Saturday 21 November 2020 06:22 PM IST : By സ്വന്തം ലേഖകൻ

റോഡിൽ നിന്ന് കാണുമ്പോൾ തന്നെ കണ്ണിൽ പതിയുന്ന രൂപഭംഗി, മിനിമലിസ്റ്റിക് ശൈലിയിൽ ഇന്റീരിയർ, തലയെടുപ്പുള്ള വീട്

salah 1

ഒറ്റനോട്ടത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്ന തലയെടുപ്പാണ് ആലുവ അടുവാശ്ശേരിയിലെ അൻസാറിന്റെ വീടിന്റെ സവിശേഷത. കാന്റിലിവറിൽ പണിതിരിക്കുന്ന ബോക്സ് സ്ട്രക്ചറും പ്രത്യേക ആകൃതിയിലുള്ള മേൽക്കൂരയുമാണ് വീടിനു തലയെടുപ്പ് നൽകുന്ന മുഖ്യ ഘടകങ്ങൾ. മെയിൻ റോഡിൽ നിന്ന് അൽപം മാറി ഇടവഴിയിലാണ് വീട്. മെയിൻ റോഡിൽ നിന്നു തന്നെ കണ്ണിൽപ്പെടാനായാണ് ഇത്തരത്തിലുള്ള രൂപം വീടിനു നൽകിയത്.

salah4

രണ്ടാം നിലയുടെ മുകളിൽ ട്രസ്സ് റൂഫ് നൽകി അതിൽ സെറാമിക് ഓട് പാകിയാണ് മേൽക്കൂര തയാറാക്കിയത്. അതു കാരണം വീടിന് നല്ല വലുപ്പം തോന്നിക്കുന്നുണ്ട്.നിരപ്പായ, ചതുരാകൃതിയിലുള്ള 12 സെന്റിലാണ് വീട്. നാല് കിടപ്പുമുറികൾ വേണം എന്നതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. ഓരോ നിലയിലും ഈരണ്ടു കിടപ്പുമുറിയും ആവശ്യത്തിനു സ്ഥലസൗകര്യമുള്ള പൊതുഇടങ്ങളും സമന്വയിപ്പിച്ചാണ് ആർക്കിടെക്ട് സലാഹ്ഷാ വീടു രൂപകൽപന ചെയ്തത്. 2950 ചതുരശ്രയടിയാണ് വീടിന്റെ വിസ്തീർണം.

salah6

സിറ്റ്ഔട്ട്, സ്വീകരണമുറി, ഫാമിലി ലിവിങ്, ഡൈനിങ് സ്പേസ്, അടുക്കള, വർക്ഏരിയ, രണ്ട് കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിൽ ഉള്ളത്. രണ്ട് കിടപ്പുമുറി, ഫാമിലി ലിവിങ്, ബാൽക്കണി, ഓപൻ ടെറസ്സ് എന്നിവ മുകൾ നിലയിൽ വരുന്നു. കുട്ടികളുടെ മുറിയിൽ മെസനിൻ ഫ്ലോർ ക്രമീകരിച്ച് ഇവിടെ സ്റ്റഡി ഏരിയ ഒരുക്കിയിട്ടുണ്ട്.

salah5

പച്ചപ്പ് നിറഞ്ഞ ചുറ്റുപാടിനു നടുവിലാണ് വീടിരിക്കുന്ന പ്ലോട്ട്. ഈ കാഴ്ചകൾ കാണാനും തണുത്ത കാറ്റ് വീടിനുള്ളിൽ എത്താനുമായി വലിയ ഓപനിങ്ങുകളും വെന്റിലേഷനുകളും കൃത്യമായി നൽകിയാണ് വീടൊരുക്കിയത്. ഇതുകൂടാതെ, ഫോർമൽ ലിവിങ്ങിനും ഡൈനിങ് സ്പേസിനും അടുത്തായി ഓരോ കോർട്‌യാർഡ് വീതം നൽകിയിട്ടുമുണ്ട്. ഇവിടെയുള്ള ചെടികളും മരങ്ങളും.

salah3

ഡബിൾ ഹൈറ്റിലാണ് താഴത്തെ നിലയിലെ പൊതു ഇടങ്ങൾ മിക്കതും.വായൂസഞ്ചാരം ഉറപ്പാക്കാനും അതുവഴി ചൂട് കുറയ്ക്കാനും ഈ ക്രമീകരണം സഹായിക്കുന്നു. ഒപ്പം വീടിന് കൂടുതൽ വലുപ്പം തോന്നിപ്പിക്കുകയും ചെയ്യുന്നു.

salah2

മിനിമലിസ്റ്റിക് ശൈലിയിലാണ് ഇന്റീരിയർ. കണ്ണിൽക്കുത്തുന്ന നിറങ്ങളും അലങ്കാരങ്ങളുടെ ധാരാളിത്തവും എങ്ങുമില്ല. അധികം തിളക്കമില്ലാത്ത റോ ഫിനിഷിലാണ് ഫർണിച്ചറും തടി കൊണ്ടുള്ള സീലിങ്ങുമെല്ലാം ഒരുക്കിയത്. മാറ്റ് ഫിനിഷ് ടൈലാണ് തറയിലെല്ലാം. സ്റ്റെയർകെയ്സിന്റെ തടിയും റോ ഫിനിഷിൽ തന്നെയാണ്. സ്റ്റീലിൽ തടി പൊതിഞ്ഞാണ് ഇതു നിർമിച്ചത്. ഓപൻ രീതിയിലാണ് പ്രധാന അടുക്കള. ഇവിടെ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഒരുക്കിയിട്ടുണ്ട്.

salah7

കടപ്പാട്– സലാഹ്ഷാ

സീഡ് സൊലൂഷൻസ്, കൊച്ചി

ar.salahshah@gnail.com

Tags:
  • Vanitha Veedu