Monday 25 November 2019 06:04 PM IST : By സുനിത നായർ

കാശ് പൊടിച്ച് ആഡംബരം കാട്ടിയില്ല, ആഗ്രഹിച്ച മാതിരി വീടൊരുക്കി; ജോജുവിന്റേയും അബ്ബയുടേയും സ്വപ്നഭവനം

joju

ഞായറാഴ്ചകളിൽ ടിവിയിൽ രാമായണവും മഹാഭാരതവും പ്രദർശിപ്പിച്ചിരുന്ന കാലം. ടിവി കാണാൻ അയൽവക്കത്തെ വലിയ വീട്ടിൽ പാടവരമ്പിൽ കൂടി എല്ലാവരെക്കാൾ മുന്നേ ഓടിയെത്തിയിരുന്ന ഒരു കുട്ടിയുണ്ട്. വലുതായപ്പോൾ ആ കുട്ടിയുടെ സ്വപ്നം ചെറിയ സ്ക്രീനിൽനിന്നും വലിയ സ്ക്രീനിലേക്കു വളർന്നു. ഒരു നടനാവുക എന്ന സ്വപ്നത്തിനു പിന്നാലെ പായുമ്പോൾ തന്നേക്കാൾ ചെറിയ പയ്യൻമാർ നാട്ടിൽ വീടുപണിതുയർത്തുന്നതു കണ്ടില്ലെന്നു നടിച്ചു. ജോസഫ് ജോർജ് എന്ന ആ കുട്ടിയെ ജോജു മാള എന്ന പേരിലാണ് നമ്മൾ അറിയുക.

joju-2

ആശിച്ചതിലുമുപരിയായി നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജോജു. സിനിമയിൽ നടൻ, നിർമാതാവ് എന്ന നിലയിൽ മേൽവിലാസമുണ്ടാക്കി. പാടത്തോടു ചേർന്ന് ഒരു വീട് എന്ന ആഗ്രഹവും സഫലമായി. അതും പണ്ട് ടിവി കാണാൻ പോയിരുന്ന ആ വീടിനടുത്തുതന്നെ.

joju-5

3700 ചതുരശ്രയടിയുള്ള വീടിനെ ചെലവു നിയന്ത്രിച്ചു വച്ച വീട് എന്നു വിശേഷിപ്പിക്കാനാണ് ജോജുവിനിഷ്ടം. നിർമാണസാമഗ്രികളെല്ലാം ജോജു നേരിട്ടാണ് വാങ്ങിയത്. ടൈൽ, കമ്പനിയിൽനിന്ന് നേരിട്ടു വാങ്ങിയതിനാൽ ലാഭം കിട്ടി. ജോജുവിന്റെ വീടിനൊപ്പമാണ് സുഹൃത്തും സംവിധായകനുമായ മാർട്ടിൻ പ്രക്കാട്ടിന്റെയും വീടുപണി നടന്നത്. കട്ടിൽ, വാഡ്രോബ് തുടങ്ങിയ ഫർണിച്ചറും സാനിറ്ററി ഫിറ്റിങ്സും രണ്ടുപേരും കൂടി ചൈനയിൽ പോയി ലാഭത്തിൽ വാങ്ങി.

joju-3

വാതിലിനും ജനലുകൾക്കും ഗോവണിക്കും ചെറുതേക്കാണ് ഉപയോഗിച്ചത്. മറ്റു തടിപ്പണിക്ക് പാൽക്കയനിയുടെ തടി ഉപയോഗിച്ചു. അമ്പലങ്ങൾ പണിയാൻ ഉപയോഗിച്ചിരുന്ന തടിയാണ് പാൽക്കയനി. ഇപ്പോൾ ഇതേക്കുറിച്ച് അധികമാർക്കും അറിയില്ല. കുറഞ്ഞ ചെലവിൽ നല്ല തടിയെന്നതാണ് പാൽക്കയനിയുടെ മെച്ചം. വെള്ളനിറമാണ് വീടിന്. ഇരട്ടകളായ ഇയാന്റെയും സാറയുടെയും അനിയൻ ഇവാന്റെയും കുട്ടിക്കുറുമ്പുകളുടെ അടയാളങ്ങളിൽനിന്ന് വീടിനെ രക്ഷിച്ചെടുക്കുക എന്നതാണ് ജോജുവും ഭാര്യ അബ്ബയും നേരിടുന്ന വെല്ലുവിളി.

joju-3