Saturday 19 June 2021 04:05 PM IST

‘ആദ്യ മത്സരത്തിൽ തന്നെ ഇടി കൊണ്ട് മൂക്കും ചുണ്ടും പൊട്ടി; പക്ഷേ, പരിശീലനം നിർത്തിയില്ല’; WWE ഇടിക്കൂട്ടിലേക്ക് അഭിമാനത്തോടെ നടന്നുകയറിയ സഞ്ജന ജോർജ്, വിജയകഥ

Roopa Thayabji

Sub Editor

wwwmmbf5666

പത്തു വർഷം മുൻപാണ്. കോട്ടയത്തെ പള്ളിക്കൂടം സ്കൂളിൽ പ്ലസ് വണ്ണിനു പഠിച്ചിരുന്ന സഞ്ജന എന്ന മെലിഞ്ഞ പെൺകുട്ടിയെ ചില വികൃതി കൂട്ടുകാർ ചേർന്ന് ബെഞ്ചിൽ നിന്നു തള്ളി താഴെയിട്ടു. അന്നു വൈകിട്ട് പരാതി പറയാൻ ചെന്ന മകളെ പപ്പ സ്നേഹത്തോടെ അടുത്തു ചേർത്തിരുത്തി ടിവിയുടെ ചാനലുകൾ മാറ്റി. ആ കണ്ണുകൾ ഒരു ദൃശ്യത്തിലുടക്കി. തിങ്ങിനിറഞ്ഞ ഗാലറിക്കു നടുവിലെ റിങ്ങിൽ രണ്ടു പെൺപുലികൾ ഏറ്റുമുട്ടുന്നു. എതിരാളിലെ നിലംപരിശാക്കിയ ഉയരക്കാരിക്ക് ചാംപ്യൻഷിപ് ബെൽറ്റ് കിട്ടിയ നിമിഷം അവൾ രണ്ടു തീരുമാനങ്ങളെടുത്തു. ‘ആക്രമണമോ പ്രതിരോധമോ, എന്തിനു വേണ്ടിയായാലും ഇന്നു മുതൽ പരിശീലനം തുടങ്ങും. ഇനി ഒരിക്കലും പരാജയത്തിന്റെ പേരിൽ കരയില്ല.’

അച്ഛൻ കാണിച്ച വഴിയേ വിജയത്തിന്റെ പടവുകൾ കയറിയ ആ പെൺകുട്ടി ഇന്ന് ഒർലാന്റോയിലെ വേൾഡ് റസ്‌ലിങ് എന്റർടെയ്ൻമെന്റ് (WWE) ട്രെയ്നിങ് സെന്ററിലാണ്. ലോകമെമ്പാടും നിന്നു തിരഞ്ഞെടുക്കപ്പെട്ട താരങ്ങളുടെ ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള ഏക പെൺകുട്ടിയാണ് സഞ്ജന ജോർജ്. ഈ നേട്ടം കയ്യെത്തി പിടിക്കുന്ന ആദ്യ മലയാളിയും.

WWE അധികൃതരിൽ നിന്ന് ഔപചാരിക അനുവാദം വാങ്ങിയ ശേഷമാണ് സഞ്ജനയോട് ‘വനിത’ സംസാരിച്ചത്. ‘‘മൂന്നു വർഷമായി പപ്പ മരിച്ചിട്ട്. ജീവിച്ചിരുന്നെങ്കിൽ WWEയെ കുറിച്ച് ഓരോ വാക്കും കേൾക്കാൻ കാതോർത്തിരുന്നേനെ. ഇപ്പോഴിവിടെ, എന്റെ നിഴലായി ഫ്ലോറിഡയിലും ഉണ്ടാകുമായിരുന്നു. പപ്പയുടെയും നമ്മുടെ നാടിന്റെയും അഭിമാനം കാക്കണമെന്നാണ് സ്വപ്നം...’’

അയ്മനത്തെ മൺപിറ്റിൽ നിന്ന് ഒർലാന്റോയിലെ റിങ്ങിലേക്ക്... മനസ്സിന്റെ ഗാലറിയിൽ ആരവം ഉയരുന്നുണ്ടോ ?

