Saturday 03 July 2021 02:57 PM IST : By സ്വന്തം ലേഖകൻ

ശ്വസിക്കുന്ന വീട് കണ്ടോളൂ... ഇരുനിലകളിലായി 2973 ചതുരശ്രയടിയിൽ ‘സിത്താര’

kollam 1

വീടിന് ശ്വസിക്കാനാകണം. അപ്പോഴേ അതിനു ജീവനുണ്ടാകൂ... ഈ കാഴ്ചപ്പാടിൽ അണിയിച്ചൊരുക്കിയതാണ് കൊല്ലം കൊട്ടിയത്തിനടുത്ത് തഴുത്തലയിലുള്ള ‘സിത്താര’ എന്ന വീട്. ഇരുനിലകളിലായി 2973 ചതുരശ്രയടിയാണ് വീടിന്റെ വിസ്തീർണം. സാധാരണ വീടുകളുടേതു പോലെയുള്ള എലിവേഷൻ അല്ല സിത്താരയുടേത്. മൂന്നു കാരണങ്ങളാണ് ഇതിനു പിന്നിൽ. പ്ലോട്ടിൽ തന്നെയുണ്ടായിരുന്ന 40 വർഷത്തിലധികം പഴക്കമുള്ള കുടുംബവീട് നിലനിർത്തിക്കൊണ്ട്, അതിനു പിന്നിൽ വരുംവിധം പുതിയ വീട് പണിയാനായിരുന്നു വീട്ടുകാർക്ക് താൽപര്യം. പഴയ വീടിരിക്കുന്ന സ്ഥലം ഒഴിവാക്കിയാൽ പിന്നെ റോഡിനഭിമുഖമായി നാല് മീറ്ററോളം സ്ഥലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ പോർച്ചും സിറ്റ്ഔട്ടും വരുന്ന രീതിയിലാണ് വീടിന്റെ ഘടന.

kollam 2

വീടിന്റെ കന്നിമൂലയിലായി വരുന്ന കിണർ നിലനിർത്തണമെന്നതായിരുന്നു രണ്ടാമത്തെ കാരണം. പലരും എതിർപ്പു പറഞ്ഞെങ്കിലും കടുത്ത വരൾച്ചയിലും വറ്റാത്ത കിണർ മൂടുന്നതിനോട് വീട്ടുകാർക്ക് താൽപര്യമുണ്ടായിരുന്നില്ല. കിടപ്പുമുറിക്കു പിന്നിലായി ഡൈനിങ് സ്പേസിന്റെ വലതുവശത്ത് തെക്കുപടിഞ്ഞാറ് മൂലയിലുള്ള കിണർ നിലനിർത്തിയാണ് വീടിനു സ്ഥാനം കണ്ടത്.അത്ര സാധാരണമല്ലാത്തൊരു പ്രതിസന്ധിയായിരുന്നു മൂന്നാമത്തേത്. തഴുത്തല ഗണപതി ക്ഷേത്രത്തിനു നേരെ എതിർവശത്താണ് വീട്. മൈക്കിലൂടെയുള്ള ഉച്ചത്തിലുള്ള ശബ്ദം തടയുന്ന രീതിയിലാകണം ഡിസൈൻ എന്നത് വീട്ടുകാർ ആദ്യമേ സൂചിപ്പിച്ചിരുന്നു. അതനുസരിച്ച് ശബ്ദം ഉള്ളിലേക്കെത്തുന്നത് നിയന്ത്രിക്കും വിധമാണ് മുൻഭാഗത്തെ ചുമരുകളുടെയും മുറികളുടെയും വിന്യാസം.

kollam 3

സിറ്റ്ഔട്ടും സ്വീകരണമുറിയും പിന്നിട്ട് കിടപ്പുമുറികളിലും ഫാമിലി ലിവിങ്ങിലുമെത്തുമ്പോൾ പുറത്തെ ശബ്ദം ഒട്ടും അലോസരപ്പെടുത്തില്ല. ശബ്ദം നിയന്ത്രിക്കുന്ന അതേ വേളയിൽത്തന്നെ വീടിനുള്ളിൽ ആവശ്യത്തിന് കാറ്റും വെളിച്ചവും എത്തിക്കുകയും ചെയ്യണമെന്നതായിരുന്നു രൂപകൽപനയിലെ മുഖ്യ വെല്ലുവിളി. ഇരട്ടിപ്പൊക്കത്തിലുള്ള കോർട്‌യാർഡും വലിയ ഗ്ലാസ് ജനാലകളും ‘സ്ട്രിപ് വിൻഡോ’യും നൽകിയാണ് ഇതു സാധ്യമാക്കിയത്. സ്റ്റെയർകെയ്സിനോടു ചേർന്നുള്ള കോർട്‍‌യാർഡ്, ലിവിങ് – ഡൈനിങ് സ്പേസിനെ തമ്മിൽ കൂട്ടിയിണക്കുകയും ഒപ്പം വീടിനുള്ളിൽ ആവശ്യത്തിനു വെളിച്ചവും ശുദ്ധവായുവും എത്തിക്കുകയും ചെയ്യുന്നു. ഒരു വശം മുഴുവൻ ചുമര് ഒഴിവാക്കി പകരം ഗ്ലാസ് ജനാലകൾ വരുന്ന രീതിയിലാണ് കോർട്‌യാർഡിന്റെ ഡിസൈൻ. യുപിവിസി ഫ്രെയിമിൽ 10 എംഎം കനമുള്ള ടഫൻഡ് ഗ്ലാസ് പിടിപ്പിച്ചാണ് ഇതടക്കം വീട്ടിലെ മുഴുവൻ ഗ്ലാസ് ജനാലകളും തയാറാക്കിയത്.

