Wednesday 12 January 2022 04:08 PM IST : By രാജേഷ് ആർ. പിള്ള

കരാട്ടെയിൽ പരിശീലനം നേടിയത് ഓൺലൈനായി; ആദ്യത്തെ ഓഫ് ലൈൻ പോരാട്ടത്തിൽ സ്വർണം നേടി വേദശ്രുതി! കൊച്ചുമിടുക്കിയുടെ ലക്ഷ്യം ഒളിംപിക്സ്

veda-carate

കരാട്ടെയിൽ ഓൺലൈനായി പരിശീലനം കിട്ടിയ വേദശ്രുതി ‘കാത്ത’യിൽ കലക്കിയത് ഓഫ് ലൈനായി. അതും സംസ്ഥാന തലത്തിലെ ആദ്യ മത്സരത്തിൽ തന്നെ സ്വർണം നേടി ഈ കൊച്ചു മിടുക്കി താരമായി. കരാട്ടെയിൽ ഓൺലൈനായി മാത്രം പരിശീലനം നേടിയ എ.ആർ. വേദശ്രുതിയാണു കാത്ത വിഭാഗത്തിൽ (10 വയസ്സ്) സംസ്ഥാന തലത്തിൽ സ്വർണം നേടിയത്. കൊല്ലം പള്ളിമൺ സിദ്ധാർഥ സെൻട്രൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. 

കരാട്ടെ പഠിക്കണമെന്ന മോഹവുമായി വേദശ്രുതി എത്തിയത് കോവിഡിനെ തുടർന്ന് ക്ലാസുകൾ നിർത്തിവച്ച സമയത്തായിരുന്നു. കോവിഡ് രൂക്ഷമാകുന്നത് മുൻപ് ലഭിച്ച നാലു ക്ലാസുകൾ ഒഴിച്ച് ബാക്കി ക്ലാസുകളെല്ലാം ഓൺലൈനായി തന്നെയായിരുന്നു. നൃത്ത പഠനത്തിൽ നിന്നുള്ള പിൻമാറ്റത്തിനൊടുവിലാണ് കരാട്ടെ പഠനത്തിലേക്ക് ചുവടുറപ്പിച്ചത്. ഓൺലൈൻ പരിശീലനത്തിനു ശേഷം നേരിട്ട് ജില്ലാ തലത്തിൽ മത്സരിച്ച് ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു. 

കഴിഞ്ഞ ആഴ്ച തൃശൂരിൽ നടന്ന സംസ്ഥാന തല മത്സരത്തിൽ സ്വർണ മെഡൽ നേട്ടവും ദേശീയ ചാംപ്യൻഷിപ്പിനുള്ള യോഗ്യതയും നേടി. പഠനത്തിലും മറ്റ് കലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തുന്ന വേദശ്രുതി നെടുമ്പനയിൽ ഹരിനാമത്തിൽ അജയകുമാറിന്റെയും അഞ്ചാലുംമൂട് ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക രേഖയുടെയും ഏക മകളാണ്. ചിറ്റയം ജയഭാരത് കരാട്ടെ ആണ് പരിശീലന കളരി. കരാട്ടെ ബ്ലാക് ബെൽറ്റ് റജിസ്ട്രേഷൻ പൂർത്തിയാക്കി കാത്തുനിൽക്കുന്ന ഈ കൊച്ചുമിടുക്കിയുടെ ലക്ഷ്യം ഒളിംപിക്സാണ്.