Wednesday 16 September 2020 01:11 PM IST : By സ്വന്തം ലേഖകൻ

അഞ്ച് പ്രധാന ഇടങ്ങളിൽ ചെലവ് ചുരുക്കി; വീടുപണിയുടെ ചെലവ് പ്രതീക്ഷിച്ചതിലും പാതിയായി; ഇത് പ്രകൃതി വീട്

house1

തട്ടുതട്ടായുള്ള സ്ഥലത്ത് വീടു പണിയാൻ സാധിക്കില്ലെന്നാണ് പലരും വിമലിനേട് പറഞ്ഞത്. റബർ തോട്ടത്തിലെ മണ്ണ് അപ്പാടെ നീക്കുന്നതിനോട് വിമലിനും കുടുംബത്തിനും താൽപര്യമുണ്ടായിരുന്നില്ല. പ്ലോട്ടിന്റെ സ്വാഭാവികഘടനയ്ക്കനുസരിച്ച് പുതിയ വീട് രൂപകൽപന ചെയ്യാം എന്ന് ഡിസൈനർമാരായ അരുൺ മുരളിയും എൻ. റസിമും നൽകിയ ഉറപ്പാണ് വീട്ടുകാർക്കു ധൈര്യമായത്.

house2

കാർ പോർച്ചിന് അ‍ഞ്ചടി മുകളിലായാണ് വീടിന്റെ സിറ്റ്ഔട്ട്. അതിന് നാലടി  മുകളിലായാണ് അടുക്കള... ഇങ്ങനെ മൂന്ന് തട്ടുകളിലായാണ് കൊട്ടാരക്കര പട്ടാഴിയിലെ വിമൽകുമാറിന്റെ വീടിന്റെ ഒന്നാംനില. 18 സെന്റിലെ ഏറ്റവും താഴത്തെ തട്ടിൽ കാർപോർച്ചും തൊട്ടുമുകളിലെ തട്ടിൽ സ്വീകരണമുറി, കിടപ്പുമുറി എന്നിവയും ഏറ്റവും മുകളിലെ തട്ടിൽ അടുക്കള, ഡൈനിങ്, കിടപ്പുമുറി എന്നിവയും വരുന്ന രീതിയിലാണ് ഒന്നാംനിലയുടെ ഘടന. രണ്ടാംനിലയിൽ കിടപ്പുമുറിയും ബാൽക്കണിയും മാത്രമാണുള്ളത്. വെള്ളം ഒലിച്ചിറങ്ങിയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഭംഗിയായി റീടെയ്നിങ് വോൾ കെട്ടിയ ശേഷമാണ് വീടുപണിതത്.

house3

ഇന്റർലോക്ക് മൺകട്ട കൊണ്ടാണ് ചുമര്. മണ്ണിന്റെ നിറവും സാമാന്യം മിനുസമുള്ള പ്രതലവുമാണ് ഇത്തരം കട്ടയ്ക്ക്. അതിനാൽ പോയിന്റ് ചെയ്ത് ഭംഗിയാക്കിയതല്ലാതെ ഒരിടത്തും സിമന്റ് പ്ലാസ്റ്റർ ചെയ്തില്ല. ഉള്ളിലെ ചുമരുകളിൽ മാത്രമേ പെയിന്റ് അടിച്ചുള്ളു. മണ്ണിന്റെ നിറത്തിൽ തന്നെയുള്ള എമൽഷൻ ഒരു കോട്ട് മാത്രം. പുറംഭിത്തികളിൽ ഒരു കോട്ട് പോളിഷ് അടിക്കുക മാത്രം ചെയ്തു. 8 x 6x 10 ഇഞ്ച് വലുപ്പത്തിലാണ് ഇന്റർലോക്ക് മൺകട്ട ലഭിക്കുക. ചൂട് കുറയ്ക്കുമെന്നതാണ് പ്രധാന ഗുണം. 35 രൂപയാണ് ഒരു കട്ടയുടെ വില.