kollam 4

തടികൊണ്ടുള്ള സാധാരണ ജനാലകളേക്കാൾ മികച്ച രീതിയിൽ ശബ്ദം നിയന്ത്രിക്കുമെന്നതാണ് പ്രത്യേകത. ജനാലകൾക്കു മാത്രമായി എട്ടു ലക്ഷം രൂപയോളം ചെലവു വന്നു. ആവശ്യം വരുമ്പോൾ തുറക്കാവുന്ന രീതിയിലാണ് കോർട്‌യാർഡിന്റെ ഗ്ലാസ് മേൽക്കൂര. കോർട്‌യാർഡിനുള്ളിലേക്ക് മഴ പെയ്യണമെന്നുള്ളപ്പോഴും മറ്റും മേൽക്കൂര നീക്കാം. വീടിനുള്ളിൽ പ്രസരിപ്പും ഊഷ്മളതയും നിറയ്ക്കാൻ സഹായിക്കുന്ന ചെടികളാണ് കോർട്‌യാർഡിലുള്ളത്. വീടിനുള്ളിലെ ‘സൂക്ഷ്മ കാലാവസ്ഥ’ അഥവാ ‘മൈക്രോ ക്ലൈമറ്റ്’ മികച്ചതാക്കാൻ കഴിയുന്ന ചെടികൾ പ്രത്യേകം തിരഞ്ഞെടുക്കുകയായിരുന്നു.

kollam 5

കോർട്‌യാർഡിലൂടെ ഉള്ളിലെത്തുന്ന വെളിച്ചം ചുമരിലും നിലത്തും സൃഷ്ടിക്കുന്ന നിഴൽചിത്രങ്ങളാണ് ഇന്റീരിയറിന്റെ അഴക്. വെള്ളനിറത്തിലുള്ള ചുമരിനൊപ്പം ഇന്ത്യൻ സംസ്കാരം പ്രതിഫലിക്കുന്ന ചടുലമായ നിറങ്ങളിലുള്ള അലങ്കാരങ്ങൾകൂടി ചേരുമ്പോൾ അകത്തളം സജീവമാകുന്നു. കോർട്‌യാർഡ് മാത്രമല്ല, മാസ്റ്റർ ബെഡ്റൂമിന്റെ ബാത്‌റൂമിലെ ഷവർ ഏരിയയും ‘ഓപൻ ടു സ്കൈ’ രീതിയിലാണ്. ബാത്റൂമിൽ പകൽ സമയത്ത് ലൈറ്റ് ഇടേണ്ട എന്നുമാത്രമല്ല കാറ്റും വെളിച്ചവും കയറിയിറങ്ങുന്നതിനാൽ എപ്പോഴും ഫ്രഷ് ആയ അന്തരീക്ഷമായിരിക്കും ഇവിടെ. ചുമരിന് നടുവിലായി വരുംവിധം നൽകിയിരിക്കുന്ന ‘സ്ട്രിപ് വിൻഡോ’ ആണ് വീടിനുള്ളിലേക്ക് കാറ്റും വെളിച്ചവും വരുന്ന മറ്റൊരു വഴി. 45 സെന്റിമീറ്റർ മാത്രമാണ് സ്ട്രിപ് വിൻഡോയുടെ പൊക്കം. യുപിവിസിയും ഗ്ലാസും കൊണ്ടുള്ള ഈ ജനാല തറയിലടക്കം മുറിക്കുള്ളിൽ മുഴുവനായി വെളിച്ചമെത്തിക്കുകയും ഒപ്പം ചൂടുവായു പുറത്തേക്ക് കടത്തിവിടുകയും ചെയ്യും. സിത്താരയുടെ ഉള്ളിൽ എപ്പോഴും ഇളംതണുപ്പായിരിക്കും.

kollam 6

ഡിസൈൻ: ഹരി‌കൃഷ്‌ണൻ ശശിധരൻ, നീനു എലിസബത്ത്

നോ ആർക്കിടെക്‌ട്‌സ്, കൊല്ലം

noarchs@gmail.com

Tags:
  • Vanitha Veedu