Tuesday 09 July 2019 10:15 AM IST : By സ്വന്തം ലേഖകൻ

കൊളോണിയൽ മേൽക്കൂര, ഗ്ലാസ് ഭിത്തി, തുറന്ന അടുക്കള; വിദേശ മാതൃകയിൽ ഒരു മലയാളി വീട്

colonial

ആർച്ച് മാതൃകയിലുള്ള പ്രവേശന കവാടം, ഇരുഭാഗത്തെയും ലൈറ്റുകൾ, ചെറിയ വരാന്ത, ചെരിഞ്ഞ മേൽക്കൂര, വൈറ്റ്–ഗ്രേ കോംബിനേഷന്‍. ഒറ്റ നോട്ടത്തിൽ ഈ കൊളോണിയൽ‌ സൗന്ദര്യം ആരുടെയും ഹൃദയം കീഴടക്കും.

സജിത് അബൂബക്കർ കുടുംബസമേതം കാനഡയിലാണ്. നാട്ടിൽ ഒരു വീട് എന്ന ആഗ്രഹവുമായി ആർക്കിടെക്ട് ഷെറീനയെ സമീപിക്കുമ്പോൾ വിദേശത്തെ വീടുകളുടെ മാതൃകയായിരുന്നു മനസ്സിൽ. ഷെറീന ഒരുക്കിയ 3000 ചതുരശ്രയടിയുള്ള വീട്ടിൽ നാല് കിടപ്പുമുറികളുണ്ട്. വീട്ടുകാരുടെ ആഗ്രഹം പോലെ ബാസ്കറ്റ് ബോൾ പ്രിയരായ മക്കൾക്ക് അത്യാവശ്യം മുറ്റവുമുണ്ട്.

c4

ഭിത്തികളില്ലാതെ

ഓപൻ സ്പേസുകൾക്ക് മുൻതൂക്കം നൽകിയാണ് അകത്തളം ഒരുക്കിയത്. ഭിത്തികൾ കുറച്ച് ഗ്ലാസ് വാതിലുകൾ കൂടുതൽ പരീക്ഷിച്ചു.

c3

സിറ്റ്ഔട്ട് പ്രത്യേകം പണിതില്ല. പകരം ചെറിയ വരാന്തയും തൂണുകളും നൽകി. ഇവിടെയും അകത്തേക്കു കയറുന്നിടത്തും മാറ്റ് ഫിനിഷിലുള്ള കോട്ട സ്റ്റോണും ലിവിങ് ഏരിയയിൽ പോളിഷ് ചെയ്ത കോട്ട സ്റ്റോണും നൽകി. ലിവിങ് ഏരിയയിൽ ഒരു ഭിത്തി തേക്കാതെ പെയിന്റ് മാത്രം ചെയ്ത് നിർത്തി. കാറ്റും വെളിച്ചവും അകത്തെത്തിക്കാൻ പുറത്തേക്കുള്ള ഒരുഭിത്തി മുഴുവന്‍ ഗ്ലാസ് നൽകി. ‍ഡബിൾഹൈറ്റ് മേൽക്കൂരയ്ക്കു താഴെ രണ്ടു മുറികളെ ബന്ധിപ്പിച്ചു നൽകിയ ബ്രിഡ്ജ്, ലിവിങ്ങിനെ ആകർഷകമാക്കുന്നു.

c5

അടുക്കള ഒളിച്ചുവയ്ക്കുന്നതെന്തിന്?

ലിവിങ് ഏരിയയ്ക്കടുത്തായി കോർട്‌യാർഡിന് അഭിമുഖമായാണ് കിച്ചൻ. ഓപൻ കിച്ചൻ വേണമെന്നത് വീട്ടുകാരുടെ ആവശ്യമായിരുന്നു. കൗണ്ടറും ബാർ സ്റ്റൂളും നൽകിയപ്പോൾ കിച്ചൻ തനി വിദേശിയായി. ‘‘കിച്ചൻ ഒളിച്ചു വയ്ക്കേണ്ട ഒന്നല്ലല്ലോ? സജിത് അബൂബക്കർ പറയുന്നു.

c2

ഡൈനിങ് ഏരിയയും ഭിത്തി നൽകി മറച്ചില്ല. പകരം മൂന്ന് ഭാഗത്തും ഗ്ലാസ് സ്ലൈ‍ഡിങ് ഡോറുകളും ജനലും നൽകി. കാറ്റും വെളിച്ചവും ഇഷ്ടംപോലെ. ഒപ്പം പുറത്തെ പുൽത്തകിടിയിലേക്കും കോർട്‌യാർടിലേക്കും എത്തുന്ന കാഴ്ചയും.

കോർട്‌യാർഡ് വിസ്മയം

എല്ലായിടത്തു നിന്നും ഒരുപോലെ കാണാവുന്നതും അകത്തളത്തിൽ കാറ്റും വെളിച്ചവുമെത്തിക്കുന്നതുമായ കോർട്‌യാർ‍ഡ് ആണ് വീട്ടിലെ പ്രധാനി. ആള് പുറത്താണോ അകത്താണോ എന്ന് ചോദിച്ചാൽ വ്യക്തമായ ഉത്തരം നൽകാൻ കഴിയില്ല. അ കത്തും പുറത്തും ഒരുപോലെ സാന്നിധ്യം കൊണ്ട് വിസ്മയിപ്പിക്കുകയാണ് ഈ വിരുതൻ. വരാന്തയോടു ചേർന്ന് അകത്തേക്കായാണ് കോര്‍ട്‌യാർഡ്. കിച്ചൻ, ലിവിങ്, ‍ഡൈനിങ് എന്നിവിടങ്ങളിൽ നിന്നെല്ലാം കാഴ്ചയെത്തുന്നു. വീടിനു പുറത്തേക്കു തുറന്നിരിക്കുമ്പോഴും അകത്തേക്കുള്ള ഭാഗത്ത് ഗ്ലാസ് സ്ലൈ‍‍ഡിങ് ഡോർ നൽകി.

മാസ്റ്റർ ബെ‍‍‍ഡ‍്റൂം ഒഴികെ ബാക്കിയുള്ള മൂന്ന് മുറികളും മുകളിലാണ്. തടിയുടെ ഉപയോഗം കുറച്ച് യുപിവിസി ഡോറുകളും ജനലുകളുമാണ് പരീക്ഷിച്ചത്. പോർച്ച് വീടിനു മുന്നിൽ നൽകാതെ സൈഡിലേക്ക് മാറ്റി നൽകി. കാഴ്ചക്കാരന്റെ കണ്ണിൽ നിറയുകയാണ് ഈ കൊളോണിയൽ സുന്ദരി.

c6

വിവരങ്ങൾക്ക് കടപ്പാട്;

ആർക്കിടെക്ട് ഷെറീന– 99472 12916