൂപ വരെയാണ് വില.  

tharrr4445555

അച്ഛൻ വലിയ സപ്പോർട്ട് ആണ്. സിനിമയിൽ നിന്ന് അനു സിത്താര ചേച്ചി, സിത്താര ആന്റി ഇവർക്കൊക്കെ ആഭരണം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. പ്ലസ് ടുവിന് ബയോ മാത്‍സ് ആണ് എടുത്തിരിക്കുന്നത്. ഓൺലൈൻ ക്ലാസും മറ്റുമായി കുറേ പഠിക്കാനുണ്ട്. അതുകൊണ്ട് ഫ്രീ ടൈം കിട്ടുമ്പോൾ മാത്രമേ ആഭരണങ്ങൾ ചെയ്യാറുള്ളൂ..   

എനിക്ക് വരയ്ക്കാൻ ഒരുപാട് ഇഷ്ടമാണ്. വാട്ടർ കളർ പെയിന്റിങ് ചെയ്യാറുണ്ട്. പ്ലസ് ടു വിനു ശേഷം ഫാഷൻ ഡിസൈനിങ്, ആർക്കിടെക്ച്ചർ ഈ കോഴ്‌സുകളിൽ ഏതെങ്കിലുമൊന്ന് ചെയ്യാനാണ് ആഗ്രഹം."- താര പറയുന്നു.