Saturday 13 October 2018 04:39 PM IST : By സ്വന്തം ലേഖകൻ

ഭീമാകാരൻ ഗെയ്റ്റുകൾക്ക് ഗുഡ് ബൈ ; കാണാം, കാലത്തിനിണങ്ങിയ 10 ഗെയ്റ്റ് ഡിസൈനുകൾ

gate-1

അലങ്കാരപ്പണി നിറഞ്ഞ ഭീമാകാരൻ ഗെയ്റ്റുകൾക്കു വിട. കാഴ്ചയ്ക്കു ലളിതമായ ഗെയ്റ്റുകളാണ് ഇപ്പോൾ എവിടെയും. വീടിന്റെ ശൈലി ഏതായാലും ഇതിനു മാറ്റമൊന്നുമില്ല. ദീർഘചതുരാകൃതിയിലുള്ള ഗെയ്റ്റുകളാണ് കൂടുതലും.

കാറ്റും വെളിച്ചവും കയറാൻ പാകത്തിലും വീട് ദൃശ്യമാകുന്ന വിധത്തിലും കുറച്ചുഭാഗമെങ്കിലും ഓപൻ ആയാണ് പുതിയകാല ഗെയ്റ്റുകളുടെ ഡിസൈൻ. മതിലിനും ഗെയ്റ്റിനും അധികം ഉയരവുമില്ല. പണ്ട് ഇരുമ്പ് ആയിരുന്നു പ്രധാന നിർമാണ സാമഗ്രിയെങ്കിൽ ഇപ്പോൾ ന്യൂജെൻ മെറ്റീരിയലുകളുെട കടന്നുകയറ്റമായി.

gate-2

അകത്തും പുറത്തും ഇല ഡിസൈൻ

ഇല ഡിസൈനാണ് വീടിന്റെ തീം. അതിനാൽ ഗെയ്റ്റ് മുതൽ ഇന്റീരിയർ വരെ ഇത് പിന്തുടർന്നിട്ടുണ്ട്. നാല് മീറ്റർ വീതിയിൽ വാഹനങ്ങൾക്ക് പ്രവേശിക്കാനുള്ള പ്രധാന ഗെയ്റ്റും 1.2 മീറ്റർ വീതിയിൽ വിക്കറ്റ് ഗെയ്റ്റുമുണ്ട്. ജിെഎ സെക്‌ഷനും ഹൈപ്രഷർ ലാമിനേറ്റഡ് ഷീറ്റും ഉപയോഗിച്ചാണ് ഗെയ്റ്റ് പണിതിട്ടുള്ളത്.

കടപ്പാട്: സി.പി. മുഹമ്മദ് അനീസ്, ലാമ ഡിസൈനേഴ്സ് ആൻഡ്

ഡവലപ്പേഴ്സ്, കോഴിക്കോട്

കന്റെംപ്രറി ഭംഗിയിൽ പിവിസി ലാറ്റിസ്

പരിമിതമായ സ്ഥലത്ത് രണ്ട് കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം നൽകേണ്ടതിനാൽ ഗെയ്റ്റ് മുഴുവനായി തുറക്കണം. സ്ലൈഡിങ് ഗെയ്റ്റ് പറ്റുകയുമില്ല. അങ്ങനെയാണ് ‘ട്രിപ്പിൾ ഹിൻജ്ഡ് ഗെയ്റ്റ്’ (ഒരു ഗെയ്റ്റിലേക്ക് മറ്റൊന്ന് പിടിപ്പിച്ചത്) നൽകിയത്. ഫ്രെയിമിന് മൈൽഡ് സ്റ്റീൽ സെക്‌ഷനാണ്. വീടിന്റെ ശൈലിക്കിണങ്ങുന്ന കന്റെംപ്രറി ലുക്കിനായി എംഎസ് ഷീറ്റിനു മുകളിൽ പിവിസി ലാറ്റിസ് നൽകി. ഉള്ളിലേക്കുള്ള കാഴ്ച തടയാനാണ് സ്റ്റീലിനെ കൂട്ടുപിടിച്ചത്.

കടപ്പാട്: കെ.വി. ബാസിം മുഹമ്മദ്, സ്റ്റുഡിയോ ആർക്, കോഴിക്കോട്

gate-3

തേക്കിന്റെ തനിമ

പോളിഷ് ചെയ്ത തേക്കും ജിെഎ ഷീറ്റും കൊണ്ടാണ് റിമോട്ട് ഉപയോഗിച്ച് തുറക്കാവുന്ന ഈ ഗെയ്റ്റ് പണിതത്. ജിെഎ ഷീറ്റിനു മുകളിൽ ഓട്ടമോട്ടീവ് പെയിന്റ് സ്പ്രേ ചെയ്തു. ഇടയ്ക്ക് സ്റ്റിക്കർ ഒട്ടിച്ച ഗ്ലാസും നൽകിയിട്ടുണ്ട്.

കടപ്പാട്: വിനീഷ് വിദ്യാധരൻ, എൻജിനീയർ, വിനീഷ് ആൻഡ്

അസോഷ്യേറ്റ്സ്, കോഴിക്കോട്

gate-9

കുറഞ്ഞ ചെലവിൽ

ജിെഎ ബോക്സ് സെക്‌ഷൻ കൊണ്ടുള്ള ഗെയ്റ്റാണിത്. കുറഞ്ഞ ചെലവിൽ ഒരു ദിവസം കൊണ്ടു പണിത ഈ ഗെയ്റ്റിന് ഭാരവും കുറവാണ്. ഗേജ് കുറഞ്ഞ ജിെഎ ഉപയോഗിച്ചതുകൊണ്ട് ഭാരം കുറയ്ക്കാനായി. സ്ലൈഡ് ചെയ്യാനും മടക്കാനും (ഫോൾഡ്) സാധിക്കും.

