Thursday 17 December 2020 04:50 PM IST

ലക്ഷ്വറി ഫീൽ നൽകുന്ന അകത്തളം, പച്ചപുതച്ച മുറ്റവും ഇരിപ്പിടവും, മറുനാടൻ സ്റ്റെയിലില്‍ നാട്ടിലെ വീട്

Sona Thampi

Senior Editorial Coordinator

jose4

ഇരിങ്ങാലക്കുട സ്വദേശി ബിജു, തറവാട് വീടിരുന്ന 33 സെന്റിൽ പുതിയ വീട് പണിയാനൊരുങ്ങിയപ്പോൾ നാട്ടിലെ നിരവധി വീടുകൾ പോയിക്കണ്ടു. അതിൽ ഒരു വീടിൽ മനസ്സുടക്കി. അതിന്റെ ആർക്കിടെക്ട് എം.എം.ജോസിന്റെ കൈയിൽ തന്റെ സ്വപ്നം ഏൽപിച്ചു. അതുപോലൊരു വീടാണ് ഉദ്ദേശിച്ചതെങ്കിലും ബിജുവിന്റെ പ്ലോട്ടിനും ആവശ്യങ്ങൾക്കും ഇണങ്ങിയ തരത്തിൽ ആർക്കിടെക്ട് ജോസ് ഒരു വീടൊരുക്കി നൽകി

jose5

രണ്ടു തട്ടായിട്ടാണ് പ്ലോട്ട്. മുൻവശത്തെ റോഡിൽ നിന്നു കയറുന്ന തട്ടിലാണ് വീട്. അമേരിക്കൻ രീതിയിൽ പ്രാധാന്യം കൂടുതലുള്ള ബാക്‌യാർഡ് ആകട്ടെ, അവിടെ നിന്ന് 10 അടിയോളം താഴ്ചയിലും. പിറകിലും ട്രാഫിക് കുറവുള്ള വഴിയുള്ളതിനാൽ അവിടെനിന്നും വീട്ടിലേക്കു കയറാം.

jose 1

10 മക്കളുള്ള കുടുംബമായതിനാൽ ഒത്തുകൂടുമ്പോൾ കുടുംബാംഗങ്ങൾക്ക് പ്രാർഥനയ്ക്കും ഒത്തുചേരലിനുമുള്ള സ്ഥലം ലഭ്യമാകണം എന്നത് ബിജുവിന്റെ നിഷ്കർഷകളിൽ പ്രധാനപ്പെട്ടത്. അതു മനസ്സിൽ കണ്ടാണ് ആർക്കിടെക്ട് ഡിസൈൻ ചെയ്തതും. രണ്ടു നില വീട് ആണെങ്കിലും എല്ലാ ഇടങ്ങളും പരസ്പരം ഇണങ്ങിക്കിടക്കുന്നു എന്നതാണ് വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. മധ്യത്തിലുള്ള ഡബിൾഹൈറ്റ് കോർട്‌യാർഡ് ആണ് എല്ലാ ഇടങ്ങളെയും കൂട്ടിനിർത്തുന്ന ഘടകം. കോർട്‌യാർഡിനു മുകളിലെ പർഗോളയിലൂടെ ധാരാളം വെളിച്ചം വീടിനകത്തെത്തുന്നു. പച്ച നിറത്തിലുള്ള ഗ്ലാസ്സിലൂടെ വരുന്ന പച്ചവെളിച്ചം മുറിക്കകത്ത് വർണങ്ങൾ വാരിവിതറുന്നു. കോർട്‌യാർഡ് മാത്രം മറ്റ് ഇടങ്ങളേക്കാൾ അൽപം താഴ്ത്തി ചെയ്തു.

jose2

ഡൈനിങ്, ഫാമിലി ലിവിങ്, മുകളിലെ നില എന്നിവിടങ്ങളിൽ നിന്നെല്ലാം ഇങ്ങോട്ട് കണ്ണെത്തും. പ്രാർഥനായിടവും ഇതിനോടു ചേർന്നായതിനാൽ കുടുംബപ്രാർഥനകളിലും എല്ലാവർക്കും ചേർന്നിരിക്കാനാവും. താഴത്തെ നിലയും മുകളിെല നിലയും തമ്മിലും വേറിട്ടുനിൽക്കാതെ പരസ്പരം ഇണങ്ങിക്കിടക്കുന്നു. പോർച്ചും സിറ്റ്ഒൗട്ടും കടന്ന് വീടിനകത്തെ ഫോയറിലേക്കു കടക്കുമ്പോൾ തന്നെ പോസിറ്റീവ് ആയ ഒരുന്മേഷം ലഭിക്കും