ഇപ്പോഴും ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല. ഓരോ ദിവസവും ഉണരുമ്പോൾ ഇപ്പോഴും അയ്മനത്തെ വീട്ടിലാണോ എ ന്നു തോന്നും. ഉണർന്നത് ഒരു സ്വപ്നത്തിൽ നിന്നാണോ എന്നും സംശയം തോന്നാറുണ്ട്. ജനാലയിൽ നിന്നുള്ള  ഒർലാന്റോയുടെ തെളിഞ്ഞ പുറംകാഴ്ചയാണ് ആ സംശയത്തിൽ നിന്നുണർത്തുന്നത്. കവിതാ ദേവിക്കും സറീന സന്ധുവിനും ശേഷം WWE യുമായി ഇന്ത്യയിൽ നിന്നു കരാർ ഒപ്പിടുന്ന വനിത എന്നൊക്കെ കേൾക്കുമ്പോൾ എനിക്കു പോലും പെട്ടെന്നങ്ങ് വിശ്വസിക്കാൻ പറ്റുന്നില്ല.

2019ലാണ് ഇന്ത്യൻ സെലക്‌ഷന് അപേക്ഷിച്ചത്. 3000 പേർ അപേക്ഷിച്ചിട്ടുണ്ടായിരുന്നു. മുംബൈയിൽ വച്ചു നാ ലു ദിവസം നീണ്ടുനിന്ന ട്രയൽസിനു ശേഷമാണ് ഞാനടക്കം നാലുപേരെ സെലക്ട് ചെയ്തത്. കരാർ ഒപ്പിട്ടപ്പോഴേക്കും നാട്ടിൽ കോവിഡ്. വീസയ്ക്കും മറ്റും തടസ്സം വന്നതു കൊണ്ട് രണ്ടുവർഷത്തോളം യാത്ര നീണ്ടു.

ഒർലാന്റോയിൽ കഠിന പരിശീലനമാണോ ?

ഗുസ്തിയിൽ മുൻപരിചയമില്ല. മിക്സഡ് മാർഷ്യൽ ആർട്സ് ആണ് എന്റെ ഇനം. റിങ്ങിൽ നന്നായി പെർഫോം ചെയ്യാനുള്ള വിദഗ്ധ കോച്ചിങ്ങാണ് ഇവിടെ തരുന്നത്. അ തികഠിന പരിശീലനങ്ങൾക്കു വേണ്ടിയുള്ള തയാറെടുപ്പാണ് എന്നും വേണമെങ്കിൽ പറയാം. ഏറ്റവും മികച്ച അത്‌ലീറ്റുകളെ വാർത്തെടുക്കുക എന്നതിനൊപ്പം ഓരോരുത്തരുടെയും കായികക്ഷമത വർധിപ്പിക്കുക കൂടി WWE ലക്ഷ്യം വയ്ക്കുന്നു. അതുകൊണ്ടുതന്നെ സ്ട്രിക്ടാണ്. ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളിൽ കണിശതയുണ്ട്. WWE വിദഗ്ധ കോച്ചിങ് ടീമാണ് വേണ്ട നിർദേശങ്ങൾ നൽകുന്നതും മേൽനോട്ടം വഹിക്കുന്നതും.

ഡയറ്റും പ്രധാനമാണ്. ന്യൂട്രിഷനിസ്റ്റിന്റെ നിർദേശപ്രകാരം ഓരോരുത്തർക്കും പ്രത്യേകം ഡയറ്റുണ്ട്. അവർ നിർദേശിച്ച അളവു പ്രകാരമുള്ള പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണം നമ്മുടെ ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാം. ഓട്സ്, പ്രോട്ടീൻ സ്മൂതി, ധാരാളം പഴങ്ങളും പച്ചക്കറികളും, ഇറച്ചി വിഭവങ്ങൾ, മുട്ട, പാൽ, നട്സ്, പയറുവർഗങ്ങൾ, മധുരക്കിഴങ്ങ്, ബ്രെഡ് തുടങ്ങിയവയൊക്കെ അതിൽ പെടും. കുത്തരിച്ചോറും കോട്ടയം സ്റ്റൈൽ മീൻകറിയും മോരു കാച്ചിയതുമൊക്കെ പണ്ടേ മെനുവിൽ നിന്നു നീക്കിയതുകൊണ്ട് പ്രശ്നമില്ല.

