അച്ഛൻ ഹാലപ്പയ്ക്ക് കർണാടക സർക്കാർ സർവീസിലായിരുന്നു ജോലി. അമ്മ സിദ്ധ ഗംഗമ്മ വീട്ടമ്മയും. ഒറ്റ മകനാണ് ഞാൻ. പഠിക്കുന്ന കാലം മുതലേ മികച്ച ജോലി നേടണമെന്നു തന്നെയായിരുന്നു സ്വപ്നം. കൂട്ടുകാരും സമാന ചിന്താഗതിക്കാരായിരുന്നു.
സ്കൂൾ പഠനത്തിനു ശേഷം നാട്ടിലെ കോളജിൽ തന്നെ ഇലക്ട്രോണിക്സ് ആൻഡ് ക മ്യൂണിക്കേഷൻ എൻജിനീയറിങ്ങിനു ചേർന്നു. കോഴ്സ് പാസായ ഉടനേ തന്നെ ക്യാംപസ് ഇന്റർവ്യൂവിലൂടെ മോട്ടോറോളയിൽ ജോലിക്കു കയറി. ബെംഗളൂരുവിലായിരുന്നു പോസ്റ്റിങ്. രണ്ടു വർഷം കഴിഞ്ഞപ്പോൾ വിദേശത്തേക്കു ചേക്കേറാൻ തോന്നി. അങ്ങനെ എംബിഎയ്ക്ക് ചേരാൻ തീരുമാനിച്ചു.
ആ കാലത്താണ് സിവിൽ സർവീസിൽ ഒരു കൈ നോക്കാമെന്ന് സുഹൃത്തായ ശ്രീനിവാസ് പറയുന്നത്. ശ്രീനിവാസിന്റെ അച്ഛൻ പൊലീസ് ഹെഡ് കോൺസ്റ്റബിളായി റിട്ടയർ ചെയ്ത ആളാണ്. എനിക്കും പൊലീസ് കരിയറിനോട് ഇഷ്ടമായിരുന്നു. ശ്രീനിവാസിന് ഐപിഎസ് മോഹമുണ്ടായിരുന്നു. അവനാണ് എന്നെയും സിവിൽ സർവീസിനു തയാറെടുക്കാൻ നിർബന്ധിച്ചത്.
ഐഎഎസ് എന്താണെന്നും ഐപിഎസ് എന്താണെന്നുമൊക്കെ ഇന്റർനെറ്റിൽ നോക്കിയാണ് മനസ്സിലാക്കിയത്. ആദ്യ രണ്ടു ശ്രമത്തിൽ ഞങ്ങൾ രണ്ടുപേർക്കും ക്ലിയർ ചെയ്യാനായില്ല. അതോടെ ശ്രീനിവാസ് ആ മോഹം വിട്ടു. ഒരുവട്ടം കൂടി എഴുതാൻ ഞാൻ തിരുമാനിച്ചു. അങ്ങനെ 2011ൽ 211ാം റാങ്കോടെ ഐപിഎസ് കിട്ടി സർവീസിൽ കയറി.
എൻജിനീയറിങ് കാലം മുതൽ സുഹൃത്തായ ശ്യാമളാ ദേവിയെ പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ചു. വിശ്രുതും ധൻവിതയുമാണ് മക്കൾ.
ആകാശത്തെ നക്ഷത്രം
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ആണ് പഠിച്ചത്. കണക്കും സയൻസും ടെക്നോളജിയുമാണ് ഇഷ്ടമുള്ള വിഷയം. ജോലിക്ക് ചേർന്ന കാലത്ത് മൊബൈൽ ടെക്നോളജിയായിരുന്നു മേഖല.
എന്നാൽ സിവിൽ സർവീസിനു ഞാൻ തിരഞ്ഞെടുത്തത് ജ്യോഗ്രഫിയും പബ്ലിക് അ ഡ്മിനിസ്ട്രേഷനും. അതിനു പിന്നിൽ ഒരു കാരണമുണ്ട്. കുട്ടിക്കാലം മുതലേ ജ്യോഗ്രഫി വലിയ ഇഷ്ടമായിരുന്നു. കഥാപുസ്തകങ്ങളും റീഡേഴ്സ് ഡൈജസ്റ്റ് പോലുള്ളവയും അച്ഛൻ വരുത്തി തരും. കഥാപുസ്തകങ്ങളേക്കാൾ എനിക്ക് ഇഷ്ടം ഡൈജസ്റ്റ് പോലുള്ളവ ആയിരുന്നു.