jose3

ഫാമിലി ലിവിങ്ങിലൂടെ പുറത്തേക്കു കടന്നാൽ പുൽത്തകിടിയിൽ ക്രമീകരിച്ചിരിക്കുന്ന ഗസീബോയിലെത്താം. ഗസീബോ (ഇരിപ്പിടങ്ങളോടു കൂടിയ മണ്ഡപം) യുടെ ലെവലിൽ നിന്ന് ഏകദേശം 10 അടിയോളം താഴെയാണ് താഴത്തെ തട്ട്. ഭൂമി നികത്താതെ ഇട്ടതിനാൽ ഇത്രയും പൊക്കത്തിൽ റീട്ടെയ്നിങ് വോൾ കെട്ടിയാണ് ഇൗ തട്ട് സുരക്ഷിതമാക്കിയിരിക്കുന്നത്.

ഇവിടെയാണ് ബാക്‌യാർഡ്. ചുറ്റും പച്ചപ്പ്, റോഡിനപ്പുറത്ത് കുളവും പാടവും. കുടുംബത്തിലെ പ്രായമായവർക്കു പോലും ഫാമിലി ലിവിങ്ങിൽ നിന്ന് നടന്ന് ഗസീബോയിൽ വന്നിരിക്കാനാകും.

jose new

താഴെയുള്ള സെല്ലാർ ഏരിയയിലാണ് ഗൃഹനാഥനു വേണ്ടി ആർക്കിടെക്ട് ഹോം ഒാഫിസ് സെറ്റ് ചെയ്തിരിക്കുന്നത്. അത്യാവശ്യം ഒരു കുടുംബത്തിന് വീടിനകത്തേക്കു കടക്കാതെ രണ്ടോ മൂന്നോ ദിവസം ഇൗ ഹോം ഒാഫിസിൽ താമസിക്കാൻ പറ്റിയ സൗകര്യങ്ങളും നൽകിയിട്ടുണ്ട്.

പിറകുവശത്തെ റോഡിനപ്പുറമാണ് മുനിസിപ്പൽ കുളവും അതിനു താഴെയായി നെൽപ്പാടവും. കേരളത്തിന്റെ സൗന്ദര്യം കണ്ടാസ്വദിക്കാൻ ഇൗ ബാക്‌യാർഡിൽ ഇരുന്നാൽ മതി. പിറകുവശത്തോട് ചേർന്നു കിടക്കുന്ന രീതിയിലാണ് കുളവും പാടവും. ബ്രേക്ഫാസ്റ്റ് ഇരിപ്പിടങ്ങളിൽ ഇരിക്കുമ്പോൾ ഫ്രഞ്ച് വിൻഡോയിലൂടെ പുറത്തെ പച്ചപ്പ് ആവോളം കാണാം.

jose6

വോൾ ആർട്ടിന് പ്രത്യേകം പ്രാധാന്യം കൊടുത്താണ് ആർക്കിടെക്ട് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. മെറ്റലിലും തടിയിലും തീർത്ത ശിൽപങ്ങൾ ഡൈനിങ്ങിലും ഫാമിലി ലിവിങ്ങിലും മുകളിലെ നിലയിലുമെല്ലാം കാണാം.

അഞ്ചു കിടപ്പുമുറികളിൽ രണ്ടെണ്ണം താഴെയും മൂന്നെണ്ണം മുകളിലുമാണ്. കിടപ്പുമുറികളുടെ ജനാല തുറന്നാലും താഴത്തെ പച്ചപ്പും പ്രകൃതിസൗന്ദര്യവുമെല്ലാം കാണാൻ സാധിക്കും. ബാത്റൂമുകളിലൊന്നിൽ കുട്ടികൾക്കുവേണ്ടി ബാത്ടബ്ബ് ഒരുക്കി. വീട്ടിലെ ഫർണിച്ചറെല്ലാം പ്രത്യേകമായി ഡിസൈൻ ചെയ്താണ് പണിയിപ്പിച്ചെടുത്തത്.

കടപ്പാട്: എം എം ജോസ്

മൈൻഡ്സ്കേപ് ആർക്കിടെക്ട്സ്, പാലാ

mmjarch@gmail.com

Tags:
  • Vanitha Veedu