Tuesday 20 April 2021 03:03 PM IST : By സ്വന്തം ലേഖകൻ

പച്ചപ്പിന് നടുവിലെ വെൺതാരകം, ലാൻഡ്‌സ്കേപ്പിൽ ഫലവൃക്ഷങ്ങൾക്ക് പ്രധാന്യം നൽകിയ കൊളോണിയൽ ശൈലിയിലുള്ള വീട്

calicut 1

പ്രത്യേകതകൾ ഒന്നും അവകാശപ്പെടാനില്ലാത്ത 50 സെന്റ്. അവിടെ വീടു പണിയാനാണ് കൊടുവള്ളി സ്വദേശി സാലി, ഡിസൈനർ ഷബീറിനെയും സലീലിനെയും സമീപിക്കുന്നത്. എക്കാലത്തും ആരാധകരുള്ള കൊളോണിയൽ ശൈലിയാണ് അവർ സാലിക്കു മുന്നിൽ അവതരിപ്പിച്ചത്. ഒരിക്കലും മടുക്കാത്ത ഈ ശൈലിയെക്കുറിച്ചറിഞ്ഞപ്പോൾ സാലിക്കും നൂറു സമ്മതം.

calicut 5

എക്സ്റ്റീരിയറിലും ഇന്റീരിയറിലും കൊളോണിയൽ ശൈലിയുടെ ഘടകങ്ങളെല്ലാം പിന്തുടർന്നിട്ടുണ്ട്. ചെറിയ കാര്യങ്ങളിൽ പോലും സൂക്ഷ്മമായ ശ്രദ്ധ ചെലുത്തിയാണ് 3820 ചതുരശ്രയടിയുള്ള വീട് ഡിസൈൻ ചെയ്തത്.ബാ‌ക്‌യാർഡ് ആണ് വീടിന്റെ ഹൈലൈറ്റ്. അവിടെ നിറയെ ചെടികൾ നൽകി. കൂടാതെ, വുഡൻ ഡെക്ക് ഫ്ലോറിങ്ങും. വിശ്രമവേളകളിൽ വീട്ടുകാർക്ക് ഒന്നിച്ചു കൂടാൻ ഈയിടം പ്രയോജനപ്പെടുന്നു. കോബിൾ സ്റ്റോൺ ആണ് ഇവിടെ നിലത്ത് വിരിച്ചത്.

calicut 7

കാറ്റിനും വെളിച്ചത്തിനുമായി ജനാലകൾ മാത്രം നൽകി. സ്കൈലൈറ്റുകൾ കൊളോണിയൽ ശൈലിയുടെ ഭാഗമല്ലാത്തതിനാൽ ഒഴിവാക്കി. കിടപ്പുമുറികളിൽ വോൾപേപ്പർ നൽകി ഭംഗിയേകി. കൊളോണിയൽ ശൈലിക്കിണങ്ങുന്ന തീമിലുള്ള വോൾപേപ്പറുകളാണ് നൽകിയിട്ടുള്ളത്.

calicut 6

അടുക്കളയിൽ ഡാഡോയിങ്ങിന് ഉപയോഗിച്ച ഫ്ലോറൽ പാറ്റേൺ ടൈലുകളും കൊളോണിയൽ ശൈലിക്ക് പിന്തുണയേകുന്നു.സ്റ്റെയർകെയ്സിന്റെ തടികൊണ്ടുള്ള റെയ്‌ലിങ് ഫ്ലോട്ടിങ് രീതിയിലാണ് നൽകിയിട്ടുള്ളത്. മറ്റൊരു വിശേഷപ്പെട്ട കാഴ്ച ഊണുമേശയാണ്. സെറാമിക് ടൈൽ ടോപ് ഉള്ള ഊണുമേശ പണിയിച്ചതാണ്.

calicut 2

ഫർണിച്ചറും ലൈറ്റ് ഫിറ്റിങ്സും വിദേശത്തുനിന്നും വാങ്ങിയതാണ്. ഊണുമേശയുൾപ്പെടെ ചില ഫർണിച്ചർ മാത്രം പണിയിച്ചു. വെള്ള, ഗ്രേയിഷ് ഗ്രീൻ കോംബിനേഷനിലാണ് ഇന്റീരിയർ. കർട്ടനുകളിലും പച്ചയുടെ സ്പർശം കാണാം. ഇത് അകത്തളത്തെ കൂടുതൽ ജീവസ്സുറ്റതാക്കുന്നു.താഴത്തെ നിലയിൽ കിടപ്പുമുറികൾ ഒരു ഭാഗത്തും അടുക്കള, ഡൈനിങ് എന്നിവ മറ്റൊരു ഭാഗത്തും വരുന്ന രീതിയിൽ ക്രമീകരിച്ചു. ഇത് പൊതു ഇടങ്ങളെയും സ്വകാര്യഇടങ്ങളെയും കൃത്യമായി വേർതിരിക്കാൻ സഹായിച്ചു. പാസേജ് വഴിയാണ് ഇവ തമ്മിൽ ബന്ധിപ്പിച്ചത്.

calicut 3

വീടിനു മുന്നിൽ പോർച്ചും അതിനു മുകളിൽ ഓപൻ ടെറസും നൽകിയത് പുറംകാഴ്ചയ്ക്ക് ഗാംഭീര്യമേകുന്നു. ലാൻഡ്സ്കേപ്പിങ്ങിൽ ഫലവൃക്ഷങ്ങൾക്കാണ് പ്രാധാന്യം. മുറ്റത്തെ പച്ച പുതപ്പിക്കാൻ ഹാർഡ് ലോണിന്റെ സാന്നിധ്യവുമുണ്ട്. പ്രകൃതി ഭംഗി ആസ്വദിക്കാൻ ലാൻഡ്സ്കേപ്പിൽ ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. മുന്നിൽ ഫ്ലവർ ബെഡ് നൽകി അതിലും ചെടികൾ പിടിപ്പിച്ചു. അങ്ങനെ പച്ചപ്പിനു നടുവിൽ വെൺതാരകം പോലെ വിലസുകയാണ് ഈ വീട്.

calicut 8

എ.എം. ഷബീർ, ആർ. സലീൽകുമാർ

ഷബീർ സലീൽ അസോഷ്യേറ്റ്സ്

പട്ടേരി, കോഴിക്കോട്

mail@shabeersaleelassociates.in

Tags:
  • Vanitha Veedu