Thursday 07 March 2019 04:13 PM IST : By സ്വന്തം ലേഖകൻ

ആറര ലക്ഷം ചെലവിൽ 18 ദിവസം കൊണ്ട് പണിതീർത്ത സ്വർഗം; സുധീറിന്റെ സ്വപ്നസാക്ഷാത്കാരത്തിന്റെ കഥ

s

ഇത് ഒരു വീട് സാക്ഷാത്കരിച്ച രണ്ട് തരം സ്വപ്നങ്ങളുടെ കഥയാണ്. അപ്രതീക്ഷിതമായി വന്നു പതിച്ച പ്രളയത്തോടെയാണ് കഥ തുടങ്ങുന്നത്.

സ്വപ്നം: ഒന്ന്

എറണാകുളം പറവൂര്‍ സ്വദേശി സുധീറിന് ഈ പ്രളയം വെള്ളം ഉയർന്നു പൊങ്ങിയതു മാത്രമായിരുന്നില്ല. ആശാരിപ്പണിക്കാരനായിരുന്ന സുധീറിന് നേരത്തെ ഒരു ഭാഗം തളരുകയും ജോലിയെടുക്കാൻ പറ്റാതാവുകയും ചെയ്തിരുന്നു. മൂത്ത മകൻ ജിഷ്ണു പോളിയോ ബാധിച്ച് വീൽചെയറിലാണ്. ഭാര്യയും രോഗി തന്നെ. ഇങ്ങനെ ജീവിതത്തോടു യുദ്ധം ചെയ്യുന്ന സുധീറിന്റെ വീടും പ്രളയം വിഴുങ്ങി. ജീവിതം അങ്ങനെയാണ്, സുധീറിനും കുടുംബത്തിനും വീട് ഒരു സ്വപ്നമായി മാറിയത്. വിറങ്ങലിച്ചു നിന്ന സുധീറിനും കുടുംബത്തിനും പ്രതീക്ഷയുടെ തിരിനാളവുമായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സ്പേസ് ലോജിക്സ്’ രംഗത്ത് വരുന്നു. മുൻപുണ്ടായിരുന്ന വീടിന്റെ സ്ഥാനത്ത് മനോഹരമായൊരു വീട് അവർ നിർമിച്ചു നൽകി. 18 ദിവസത്തിനകം വീടുപണി പൂർത്തീകരിച്ച് സുധീറിന് താക്കോൽ കൈമാറി. അങ്ങനെ ആദ്യത്തെസ്വപ്നം യാഥാർഥ്യമാവുന്നു.

s3

സ്വപ്നം: രണ്ട്

എൻജിനീയർമാരായ സുബിന്‍ തോമസും ജോഷിയും നിർമാണ മേഖലയിൽ വർഷങ്ങളായി ജോലി നോക്കുന്നവരാണ്. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ഗവേഷണത്തിലായിരുന്നു ഇരുവരും. വീടു നിർമാണത്തിൽ ചെലവു കുറഞ്ഞതും വേഗത്തിൽ പ ണിയാവുന്നതുമായ വസ്തുക്കൾ ഉൽപാദിപ്പിച്ചെടുക്കണമെന്ന ചിന്ത ചെന്നെത്തിയത് ഭിത്തി നിർമാണത്തിന് ഉപയോഗിക്കുന്ന ലൈറ്റ് വെയ്റ്റ് കോൺക്രീറ്റ് പാനലുകളിൽ. ഫാക്ടറികളിൽ നിന്ന് പുറന്തള്ളുന്ന ഫ്ളൈ ആഷ്, സിമന്റ്, പ്ലാസ്റ്റിക്, തെർമോക്കോൾ, ചകിരി എന്നിവ ഉപയോഗിച്ച് പാനലുകൾ സ്വന്തംയൂണിറ്റിൽ നിർമിച്ചെടുത്തു. സെല്ലുലാർ ലൈറ്റ് വെയ്റ്റ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൂർണമായും കേരളത്തിൽ തന്നെ പാനലുകൾ നിർമിച്ചു വിപണിയിലിറക്കി. പ്രളയദുരിതം തീർത്ത സുധീറിനു കൈത്താങ്ങാവാൻ ഇവർ രംഗത്ത് വന്നു. ഈ പാനലുകള്‍ കൊണ്ടാണ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ 504 ചതുരശ്രയടിയുള്ള മനോഹരമായ സ്വപ്നത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.

s4

ജിഷ്ണുവിന് സർപ്രൈസ്്

സുധീറിന്റെ മൂത്ത മകനാണ് ജിഷ്ണു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ പോളിയോ ബാധിച്ചു. പിന്നീടങ്ങോട്ട് വീൽചെയറിലായിരുന്നു ജീവിതം. വീട്ടിലിരുന്നു പഠിച്ചു പരീക്ഷയഴുതിയ ജിഷ്ണു ഇന്ന് പന്ത്രണ്ടാം ക്ലാസിലാണ്. ആകെയുണ്ടായിരുന്ന വീ ട് പ്രളയം കവർന്നെടുത്തതോടെ ജിഷ്ണുവിന്റെ ഉ ള്ളിലെ നീറ്റലിന് പ്രളയത്തേക്കാളേറെ ശക്തിയായി. വീടുപണി കഴിഞ്ഞപ്പോൾ ഏറ്റവും സന്തോഷിച്ചതും ജിഷ്ണു തന്നെ. ‘‘ചില വിസ്മയങ്ങൾ‌ ദൈവം ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും,’’ ചിരിച്ചുകൊണ്ടു പറയുമ്പോഴും അവന്റെ കണ്ണു നിറഞ്ഞിരുന്നു. ■

s4

Project Facts
Area: 504 sqft

Engineer: സുബിൻ തോമസ്, സി. സി. ജോഷി
സ്പേസ് ലോജിക്സ് എറണാകുളം
spacelogicschn@gmail.com

Location: പറവൂർ, എറണാകുളം

Year of completion: ഒക്ടോബർ 2018