Friday 23 November 2018 11:36 AM IST : By സ്വന്തം ലേഖകൻ

ബസിന്റെ മുന്നിൽ ചാടി ‘നില്ല് നില്ല്’ ചലഞ്ച്; ‘ടിക് ടോക്’ കോമാളിത്തരത്തെ നിർത്തിപ്പൊരിച്ച് സോഷ്യൽ മീഡിയ–വിഡിയോ

nillu-nillu

ജീവനെടുക്കുന്ന സെൽഫിക്കഥകൾ കേട്ട് നെടുവീർപ്പിട്ടവരാണ് നമ്മൾ മലയാളികൾ. സോഷ്യൽ മീഡിയയിൽ ലൈക്കിലേറാൻ വേണ്ടി കുന്നിന്റെ മുകളിൽ വലിഞ്ഞു കയറുന്നവർ, ചീറിപ്പാഞ്ഞ് വരുന്ന ട്രെയിനിനു മുന്നിൽ കൂസാതെ നിൽക്കുന്നവർ. സോഷ്യൽ മീഡിയയുടെ ‘നട്ടപ്പിരാന്തുകളിലെ’ ഒടുവിലത്തെ അധ്യായമായിരുന്നു അത്. സാഹസിക സെൽഫിക്കു വേണ്ടി ജീവൻ തുലച്ചവരുടെ എണ്ണം ഒന്നിലൊതുങ്ങില്ല. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്നിറങ്ങി നൃത്തം ചെയ്യുന്ന കീ കീ ചാലഞ്ചും സെൽഫി ഭ്രമം പോലെ അപകടം പിടിച്ച പരിപാടിയുടെ മറ്റൊരു വേർഷനായിരുന്നു.

സാഹസിക സെൽഫി ഭ്രമം ഒരു മൂലയ്ക്കൊതുങ്ങുമ്പോൾ സോഷ്യൽ മീഡിയയുടെ ആശങ്കയേറ്റി പുതിയൊരു ഐറ്റം രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ടിക് ടോക് ആപ്പിനെ കൂട്ടുപിടിച്ചാണ് ന്യൂജെൻ പിള്ളേരുടെ പുതിയ കൂത്ത്.

സമുഹ മാധ്യമങ്ങളിൽ ലൈക്കുകൾ വാരിക്കൂട്ടാൻ വേണ്ടി ഒരു കൂട്ടം വിരുതൻമാർ എന്ത് ചെയ്തെന്നോ? ഓടിക്കൊണ്ടിരിക്കുന്ന വണ്ടിക്കു മുന്നിൽ ചാടി ‘നില്ല് നില്ല്’ ചാലഞ്ച് കാണിച്ചിരിക്കുകയാണ്. ഉപ്പുകുളത്തുനിന്നും തൊടുപുഴക്ക് പോകുന്ന ബസിന്റെ മുന്നിൽ ചാടിയായിരുന്നു ഈ സാഹസം. ആളറിയാതിരിക്കാൻ ഹെൽ‌മറ്റ് ധരിച്ച് കൈയ്യിൽ പച്ചിലകളുമേന്തിയാണ് ഈ കോമാളിത്തരം. ‘നില്ല് നില്ല്’ ഡാൻസും ടിക് ടോക് കോമാളിത്തരവും ഒന്നിലോ രണ്ടിലോ ഒതുങ്ങിയിട്ടില്ല. ഇതിന്റെ ചുവടു പിടിച്ച് ആൾക്കാരെ വട്ടം കറക്കുന്ന അപകടം പിടിച്ച പരിപാടിയുമായി പലരും സോഷ്യൽ മീഡിയയിൽ പിന്നാലെയെത്തി. എന്തിനേറെ പൊലീസ്  മുന്നിലും ഈ കോമാളിത്തരം അരങ്ങേറി.

എന്തായാലും കീ കീ ചാലഞ്ചിന് വിലങ്ങിട്ടതു പോലെ നില്ല് നില്ല ചാലഞ്ചുമായെത്തുന്ന ടിക് ടോക് ആശാൻമാരേയും പൊലീസ് പൂട്ടുമെന്നാണ് സോഷ്യൽ മീഡിയയുടെ പ്രതീക്ഷ.