www44567

റസ്‌ലിങ് മത്സരങ്ങൾ കാണാൻ തുടങ്ങിയ കാലം മുത ൽ NXT ലേഡി സൂപ്പർസ്റ്റാർ കേസി കറ്റൻസരോയുടെ ഫാനാണ്. കേസി അമേരിക്കൻ നിൻജ വാരിയർ ടൈറ്റിൽ നേടിയ കാലം മുതൽ എല്ലാ മത്സരങ്ങളും മുടങ്ങാതെ കാണാറുണ്ട്. ഇവിടെ എത്തിയതിന്റെ പിറ്റേ ദിവസം ട്രെയിനിങ്ങിനായി ചെല്ലുമ്പോൾ അതാ കേസി. ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ നിന്നുപോയി. ഫിൻ ബെലോറടക്കമുള്ള താരങ്ങളെയും ഇവിടെ വന്ന ശേഷം കണ്ടു. ജീവിതത്തിൽ ഏറ്റവും വിലപ്പെട്ട ഒരു ‘Good Luck’ കിട്ടിയത് ആരിൽ നിന്നെന്നോ, ട്രിപ്പിൾ H ൽ നിന്ന്.

ഗുസ്തിയിൽ പരിചയമില്ലാതെ പിന്നെങ്ങനെ ?

കോട്ടയത്തെ അയ്മനത്താണ് തറവാട്. സ്കൂൾ പഠനമെല്ലാം ഊട്ടിയിലെ ബോർഡിങ് സ്കൂളിൽ. പപ്പ പി. ചാക്കോ ജോർജ് ഇടുക്കി ഡാം പ്രോജക്ടിൽ എൻജിനീയറായിരുന്നു. അമ്മ ലിസി ജോർജും ഞങ്ങൾ മൂന്നു പെൺമക്കളും എല്ലാ വെക്കേഷനും അടിച്ചുപൊളിക്കും. സ്കൂളിൽ ഞാൻ കൈവയ്ക്കാത്ത സ്പോർട്സ് ഇനം ഉണ്ടായിരുന്നില്ല. സാഹസികത ഉള്ള ഇനങ്ങളോടായിരുന്നു താൽപര്യം.

പ്ലസ് വണ്ണിന് കോട്ടയത്ത് വന്നപ്പോൾ മുതൽ ഊട്ടിയും സ്പോർട്സും മിസ് ചെയ്യാൻ തുടങ്ങി. അങ്ങനെ ഒരു ദിവസം ജിമ്മിൽ ചേരാൻ തീരുമാനിച്ചു. കാര്യം പറഞ്ഞപ്പോൾ പപ്പയും അമ്മയും കട്ട സപ്പോർട്. 17ാം വയസ്സിൽ മിക്സ് മാർഷൽ ആർട്സ് പരിശീലിച്ചു തുടങ്ങി. കരാട്ടെയും ജൂഡോയും ഗുസ്തിയും ആയുധങ്ങളുടെ ഉപയോഗവുമൊക്കെ അതിൽ പെടും.

മത്സരങ്ങളിലെ ചാംപ്യൻ പട്ടവും കൈമുതലായുണ്ട് ?

ബെംഗളൂരുവിലെ സൈക്കോളജി ഡിഗ്രി പഠനത്തിനിടെ പരിശീലനം സീരിയസാക്കി. ജൂഡോയിലും ബോക്സിങ്ങിലും സംസ്ഥാന തലത്തിൽ മത്സരിച്ചു. ആദ്യ മത്സരത്തിൽ തന്നെ ഇടി കൊണ്ട് മൂക്കും ചുണ്ടും പൊട്ടി. പക്ഷേ, പരിശീലനം നിർത്തിയില്ല. അടുത്ത വർഷങ്ങളിലായി പങ്കെടുത്ത ആറു മിക്സഡ് മാർഷൽ ആർട്സ് ചാംപ്യൻഷിപ്പുകളിൽ അഞ്ചിലും വിജയിച്ചു.