എട്ടാം ക്ലാസെത്തിയപ്പോഴാണ് നക്ഷത്രങ്ങളെ കുറിച്ച് പഠിച്ചത്. അന്നുമുതൽ ആകാശത്തേക്ക് നോക്കി നടക്കാൻ തുടങ്ങി. ഓരോ സീസണിലും കാണുന്ന നക്ഷത്രങ്ങളെ ഞാൻ തിരിച്ചറിഞ്ഞു. അവയുടെ ദിക്കുകൾ മനസ്സിലാക്കി. നക്ഷത്രങ്ങൾക്ക് പ്രായത്തിന്റെ അടിസ്ഥാനത്തിൽ വെള്ള, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ നിറങ്ങൾ മാറിമാറി വരും. ചുവന്ന നക്ഷത്രത്തെ കാണുമ്പോൾ എനിക്ക് സങ്കടം വരുമായിരുന്നു, അയ്യോ, ആ നക്ഷത്രം മരിക്കാറായല്ലോ എന്നോർക്കും.
ഇപ്പോഴും ഇതൊക്കെ ഓർമയുള്ളത് അന്ന് വലിയ താൽപര്യത്തോടെ മനസ്സിലാക്കിയതു കൊണ്ടാണ്. സിവിൽ സർവീസ് പരീക്ഷ പാസായാൽ ഞാൻ ചെയ്യേണ്ടത് പബ്ലിക് അഡ്മിനിസ്ട്രേഷൻ ആണ്. അതുകൊണ്ടാണ് രണ്ടാമത്തെ വിഷയമായി അതു തിരഞ്ഞെടുത്തത്. നേരത്തേ പഠിച്ചുവച്ചാൽ കാര്യങ്ങൾ എളുപ്പമാകുമല്ലോ എന്നും ഓർത്തു.

രസിച്ചു പഠിക്കാം
കൂടുതൽ മാർക്ക് കിട്ടാൻ മാത്രമായി ഒരു പരീക്ഷയ്ക്കും തയാറെടുക്കരുത്. മാർക്ക് കിട്ടിയ ശേഷം ആ വിഷയം മറന്നു പോകുന്നത് അതുകൊണ്ടാണ്. അറിയാൻ വേണ്ടി ആസ്വദിച്ചു പ ഠിച്ചാൽ ആ വിവരങ്ങൾ ജീവിതകാലം മുഴുവ ൻ ഓർത്തിരിക്കാനും വേണ്ട സമയത്ത് ജീവിതത്തിൽ പ്രായോഗികമാക്കാനും കഴിയും.
നമ്മുടെയെല്ലാം വീട്ടിൽ ഗ്യാസ് അടുപ്പ് ഉ ണ്ട്. ഇതിൽ ഉപയോഗിക്കുന്നത് ലിക്വിഫൈഡ് പെട്രോളിയം ഗ്യാസാണ്. ഗ്യാസ് ഉപയോഗിച്ച് ഓടുന്ന ഓട്ടോറിക്ഷകളിൽ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസാണ് ഇന്ധനം. ഫാക്ടറികളിൽ വിവിധ പ്രവർത്തങ്ങൾക്ക് ഇന്ധനമാകുന്നത് പല വാതകങ്ങളാണ്. നമുക്ക് ചുറ്റും നടക്കുന്ന ഇത്തരം കാര്യങ്ങൾ വേർതിരിച്ച് അറിയുന്നത് കൗതുകമുള്ള കാര്യമല്ലേ.
ചരിത്രമാണ് നമ്മൾ പഠിക്കുന്നത് എന്നു ക രുതുക. കുറേ വർഷങ്ങളും പലായനങ്ങളും യുദ്ധവുമൊക്കെ കാണാപ്പാഠം പഠിച്ചിട്ട് എന്തുകാര്യം എന്നു ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. പണ്ടുകാലത്ത് ഉണ്ടായ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണ് ചരിത്രം പഠിക്കുന്നത്. തെറ്റുകളിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ അപഗ്രഥിച്ചു പഠിക്കണം.
