ADVERTISEMENT

എല്ലാവരും തിരയുന്ന ‘സംതൃപ്തിയുടെ താക്കോൽ’ പ്രകൃതിയോടും സഹജീവികളോടുമുള്ള കരുതലാണെന്നു തിരിച്ചറിഞ്ഞിരിക്കുകയാണ് നമ്മുടെ ചെറുപ്പക്കാർ . ‘ലിവിങ് കോൺഷ്യസ്‌ലി’  (Living Consciously) എന്നതാണ് പുതിയ തലമുറയുടെ ജീവിതശൈലി. അതായത് കാണുന്നതെല്ലാം വാങ്ങിക്കൂട്ടാതെയും അമിത സമ്മർദങ്ങളില്ലാതെയും വീട്ടിൽ സന്തോഷവും ശാന്തതയും നിറയ്ക്കുക. ഐടി, ബിസിനസ്, ബാങ്കിങ് രംഗങ്ങളിലുള്ള െചറുപ്പക്കാരാണ് ‘ലിവിങ് കോൺഷ്യസ്’ ശൈലിയുടെ പ്രധാന വക്താക്കൾ.

എന്താണ് കോൺഷ്യസ് ലിവിങ്?

ADVERTISEMENT

നമ്മുടെ തിരഞ്ഞെടുപ്പുകളെപ്പറ്റി കരുതലുള്ളവരായിരിക്കുക എന്നതാണ് ‘കോൺഷ്യസ് ലിവിങ്ങിന്റെ’ അടിസ്ഥാന തത്വം. മറ്റുള്ളവർക്കും ഭൂമിക്കും ദോഷം വരാത്തവിധം  ശീലങ്ങളെയും പ്രവൃത്തികളെയും ചിട്ടപ്പെടുത്തുകയാണ് പ്രായോഗികമാർഗം.

‘സസ്റ്റൈനബിൾ’ (Sustainable) എന്നത് കെട്ടിടനിർമാണത്തിന്റെ സാങ്കേതികവിദ്യയിൽ മാത്രമായി ഒതുങ്ങിപ്പോകേണ്ടതല്ല എന്നാണ് കോൺഷ്യസ് ലിവിങ് പിന്തുടരുന്നവരുടെ വാദം. തടിയും മുളയും ഇഷ്ടികയും എല്ലാം ഉപയോഗിച്ച് ‘ഇക്കോഫ്രണ്ട്‌ലി’ രീതിയിൽ വീടു നിർമിക്കുന്നതോടെ പ്രകൃതിയോടുള്ള കരുതൽ പൂർത്തിയാകുന്നില്ല. മറിച്ച് ജീവിതശൈലിയിലൂടെ അതിനു  തുടർച്ചയുണ്ടാകണം. അപാർട്മെന്റിലോ വാടകവീട്ടിലോ താമസിക്കുന്നവർക്കും ഒരു തടസ്സവുമില്ലാതെ ഈ ശൈലി പിന്തുടരാം.

ADVERTISEMENT

ആലോചിച്ചു മാത്രം വാങ്ങുക

എന്തു സാധനവും നന്നായി ആലോചിച്ചു മാത്രം വാങ്ങുക. അതായത് ‘കോൺഷ്യസ് കൺസ്യൂമർ’ (Conscious Consumer) ആയിരിക്കുക. ആവശ്യമുള്ളതാണോ എന്നതിനൊപ്പം ഈ ഉൽപന്നം എങ്ങനെ നിർമിക്കപ്പെടുന്നു, നമ്മുടെ ഉപയോഗ ശേഷം അത് എവിടേക്ക് പോകുന്നു എന്നുകൂടി വ്യക്തമായി മനസ്സിലാക്കിയ ശേഷം മാത്രം സാധനങ്ങൾ വാങ്ങുക. അങ്ങനെയാകുമ്പോൾ പ്രകൃതിക്കും മറ്റുള്ളവർക്കും ഹാനികരമല്ലാത്ത ഉൽപന്നങ്ങളേ വാങ്ങൂ.

ADVERTISEMENT

പരിസ്ഥിതി സൗഹാർദമായ രീതിയിൽ നിർമിച്ചതും പുനരുപയോഗിക്കാവുന്നതും മണ്ണിൽ ലയിച്ചു ചേരുന്നതുമായ ഉൽപന്നങ്ങളുടെ ശ്രദ്ധാപൂർവമായ തിരഞ്ഞെടുപ്പാണ് കോൺഷ്യസ് ലിവിങ്.

പടിപടിയായി ശീലിക്കാം

ഒരുപാട് സാധനങ്ങൾ വാങ്ങുന്നതിനു പകരം   ഈടും ഗുണനിലവാരമുള്ളതും പുനരുപയോഗിക്കാവുന്നതുമായ സാധനങ്ങൾ  വാങ്ങുന്നതിലൂടെ ആർക്കും ‘കോൺഷ്യസ് ലിവിങ്’ ശീലിച്ചു തുടങ്ങാം. ചെറിയ മാറ്റങ്ങളിലൂടെ തുടങ്ങുകയാണ് പ്രായോഗികമാർഗം. അത് ഒരു ശീലമാകുന്നതോടെ ട്രാക്കിലായിത്തുടങ്ങും.

∙വീട്ടിൽ സാധനങ്ങളുടെ എണ്ണം കൂടുന്നത് സ്ഥലവും സ മയവും അപഹരിക്കും. അത്യാവശ്യമുള്ള കുറച്ചു സാധനങ്ങൾ മാത്രമാകുമ്പോൾ പലവഴിയിൽ സന്തോഷമെത്തും. ഒരുപാടു സാധനങ്ങൾ ഉപയോഗിച്ചു ശീലിച്ചവർ കുറച്ചു സാധനങ്ങൾകൊണ്ടു ജീവിക്കാൻ പരിശീലിക്കുകയാണ് ആദ്യ പടി.