2017ൽ ഒബ്സ്റ്റക്കിൾ കോഴ്സ് റേസിങ്ങിലേക്ക് (obstacle-course racing) കളമൊന്നു മാറ്റി ചവിട്ടി. കുറച്ചുകൂടി സാഹസികത വേണ്ട ഇനമാണത്. പൂർത്തിയാക്കേണ്ട ദൂരത്തിനുള്ളിൽ നുഴഞ്ഞു പോകേണ്ട ചെളിക്കുളമായും ചങ്ങല കൊണ്ടുള്ള പാലമായും വടത്തിലൂടെ പിടിച്ചു കയറ്റമായും മതിലായും ഭാരമുള്ള വസ്തുക്കളായുമൊക്കെ തടസ്സങ്ങൾ നിരവധിയുണ്ടാകും. അവയെല്ലാം മറികടന്നു വേണം ഫിനിഷിങ് പോയിന്റിലെത്താൻ. ഒബ്സ്റ്റക്കിൾ കോഴ്സ് റേസിങ്ങിൽ പങ്കെടുത്ത 24 ദേശീയ– അന്തർദേശീയ മത്സരങ്ങളിൽ 23 എണ്ണത്തിലും വിജയിക്കാനായി. അതിനു ശേഷം പരിശീലകയായും ജോലി ചെയ്തു.

എല്ലാവരും ചെയ്യുന്ന സ്പോർട്സ് ഇനങ്ങളോടു പണ്ടേ താൽപര്യമില്ലായിരുന്നു. സ്പോർട്സിൽ കൈവച്ച കാലം തൊട്ട് ദി റോക്കും റോൻഡ റൗസിയും എന്റെ ആരാധനാപാത്രങ്ങളാണ്. ‘ആളുകൾ പറയുന്നതല്ല, നിനക്കു തോന്നുന്നതാണ് ചെയ്യേണ്ടത്’ എന്നു പഠിപ്പിച്ചത് പപ്പയാണ്.  അപ്പോൾ പിന്നെ, അത്ര പെട്ടെന്ന് എത്തിപ്പെടാനാകാത്ത WWE ലേക്കു തന്നെ സ്വപ്നം ഫോക്കസ് ചെയ്തു.

wwwbbb5566

ആ വഴി കഠിനമായിരുന്നോ ?

ആ സമയത്ത് നിരവധി മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. പെർഫോമൻസ് ലെവൽ ഉയർന്നു നിൽക്കേണ്ടത് അത്യാവശ്യമായിരുന്നു. പക്ഷേ, സെലക്‌ഷൻ ട്രയൽസ് വല്ലാതെ തളർത്തി. സെൽഫ് ഇൻട്രൊഡക്ഷൻ പ്രമോയ്ക്കു വേണ്ടി നിൽക്കുമ്പോൾ ചമ്മലായിരുന്നു, അങ്ങനെയൊന്നും അതുവരെ ക്യാമറയെ അഭിമുഖീകരിച്ചിട്ടില്ല. പ ക്ഷേ, ആത്മാർഥമായി സ്വപ്നത്തെ കുറിച്ചു പറയാനായി.

സ്പോർട്സ് തിരഞ്ഞെടുക്കുമ്പോൾ തന്നെ പലതും ത്യജിക്കണം. അതിൽ സുഹൃത്തുക്കളും ഉറക്കവും ഇഷ്ടഭക്ഷണവുമൊക്കെ പെടും. ജിം, മാർഷൽ ആർട്സ് എന്നൊക്കെ കേൾക്കുമ്പോൾ മിക്കവരും മുഖം ചുളിക്കും. പക്ഷേ, അക്കാര്യത്തിൽ ഞാൻ ‘ലക്കി’യാണ്. ‘എന്തു ചെയ്താലും നിന്റെ മുഖത്തെ സന്തോഷമാണ് കാണേണ്ടത്’ എന്നാണ് അമ്മ പറഞ്ഞത്. ഇങ്ങനെ ചേർത്തുനിർത്താൻ ആരുമില്ലാത്ത എത്രയോ പേരുണ്ട്.

സെലക്‌ഷൻ കിട്ടിയപ്പോൾ ഏറ്റവും സന്തോഷിച്ചത് കൂട്ടുകാരാണ്. They are over the MOON... ഇപ്പോൾ ഞങ്ങളുടെ സംസാരം നിറയെ WWEലെ തീം സോങ്, കോസ്റ്റ്യൂം, റോ ൾ തുടങ്ങിയവയെ കുറിച്ചാണ്.