തെറ്റുകൾക്കു മേൽ വിജയം എങ്ങനെ നേ ടി എന്ന് അറിയണം. അപ്പോഴേ തെറ്റുകളിലേക്ക് എത്തിപ്പെടാൻ സാധ്യതയുള്ള സാഹചര്യങ്ങളെ ഒഴിവാക്കാനാകൂ. ഇങ്ങനെ പഠിക്കുന്നവർ പരീക്ഷയിൽ മാത്രമല്ല, ജീവിതത്തിലും സക്സസ് ആകും. ഒരു വിഷയത്തിലും അയാളെ തോൽപ്പിക്കാനാകില്ല. സിവിൽ സർവീസ് മാത്രമല്ല, ബിസിനസുകാരനായാലും മാനേജ്മെന്റ് വിദഗ്ധനായാലുമൊക്കെ വിജയം ഒപ്പം കാണും.
ഇഷ്ടപ്പെട്ടു പഠിക്കണം
പന്ത്രണ്ടാം ക്ലാസ് വരെ സ്കൂളിൽ പഠിപ്പിക്കുന്ന കാര്യങ്ങളെല്ലാം നന്നായി ആസ്വദിച്ചു പഠിക്കുന്നതാണ് ഏതു കരിയറിലേക്കും ചുവടു വയ്ക്കുന്നതിന്റെ അടിസ്ഥാനം. ഓരോ വർഷവും പഠിച്ച കാര്യങ്ങൾ അടുത്ത വ ർഷം മറന്നു പോകുന്നത് അത്ര നല്ലതല്ല. ചുറ്റുമുള്ള കാര്യങ്ങളെ കുറിച്ച് അറിഞ്ഞും ആസ്വദിച്ചും പഠിക്കുന്നിടത്തു നിന്നാണ് വലിയ വിജയങ്ങളുടെ വാതിൽ തുറക്കുന്നത്.
ഒരു ചോദ്യം ചോദിക്കട്ടെ. എല്ലാവർക്കും പുത്തനുടുപ്പ് കിട്ടുന്നത് സ ന്തോഷമാണ്. ഡ്രസ് വാങ്ങാൻ കടയിൽ പോകുമ്പോഴാണ് കോട്ടൻ, മിക്സഡ് കോട്ടൻ, ജ്യൂട്ട് മിക്സ്, പോളി കോട്ടൻ, ലിനൻ എന്നൊക്കെയുള്ള വാക്കുകൾ കേൾക്കുന്നത്. നമ്മൾ വാങ്ങുന്നത് ഏതു തരം തുണിയാണെന്നു മാത്രമേ നമ്മൾ അന്വേഷിക്കാറുള്ളൂ. എന്തുകൊണ്ടാണ് കോട്ടനിൽ തന്നെ ഇത്രയധികം വെറൈറ്റി വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ചിന്തിക്കുന്നയാൾ ഇന്ത്യയിൽ എവിടെയാണ് പരുത്തി കൃഷി ചെയ്യുന്നത് എന്നു മുതൽ അന്വേഷിച്ചു തുടങ്ങും. അത്ര ആഴത്തിൽ പഠിക്കാനാകുന്നത് ചെറിയ കാര്യമല്ല. സിവിൽ സർവീസ് ലക്ഷ്യം വച്ച് പഠിക്കുന്നവർ മനസ്സിൽ വയ്ക്കേണ്ട വിജയമന്ത്രവും ഇതു തന്നെ, കഷ്ടപ്പെട്ട് പഠിക്കരുത്, ഇഷ്ടപ്പെട്ടു പഠിക്കണം.
YATHISH CHANDRA IPS
2011 ബാച്ച് കേരള കാഡർ ഐപിഎസ് ഉദ്യേഗസ്ഥൻ. വളപട്ടണത്ത് അസിസ്റ്റന്റ് കമ്മിഷനർ അണ്ടർ ട്രെയിനിയായി സർവീസിൽ കയറി. വടകരയിൽ എഎസ്പി, കണ്ണൂർ പൊലീസ് ബറ്റാലിയൻ കമാൻഡന്റ്, എറണാകുളം റൂറൽ പൊലീസ് ചീഫ്, ക്രൈംബ്രാഞ്ച് എസ്പി, ഡിസിപി (ലോ ആൻഡ് ഓർഡർ– കൊച്ചി), തൃശൂർ റൂറൽ, തൃശൂർ സിറ്റി എന്നിവിടങ്ങളിൽ ജില്ലാ പൊലീസ് മേധാവി എന്നീ പദവികളിൽ സേവനമനുഷ്ഠിച്ചു. ഇപ്പോൾ കണ്ണൂർ ജില്ലാ പൊലീസ് മേധാവി. സ്വദേശം– ബെംഗളൂരു