Tuesday 30 November 2021 02:56 PM IST : By സ്വന്തം ലേഖകൻ

വിധിയിൽ തളർന്നില്ല, തോറ്റോടിയില്ല; വേദന കടിച്ചമർത്തി സ്ക്രൂവിൽ മനോഹര കാൻവാസുകൾ തീർത്ത് ടുട്ടുമോൻ, അംഗീകാരം

tuttumonn75577

‘ടുട്ടുമോനേ ഗംഭീരമായിരിക്കുന്നു. ഇനി രജനികാന്തിന്റെ ഒരു പടം വരയ്ക്കണം. ഒരെണ്ണം എന്റെ നേതാവ് മോദിജിയുടെയും.’- സിനിമയിൽ മാത്രം കേട്ട് പരിചയമുള്ള ഗാംഭീര ശബ്ദം ഫോണിൽ കേട്ടപ്പോൾ ടുട്ടുമോൻ (നിഷാന്ത്) ആദ്യം ഒന്ന് ഞെട്ടി. പിന്നെ ആഹ്ലാദിച്ചു. നടനും എംപിയുമായ സുരേഷ് ഗോപിയാണ് തന്റെ ചിത്രം വരച്ച നിഷാന്തിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചത്. ടുട്ടുമോൻ വരച്ച ചിത്രം അത്ര നിസാരമല്ല, 32,423 സ്‌​ക്രൂ ഉ​പ​യോ​ഗി​ച്ച് 144 മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് ടു​ട്ടു​മോ​ൻ സു​രേ​ഷ് ഗോ​പി​യു​ടെ ചി​ത്രം വരച്ചത്. സുരേഷ് ഗോപിയെ നേരിട്ടു കാണണമെന്ന് ടുട്ടുമോൻ ആഗ്രഹം അറിയിച്ചപ്പോൾ സാധിച്ചുതരാമെന്നും അദ്ദേഹം അറിയിച്ചു. 

രാജ്യത്ത് സ്ക്രൂ ക്യാന്‍വാസില്‍ ഒരുക്കിയ ഏറ്റവും വലിയ ചിത്രമാണ് സുരേഷ്ഗോപിയുടേത്. നൂറ് കിലോയോളം ചിത്രത്തിന് ഭാരമുണ്ട്. ടുട്ടുമോൻ തയാറാക്കിയ നാലടി വീതിയും ഉയരവുമുള്ള ഈ ചിത്രം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിക്കഴിഞ്ഞു. രോഗക്കി​ടക്ക​യി​ൽ നിന്ന് ഈ 32​ വയസ്സുകാ​ര​ൻ വ​ര​ച്ചു​തീ​ർത്ത ചി​ത്ര​ങ്ങ​ൾ ആരെയും അ​ദ്​​ഭു​ത​പ്പെ​ടു​ത്തും. മാങ്ങാണ്ടിയിൽ തീർത്ത പൃഥ്വിരാജും, മാങ്ങയിൽ തീർത്ത ശശി കലിംഗയും മറ്റൊരു കൗതുകമാണ്. പ​ത്താം​ ക്ലാ​സ് വ​രെ മാ​ത്രം പ​ഠി​ച്ച ടു​ട്ടു​മോ​ന്​ ചെ​റു​പ്പം മു​ത​ൽ ചി​ത്ര​ര​ച​ന​യോ​ട്​ ക​മ്പ​മു​ണ്ടാ​യി​രു​ന്നു.

തൂ​ക്കു​പാ​ലം -പു​ത്ത​രി​ക്ക​ണ്ടം ബ്ലോ​ക്ക്​ ന​മ്പ​ർ 479ൽ ​എം.​ഡി. അ​ച്ച​ൻകു​ഞ്ഞ്-​ഇ​ന്ദി​ര ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് നിഷാന്തെന്ന ടുട്ടുമോൻ. പെയ്ന്റിങ് തൊഴിലാളിയായിരുന്നു. ഏഴ് വർഷം മുന്‍പ് കുമളി​യി​ൽ പെ​യി​ന്റിങ്​ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റു. രണ്ട് വർഷത്തോളം അരയ്ക്ക് താഴെ തളർന്ന് കിടപ്പിലായിരുന്നു. ചികിത്സയ്ക്ക് ഇതുവരെ 10 ലക്ഷം രൂപ ചിലവായി. മൂന്നര വർഷത്തെ ചികിൽസയ്ക്കൊടുവിലാണ് ചലനശേഷി വീണ്ടെടുത്തത്. പൂർണമായി നടക്കണമെങ്കിൽ ഫിസിയോതെറപ്പി ചെയ്യണം. ഇതിനായി ചിത്രങ്ങൾ വരച്ച് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ടുട്ടുമോൻ. പാചക പരീക്ഷണങ്ങളുടെ ഒരു യുട്യൂബ് ചാനലും ടുട്ടുമോനുണ്ട്.

മുൻപ് മുൻ ആരോഗ്യമന്ത്രി കെ.കെ. ഷൈലജയുടെ ചിത്രം വരച്ചപ്പോൾ മന്ത്രി നേരിട്ട് ടുട്ടുമോനെ വിളിച്ചു അഭിനന്ദിച്ചിരുന്നു. മോ​ഹ​ൻലാ​ൽ, മ​മ്മൂട്ടി, തി​ല​ക​ൻ, പൃ​ഥ്വി​രാ​ജ്, ദിലീ​പ്, കെ.​എ​സ്.ചി​ത്ര, ശ്രീ​നി​വാ​സ​ൻ, സ​ലിം​കു​മാ​ർ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ജ​ഗ​തി ശ്രീ​കു​മാ​ർ, വിനായ​ക​ൻ, ഫ​ഹ​ദ്​ ഫാ​സി​ൽ, ക​വി​യൂ​ർ പൊ​ന്ന​മ്മ, കെപിഎസി. ല​ളി​ത, ജ​യ​സൂ​ര്യ, ജ​യ​റാം, കാ​വ്യ​മാ​ധ​വ​ൻ, പ്രേം​ന​സീ​ർ തു​ട​ങ്ങി സി​നി​മ താ​ര​ങ്ങ​ളെ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, രാ​ഹു​ൽ ഗാ​ന്ധി, ഉമ്മൻചാണ്ടി, കെ.കെ.ഷൈലജ, എം.​എം. മ​ണി തു​ട​ങ്ങി​യ രാ​ഷ്​ട്രീയക്കാരെ​യും ടുട്ടുമോൻ വരച്ചിട്ടുണ്ട്.