Wednesday 19 October 2022 04:37 PM IST

ലോകം ചുറ്റി സഞ്ചരിച്ച് ചിത്രം വരച്ചു; സ്വന്തം നാട്ടിൽ തടഞ്ഞു: ആർട്ടിസ്റ്റ് സൂരജിന്റെ അനുഭവം

Shyama

Sub Editor

suraj-artist-plakkad-fort-incident-cover

ലോകം ചുറ്റി സഞ്ചരിച്ച് ചിത്രം വരയ്ക്കുന്ന കലാകാരനാണ് സൂരജ് ബാബു പക്ഷേ, സ്വന്തം നാട്ടിലെ പാലക്കാട് ഫോർട്ടിന്റെ ചിത്രം വരയ്ക്കാനെത്തിയ കലാകാരന് നേരിടേണ്ടി വന്നത് ആട്ടിയോടിക്കൽ. പാരീസിലെ ഈഫൽ ടവർ, ലൂവ് മ്യൂസിയം, യൂറോപ്പിലേയും ഇറ്റലിയിലേയും ജർമനിയിലേയും കൊട്ടാരങ്ങളും സ്മാരകങ്ങളും പോതു ഇടങ്ങളും, പോണ്ടിച്ചേരിയിലെ ഓറോവിൽ കേരളത്തിൽ തന്നെ പലയിടങ്ങളുടെ മുന്നിൽ പോയി നിന്നും ഇരുന്നും ഒക്കെ സൂരജ് ബാബു എന്ന കലാകാരൻ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. പതിനഞ്ചോളം വർഷം സൂരജിന്റെ കണ്ണിലൂടെയും മനസിലൂടെയും സഞ്ചരിച്ച നിറങ്ങൾ ഇടതടവില്ലാതെ കാൻവാസിലേക്കും പേപ്പറിലേക്കും ഒക്കെ പടർന്നിറങ്ങിയിട്ടുമുണ്ട്. ഇൻസ്റ്റഗ്രാമിലെ ആർട്ടോഹോളിക് എന്ന പേജ് വഴി പല നാടുകളിലുള്ളവർ അതൊക്കെ കാണുകയും ആസ്വധിക്കുകയും ചെയ്യുന്നു... എന്നാൽ സ്വന്തം നാടായ പാലാക്കാട് വച്ചുണ്ടായ മോശമായൊരു സംഭവവും അതുണ്ടാക്കിയ ആശങ്കയുമാണ് സൂരജ് എല്ലാ കലാകാരന്മാർക്കും വേണ്ടി പങ്കുവച്ചത്.

ഇവിടെ വച്ച് വരയ്ക്കാനേ പറ്റില്ല

ടൂറിസം വളരാനാഗ്രഹിക്കുന്ന കലാകാരന്മാരെ ബഹുമാനിക്കുന്ന നമ്മുടെ നാട് ഇതിൽ നിന്നും പാഠമുൾക്കൊണ്ട് മാറണം എന്നൊരാഗ്രഹമാണ് ഇങ്ങനൊരു കാര്യം തന്നെകൊണ്ട് പറയിപ്പിച്ചതെന്ന് സൂരജ്... ‘‘ഞാനും പെങ്ങളും ഒരു കസിനും കൂടി കഴിഞ്ഞ ശനിയാഴ്ച്ചയാണ് പാലക്കാട് ഫോർട്ട് കാണാൻ പോകുന്നത്. ഫോട്ട് കണ്ടെതും വരയ്ക്കാൻ തോന്നി. അരികിൽ നിന്ന് വരയ്ക്കാൻ തുടങ്ങി. കുറച്ച് നേരം കഴിഞ്ഞതും അധികൃതരിലൊരാൾ വന്ന് വരയ്ക്കാന്‍ പറ്റില്ല, ക്യാമറ സ്റ്റാന്റ് വയ്ക്കാൻ പറ്റില്ല എന്ന് പറഞ്ഞു. ഇത് ക്യാമറ സ്റ്റാന്റല്ല ഈസലാണ് പറഞ്ഞിട്ടും സ്റ്റാന്റ് മാറ്റി വച്ച് അപ്പുറത്തിരുന്ന് വരച്ചോളാം എന്ന് പറഞ്ഞതും ‘ഇവിടെ വച്ച് വരയ്ക്കാനേ പറ്റില്ല’ എന്ന് അയാൾ. സ്മാരകത്തിന്റെ ഉള്ളിലല്ല ഞാൻ വരയ്ക്കാൻ നിന്നതും ഈസൽ വച്ചതും. ഈസൽ മാറ്റിയിട്ട് വരച്ചോളൂ എന്ന് അവർ പറഞ്ഞിരുന്നെങ്കിലും കുഴപ്പമില്ലായിരുന്നു... നിയമങ്ങൾ പാലിക്കാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ഒരു രീതിയിൽ മാത്രം വരയ്ക്കണം എന്ന വാശിയുമില്ല. കല്ലും മണ്ണും കട്ടയും ഒക്കെ വച്ചും വരച്ചിട്ടുണ്ട്...