house4

ചെലവ് നിയന്ത്രിക്കാൻ താഴത്തെ നിലയിൽ കിടപ്പുമുറി, ഡൈനിങ്, അടുക്കള എന്നിവയുടെ മേൽക്കൂര മാത്രമേ കോൺക്രീറ്റ് ചെയ്തുള്ളു. ഇതിനു മുകളിലായാണ് മുകളിലെ കിടപ്പുമുറിയും ബാൽക്കണിയും വരുന്നത്. മുകൾനിലയ്ക്ക് മുഴുവനായി ട്രസ്സ് റൂഫ് നൽകി ഓടുമേഞ്ഞു. താഴത്തെ നിലയിലെ സിറ്റ്ഔട്ട്, സ്വീകരണമുറി എന്നിവയുടെ മുകളിലും ട്രസ്സ് റൂഫ് മാത്രമാണുള്ളത്. തടി, ഫൈബർ സിമന്റ് ബോർഡ് എന്നിവ ഉപയോഗിച്ച് ഇവിടെ ഫോൾസ് സീലിങ് ചെയ്തിട്ടുണ്ട്.

house5

ഓടിന്റെ കാര്യത്തിലും ചെലവ് ചുരുക്കാൻ പരമാവധി ശ്രമിച്ചു. ഒന്നര – രണ്ട് രൂപ നിരക്കിൽ വാങ്ങിയ പഴയ ഓടാണ് ഉപയോഗിച്ചത്. ഇത് കഴുകി വൃത്തിയാക്കി പെയിന്റ് ചെയ്തെടുത്തപ്പോൾ ഒരു ഓടിന് അഞ്ച് രൂപ നിരക്കിൽ ചെലവായി. ഇത്തരത്തിലുളള പുതിയ ഓടിന് 15 രൂപയ്ക്കു മേലാണ് വില. പെയിന്റ് അടിച്ചില്ല എങ്കിൽ ചെലവ് വീണ്ടും കുറയുമായിരുന്നു.

ഡൈനിങ് ഏരിയയിലാണ് സ്റ്റെയർകെയ്സ്. ഏറ്റവും ഉയർന്ന തട്ടിലാണ് ഇവിടം എന്നതിനാൽ വെറും അഞ്ച് പടികൾ കയറിയാൽ ലാൻഡിങ്ങിലെത്തും. സ്റ്റീൽ ഫ്രെയിമിൽ തടിപ്പലക ഉറപ്പിച്ച് ചെലവ് കുറഞ്ഞ രീതിയിലാണ് സ്റ്റെയർകെയ്സ് തയാറാക്കിയത്. ഊണുമേശയും ഇരുപുറവുമുള്ള രണ്ട് ബെഞ്ചും നിർമിച്ചതും ഇതേ രീതിയിൽ തന്നെ.

സ്റ്റെയർ ഏരിയയിലെ ചുമരിൽ മുഴുവനായി ജാളി മാതൃകയിൽ വെന്റിലേഷൻ നൽകിയതിനാൽ ഇവിടേക്ക് കാറ്റും വെളിച്ചവുമെത്തും. സ്വീകരണമുറിയുടെ ഒരു ചുമര് ഒഴിവാക്കി അവിടെ പർഗോള മാതൃകയിൽ ജിഐ സ്ക്വയർ പൈപ്പ് പിടിപ്പിച്ചു. പുറത്തെ കാഴ്ചകൾ കാണാനാ‍കും എന്നതിനൊപ്പം വീട്ടകത്തിന് കൂടുതൽ വിശാലത തോന്നിക്കാനും ഈ ക്രമീകരണം സഹായകമായി.

അറ്റാച്ഡ് ബാത്റൂമോടു കൂടിയ, നല്ല വലുപ്പമുള്ള മൂന്ന് കിടപ്പുമുറിയാണ് വീട്ടിലുള്ളത്. 1500 ചതുരശ്രയടിയാണ് ആകെ വിസ്തീർണം. ഉള്ളതിൽ കൂടുതൽ സ്ഥലസൗകര്യം തോന്നുംവിധമാണ് മുറികളുടെ വിന്യാസം. ബഹുവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഇടങ്ങളും ആവശ്യത്തിനുണ്ട്. മുകൾനിലയിലെ ബാൽക്കണി തന്നെ ഇതിന് ഉദാഹരണം. മൂന്ന് വശവും കൈവരികളാൽ മറച്ച സെമി ഓപൻ രീതിയിലുള്ള നീളൻ ബാൽക്കണി ഒത്തുചേരലുകൾക്കും സൽക്കാരങ്ങൾക്കും ഒക്കെയുള്ള വേദിയായി ഉപയോഗിക്കാം. 27 ലക്ഷം രൂപയാണ് വീടിന്റെ നിർമാണച്ചെലവ്.