∙അടുക്കളയിലും മറ്റും സാധനങ്ങൾ സൂക്ഷിക്കാൻ കുറേ പ്ലാസ്റ്റിക് കണ്ടെയ്നറുകളും ബോക്സുകളും വാങ്ങുന്നതിനു പകരം മെറ്റൽ കണ്ടെയ്നറുകളും ചില്ലു പാത്രങ്ങളുംഉപയോഗിക്കാം.   

∙സേ‌ാഫ്ട് ഫർണിഷിങ്ങിനുപയോഗിക്കുന്ന തുണി, വ സ്ത്രങ്ങൾ എന്നിവയൊക്കെ കൃത്രിമ നിറങ്ങൾ ചേർത്ത് നിർമിച്ചതാണെങ്കിൽ വേണ്ടന്നു വയ്ക്കാം. നാചുറൽ ഡൈ ഉപയോഗിച്ചു നിറം നൽകിയവ തിരഞ്ഞെടുക്കാം.  ഇവയൊക്കെ പരസ്പരം കൈമാറുന്നതിനായി അടുത്ത സൃഹൃത്തുക്കൾ ഉൾപ്പെടുന്ന ഒരു ‘സ്വാപ്പിങ് ഗ്രൂപ്പ്’ (Swapping Group) ഉണ്ടാക്കാവുന്നതാണ്.

‌∙വീര്യം കൂടിയ ഡിറ്റർജന്റ്, സോപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കുകയാണ് പിന്തുടരാവുന്ന മറ്റൊരു മാർ‍ഗം. പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത ഡിറ്റർജന്റും സോപ്പുമൊക്കെ ഇപ്പോൾ കടകളിൽ ലഭ്യമാണ്. ഇവ മണ്ണും ജലസ്രോതസ്സുകളും മലിനമാക്കില്ല.

∙ഷോപ്പിങ്ങിനു  പോകുമ്പോൾ  തുണി സഞ്ചിയോ  ബാ ഗോ  കരുതണം. അടുത്ത ഘട്ടമായി ടൂത്ത് ബ്രഷ് പോലുള്ള നിത്യോപയോഗ സാധനങ്ങളിൽ നിന്നു പ്ലാസ്റ്റിക്കിനെ പുറത്താക്കണം.  പകരം തടിയുടെയോ മുളയുടെയോ ടൂത്ത് ബ്രഷ് ഉപയോഗിക്കാം.

∙സമ്മാനം പൊതിയാൻ പ്ലാസ്റ്റിക് പേപ്പർ ഒഴിവാക്കുന്നത് കോൺഷ്യസ് ലിവിങ്ങിന്റെ ആദ്യപടിയാണെങ്കിൽ തനിയെ നിർമിച്ച വസ്തുക്കളും വൃക്ഷത്തൈകളുമൊക്കെ സമ്മാനമായി നൽകുന്നത് അടുത്തഘട്ടമാണ്.

അടുക്കളയോടു ചേർന്നു ജൈവപച്ചക്കറിത്തോട്ടം ഒരുക്കിയും വീട്ടിൽ ഒാരോരുത്തരും ഒാരോ വാഹനങ്ങൾ ഉപയോഗിക്കുന്നതിനു പകരം  പൊതുഗതാഗത സംവിധാനംപ്രയോജനപ്പെടുത്തിയുമെല്ലാം  നമുക്ക് ഈ ജീവിതശൈലിയോടു ചേർന്നു നിൽക്കാം.

എല്ലാത്തിനും കണക്ക് വേണം

കോൺഷ്യസ് ലിവിങ്ങിന്റെ കാര്യത്തിൽ ശരിയായ മാർഗം, തെറ്റായ മാർഗം എന്ന വേർതിരിവില്ല. അവരവരുടെ സാഹചര്യങ്ങളിലും പരിമിതികളിലും നിന്നുകൊണ്ട് ‘പ്രകൃതിയെ പരമാവധി കരുതുക’ എന്നത് മാത്രമാണ് പ്രധാനം.

ഉൽപന്നങ്ങളെപ്പറ്റി മനസ്സിലാക്കുന്നതിനൊപ്പം നമ്മൾ ഉപയോഗിക്കുന്നതിന്റെയും ഉപേക്ഷിക്കുന്നതിന്റെയും കണക്ക് സൂക്ഷിക്കാൻ ശീലിക്കണം. വെള്ളം, വൈദ്യുതി മുതല്‍ ഭക്ഷണ വിഭവങ്ങൾ വരെ എല്ലാത്തിന്റെയും  കണക്ക് തയാറാക്കണം.  ഒരാഴ്ച, ഒരു മാസം, ഒരു വർഷം  എത്ര പ്ലാസ്റ്റിക് കവർ ഉപേക്ഷിച്ചു, എത്ര ഭക്ഷണം പാഴാക്കി... ഇങ്ങനെ ഓരോന്നിന്റെയും കണക്കു കണ്ടുപിടിക്കുമ്പോഴാണു  തിരിച്ചറിവുകൾ  ഉണ്ടാകുക. കരുതലോടെ ജീവിക്കേണ്ടതിന്റെ പ്രാധാന്യം അപ്പോൾ ബോധ്യമാകും.

Buy Thoughtfully: Be a Conscious Consumer:

Conscious living is a lifestyle embraced by the new generation, emphasizing thoughtful choices and a reduced environmental footprint. This approach prioritizes contentment and peace over excessive consumption, focusing on sustainability and mindful practices in daily life.

ADVERTISEMENT