കുറച്ച് കഴിഞ്ഞതും രണ്ടാമതൊരാൾ കൂടി വന്ന് പെർമിഷനില്ലാതെ ഇവിടെ വരയ്ക്കാനേ പറ്റില്ല, എന്നൊക്കെ പറഞ്ഞ് വളരെ മോശമായ രീതിയിൽ ഒച്ച വച്ചു. എന്റെ സഹോദരി വക്കീലാണ്, എന്താണ് അതിലുള്ള പ്രശ്നമെന്ന് ചോദിച്ചിട്ടും അതൊന്നും വകവയ്ക്കാതെ അധികൃതർ മോശം പ്രതികരണം തുടർന്നു. അവിടെയുണ്ടായിരുന്ന പ്രായമായ ആളുകൾ പോലും ‘അവൻ വരച്ചോട്ടേ’ എന്നൊക്കെ പറഞ്ഞ് ഒപ്പം നിൽക്കുന്നുണ്ട്. അതൊന്നും അവർ കാര്യമാക്കിയില്ല. അധികൃതരുടെ ഈ മോശം പെരുമാറ്റം പലയിടങ്ങളിൽ വന്ന ആളുകൾ കണുന്നെന്നോ, അത് ഭാവിയിൽ ഇങ്ങോടുള്ള സന്ദർശനത്തെ തന്നെ ബാധിക്കുമെന്നോ അവർ ഓർക്കുന്നില്ല. വഴക്ക് തുടർന്നതും ഞാനാകെ വല്ലാതായി. അവിടുന്നു പോന്നു.

മറ്റുള്ള നാട്ടിൽ നിന്നൊക്കെ ഇങ്ങോട്ട് വിളിച്ച് വരൂ വന്ന് വരയ്ക്കൂ എന്ന് പറയുമ്പോൾ... ഷോയിൽ ഭാഗമാകാൻ ക്ഷണിക്കുമ്പോൾ എന്റെ സ്വന്തം നാട്ടിൽ നിന്ന് ഇത്രയും മോശം അനുഭവമുണ്ടായത് വല്ലാതെ സങ്കടപ്പെടുത്തി. ആലോചിക്കുന്തോറും മിണ്ടാതിരുന്നാൽ എന്നെ പോലെ മറ്റുള്ള കലാപ്രവർത്തകർക്കും ഈ ബുദ്ധിമുട്ട് ഉണ്ടാകും, ഇനിയതു പാടില്ല എന്നോർത്തു. അതാണ് ഇക്കാര്യം പറഞ്ഞ് വീഡിയോ ഇട്ടത്. ഒരുപാട് കലാകാരന്മാരും അല്ലാത്തവരും ഒക്കെ വീഡിയോ ഷെയർ ചെയ്ത് ഒപ്പം നിന്നു. അത് കാണുമ്പോൾ സന്തോഷം.

മാറണ്ടത് നിയമങ്ങൾ

ഒരാൾ എന്ത് വേഷമിടുന്നു, എന്ത് ജോലി ചെയ്യുന്നു, ഒരാളുടെ വണ്ണം, മുടിയുടെ നീളം ഒക്കെ നോക്കിയിട്ടാണ് ഇന്നും ഇവിടെ ഒരു വ്യക്തിക്ക് കൊടുക്കേണ്ട ‘ബഹുമാനത്തിന്റെ അളവ്’ തീരുമാനിക്കപ്പെടുന്നത്. അത് മാറണം. പൊതു ഇടങ്ങളിൽ ജോലി ചെയ്യുന്നവരാണ് പലപ്പോഴും നമ്മുടെ നാടിനെ പറ്റിയുള്ള ഒരു ഇംപ്രഷൻ മറ്റുള്ളവരിൽ ഉണ്ടാകാനുള്ള പ്രധാന ഘടകം. അവരുടെ പെരുമാറ്റത്തിൽ മാറ്റം വരണം. ഒരു പ്രശ്നം വരുമ്പോൾ ഒരാളെ വിലക്കാനോ മാറ്റി നിർത്താനോ കാത്തിരിക്കാതെ പെരുമാറ്റം മെച്ചപ്പെടുത്താനുള്ള ട്രെയിനിങ്ങ് തുടക്കം മുതലേ ചിട്ടയായി നൽകാം.

പിന്നെ മാറണ്ടത് നിയമങ്ങളാണ്. കാലാനുശ്രിതമായ മാറ്റങ്ങൾ വരേണ്ടതുണ്ട്. ഇപ്പോഴും പലയിടത്തും ഡിജിറ്റൽ ക്യാമറ ഉപയോഗിക്കാൻ വിലക്കുണ്ട്, മൊബൈലില്‍ ദൃശ്യങ്ങൾ ഷൂട്ട് ചെയ്താൽ കുഴപ്പമില്ല. ഡിജിറ്റൽ ക്യാമറയേക്കാള്‍ കൂടുതൽ ക്ലാരിറ്റിയുള്ള മൊബൈൽ ക്യാമറകൾ ഇന്ന് ഇറങ്ങിയിട്ടുണ്ട്. അപ്പോ ഇപ്പറയുന്ന നിയമം എന്തിനാണ്? നിയമങ്ങൾ എന്താണെന്നും അതിൽ ഭേദഗതി വന്നിട്ടുണ്ടോ എന്നും ഇപ്പറഞ്ഞ അധികൃതരുൾപ്പടെയുള്ളവർ അറിഞ്ഞിക്കേണ്ടത് അത്യാവശ്യമാണ്.’’

പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിയാണ് സൂരജ്. മെക്കാനിക്കൽ എൻജിനീയറിങ്ങാണ് പഠിച്ചതെങ്കിലും ഡിസൈനറായി ജോലി ചെയ്യുന്നു. ഇതിനോടകം പലനാടുകളിലും സഞ്ചരിച്ചിട്ടുണ്ട്. ഇന്റർനാഷനൽ വാട്ടർകളർ സൊസൈറ്റി വിയറ്റ്നാമിൽ ചെയ്ത ഷോയിൽ പങ്കാളിയിട്ടുണ്ട്, ഇറ്റലിയിലും അമേരിക്കയിലും ജലഛായാചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്... ഈ നവംബറിൽ ജപ്പാനിൽ അടുത്ത ചിത്ര പ്രദർശനത്തിൽ പങ്കടുക്കാനൊരുങ്ങുകയാണ് സൂരജ്.