Monday 14 June 2021 03:56 PM IST : By സ്വന്തം ലേഖകൻ

ഇന്നലെ മുംബെയിൽ ഭൂമി, കാർ വിഴുങ്ങിയതിനു കാരണം ഇതാണ്

car 1

കിടന്ന കിടപ്പിൽ കാർ ഭൂമിക്കടിയിലേക്ക് താഴ്ന്നുപോയ കാഴ്ച കണ്ടില്ലേ? മുംബൈയിലെ ഘാട്കോപറിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാർ ഭൂമിയിടിഞ്ഞുണ്ടായ കുഴിയിലേക്ക് താഴ്ന്നു പോകുകയായിരുന്നു. എന്തായാലും നിമിഷനേരം കൊണ്ട് കാർ അപ്രത്യക്ഷമായി. നൂറ് വർഷത്തിലേറെ പഴക്കമുള്ള കിണർ നികത്തിയാണ് പാർക്കിങ് ഏരിയ നിർമിച്ചത് എന്നും കനത്ത മഴയെ തുടർന്ന് അവിടം ഇടിഞ്ഞു താഴ്ന്നതാണ് അപകട കാരണം എന്നുമാണ് പുറത്തു വരുന്ന വിവരം. മണ്ണിട്ടു നികത്തിയ സ്ഥലങ്ങളിൽ വീടോ കെട്ടിടങ്ങളോ നിർമിക്കുമ്പോൾ കൈക്കൊള്ളേണ്ട മുൻകരുതലുകളിൽ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് ഓർമിപ്പിക്കുകയാണ് ഈ സംഭവം.

സ്ഥലം വാങ്ങി വീടുവയ്ക്കുന്നവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഇത്തരം സാഹചര്യങ്ങളിൽ സ്ഥലത്തിൻ്റെ 'ഭൂതകാലം' വ്യക്തമായിരിക്കില്ല. കെട്ടിടം പണിയുന്നതിനു മുൻപായി മണ്ണ് പരിശോധന അഥവാ സോയ്ൽ ടെസ്റ്റ് നടത്തുകയാണ് ഏറ്റവും അത്യാവശ്യം. മണ്ണിൻ്റെ ഘടന, ഉറപ്പ് എന്നിവയെല്ലാം ഇതിലൂടെ വ്യക്തമാകും. നികത്തിയ നിലം ആണെങ്കിൽ അതും മനസ്സിലാകും. ഈ റിപ്പാേർട്ടിൻ്റെ അടിസ്ഥാനത്തിൽ വേണം ഏത് തരത്തിലുള്ള ഫൗണ്ടേഷൻ വേണം എന്നു നിശ്ചയിക്കാൻ.

എങ്ങനെയുള്ള പൈലിങ് ആണ് വേണ്ടത് എന്ന് തീരുമാനിക്കുന്നതും മണ്ണ് പരിശോധനാ ഫലത്തിൻ്റെ അടിസ്ഥാനത്തിൽ വേണം. മണ്ണിൻ്റെ 'എൻ വാല്യു' ആധാരമാക്കിയാണ് ഇക്കാര്യങ്ങൾ നിശ്ചയിക്കുന്നത്. മണ്ണ് പരിശോധന നടത്തുന്ന നിരവധി എജൻസികൾ നമ്മുടെ നാട്ടിലുണ്ട്. 7,500 രൂപ മുതൽ 15,000 രൂപ വരെയാണ് ഇതിനുള്ള ചെലവ്.വീട് വയ്ക്കുന്നതിനു മുൻപ് കിണറോ കുളമോ നികത്തേണ്ടതുണ്ടെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. മണ്ണ് മാത്രം ഉപയോഗിച്ച് കുഴി നികത്തരുത് എന്നതാണ് മുഖ്യം. മണ്ണിനൊപ്പം കരിങ്കൽക്കഷണങ്ങളും ചേർക്കണം. അല്ലെങ്കിൽ, മഴക്കാലത്ത് ഉറവ ശക്തമാകുമ്പോൾ മണ്ണൊലിച്ചുപോകുകയും അവിടം ഇടിഞ്ഞുതാഴുകയും ചെയ്യും. ഇതിനു സമാന സാഹചര്യമാണ് മുംബൈയിലുണ്ടായത്.

വിവരങ്ങൾക്കു കടപ്പാട്: കെ.ആർ.വിനോദ്,

സ്ട്രക്ചറൽ എൻജിനീയർ, കടവന്ത്ര, കൊച്ചി

Tags:
  • Vanitha Veedu