കടപ്പാട്: സി.എം. രാഗേഷ്, കൺസേണ്‍ ആർക്കിടെക്ചറൽ

കൺസൽറ്റന്റ്സ്, കോഴിക്കോട്

gate-4

വീടിനോടിണങ്ങി

എംഎസ് ഷീറ്റ്കൊണ്ട് നിർമിച്ച ഈ ഗെയ്റ്റിന് ലളിതമായ ഡിസൈനാണ്. ഷീറ്റിൽ പ്രൊജക്‌ഷനുകൾ നൽകിയാണ് ഗെയ്റ്റിലെ കറുത്ത ചതുര ഡിസൈനുകൾ സൃഷ്ടിച്ചത്. വീടിന്റെ എക്സ്റ്റീരിയറിൽ ഉള്ള ചതുര ഡിസൈനുകളോട് ഇണങ്ങുന്നു ഇത്. എക്സ്റ്റീരിയറിന്റെ നിറക്കൂട്ടായ കറുപ്പും വെളുപ്പും ഗെയ്റ്റിലും പിന്തുടർന്നു. ഒരു ഭാഗം സ്ലൈഡിങ്ങും ഒരു ഭാഗം തുറക്കുകയും ചെയ്യാം.

കടപ്പാട്: സന്ദീപ് കൊല്ലാർക്കണ്ടി, ഒവേര,

കോഴിക്കോട്

gate-7

കൈപ്പിടിയായി ലൂവർ

എംഎസ് ഫ്രെയിമിനു മുകളിൽ ഹൈ പ്രഷർ ലാമിനേറ്റ് പിടിപ്പിച്ചു. മുക്കാൽ ഇഞ്ചിന്റെ എംഎസ് സ്ക്വയർ പൈപ്പ് കൊണ്ട് ലൂവറുകൾ നൽകി. കൈപ്പിടിയായി ഉപയോഗിക്കാം, ഒപ്പം ഭംഗിയും ലഭിക്കും. അങ്ങനെ രണ്ട് ഉദ്ദേശ്യത്തിലാണ് ലൂവറുകൾ നൽകിയത്.

കടപ്പാട്: ജിൻഷോ കുരിശുംമൂട്ടിൽ, വി ഡെക്കർ,

കോഴിക്കോട്

gate-5

ചതുരമാണ് താരം

വീടിന്റെ മുൻഭിത്തിയിലുള്ള ചതുര ഡിസൈനിനെ ഗെയ്റ്റിലും കൊണ്ടുവന്നു. ജിെഎ കൊണ്ടാണ് ഫ്രെയിമും ഗെയ്റ്റും. ജിെഎ ഷീറ്റ് മുറിച്ച് ചതുരങ്ങളുണ്ടാക്കി. പുട്ടി ഇട്ട് പെയിന്റും അടിച്ചപ്പോൾ ഗെയ്റ്റ് റെഡി.

കടപ്പാട്: ആർക്കിടെക്ട് വിനയ് മോഹൻ, വിഎം ആർക്കിടെക്ട്സ്,

കോഴിക്കോട്

gate-8

മുകളിൽ പർഗോള

ജിെഎ ഷീറ്റ്കൊണ്ടുള്ള ഫ്രെയിമിനുള്ളിൽ തേക്കിന്റെ പാളികൾ പിടിപ്പിച്ചു. അതിനിരുവശവുമായി ഫ്രോസ്റ്റഡ് ഗ്ലാസ് നൽകി. തേക്കിനു നടുവിൽ മൾട്ടിവുഡിൽ സിഎൻസി കട്ടിങ് ചെയ്ത് ജാളി വർക്കും നൽകിയിട്ടുണ്ട്. ഗെയ്റ്റിനു മുകളിൽ എംഎസ് ഫ്രെയിമിൽ ഗ്ലാസ് ഇട്ട് പർഗോളയും കൊടുത്തു.

കടപ്പാട്: ഇ. നജീബ്, ഓറോ ഡിസൈൻ സ്റ്റുഡിയോ, മലപ്പുറം

gate-6

സ്ലൈഡിങ് ഗെയ്റ്റ്

റിമോട്ട് ഉപയോഗിച്ചു പ്രവർത്തിപ്പിക്കാവുന്ന സ്ലൈഡിങ് ഗെയ്റ്റ്. ജിെഎ ഷീറ്റ് കൊണ്ടാണ് ഗെയ്റ്റ് പണിതിട്ടുള്ളത്. ഇടയിൽ മിൽക്കി ഗ്ലാസ്സും നൽകിയിട്ടുണ്ട്. വീടിന്റെ എക്സ്റ്റീരിയറുമായി ചേർന്നുപോകുന്ന ഇളം ചാരനിറമാണ് ഗെയ്റ്റിനു നൽകിയത്. ■

കടപ്പാട്: വി.എം. ഷഫീക്ക് അലി, വിഎം ബിൽഡേഴ്സ്, മഞ്ചേരി

gate-10