കരിയറിനെ കുറിച്ചു മാത്രമേ സ്വപ്നം ഉള്ളോ ?

NXT വനിതാ ചാംപ്യനാകണമെന്നും കവിതാ ദേവിക്കൊപ്പം റിങ്ങിൽ കയറണമെന്നും ഇന്ത്യയുടെ അഭിമാനം ഉയർത്തണമെന്നുമല്ലാതെ മറ്റൊന്നും ചിന്തിക്കുന്നില്ല. ജീവിതത്തിൽ ഇതുവരെയുള്ള അധ്യായങ്ങളെല്ലാം കടന്ന് പുതിയതൊന്നു തുടങ്ങുന്നു. ആ അവസരവും ഭാഗ്യവും തന്ന ദൈവത്തിനും കുടുംബത്തിനും നന്ദി.

മൂത്ത ചേച്ചി റേച്ചലും ഭർത്താവും മോണ്ടിസോറി അ ധ്യാപകരാണ്. ഇളയ ചേച്ചി പൂർണിമ ഗൂഗിളിൽ ഉദ്യോഗസ്ഥയാണ്. അയ്മനത്തെ വീട്ടിൽ ഇപ്പോൾ അമ്മ മാത്രമേയുള്ളൂ.

എന്താണ് WWE

ലോകമെമ്പാടുമുള്ള റസ്‌ലിങ് പ്രേമികൾക്കു വേണ്ടി മത്സരങ്ങൾ പ്രൊഡ്യൂസ് ചെയ്യുന്ന സ്പോർട്സ് പ്ലാറ്റ്ഫോം ആണ് WWE എന്ന് ഏറ്റവും കുറഞ്ഞ വാക്കുകളിൽ പറയാം. എന്നാൽ വർഷത്തിലെ 52 ആഴ്ചയും 28 ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന WWE പ്രോഗ്രാമുകൾ ലോകമെമ്പാടുമുള്ള 800 മില്യൻ വീടുകളിലുള്ളവർ കണ്ടുകൊണ്ടിരിക്കുന്നു എന്നു പറയുമ്പോഴാണ് അതത്ര ചെറിയ കണക്ക   ല്ല എന്നു മനസ്സിലാകുന്നത്. കുടുംബത്തിന് ഒന്നിച്ചിരുന്നു കാണാവുന്ന സ്പോർട്സ് എന്റർടെയ്ൻമെന്റ് എന്നതാണ് WWEയുടെ ആപ്തവാക്യം.

ലോകമെമ്പാടുമുള്ള 180 രാജ്യങ്ങളെ ഉൾപ്പെടുത്തിയ മുഴുവൻ സമയ ഒടിടി പ്രീമിയം നെറ്റ്‌വർക്കും WWEയുടേതാണ്. ഷെഡ്യൂൾഡ് പ്രോഗ്രാമുകൾ, വിഡിയോ ഓൺ ഡിമാൻഡ് ലൈബ്രറി എന്നിവയ്ക്കു പുറമേ ഈ പ്ലാറ്റ്ഫോമിലൂടെ ലൈവ് മത്സരങ്ങളും നടത്തുന്നു. WWE RAW, SmackDown and NXT, Sony Ten 1, Sony Ten 3 എന്നിവയിലൂടെയാണ് ഇന്ത്യയിൽ WWE പ്രോഗ്രാമുകൾ കാണാനാകുക. WWE യുടെ ആസ്ഥാനം അമേരിക്കയിലെ സ്റ്റാൻഫോഡിലാണ്. ന്യൂയോർക്ക്, ലൊസാഞ്ചൽസ്, ലണ്ടൻ, മെക്സിക്കോ, ഷാങ്ഹായ്, സിംഗപ്പൂർ, ദുബായ്, മ്യൂണിച്ച്, ടോക്കിയോ എന്നിവയ്ക്കു പുറമേ ഇന്ത്യയിൽ മുംബൈയിലും ഓഫിസുണ്ട്.

IMG_20190607_185835_699