Monday 12 April 2021 03:18 PM IST : By സ്വന്തം ലേഖകൻ

ഇങ്ങനൊരു വീട് വേറെയില്ല, മൂന്ന് ഏക്കർ തോട്ടത്തിനു നടുവിലാണ് 3860 ചതുരശ്രയടിയുള്ള വീട്

vaishnavi 1

അങ്കമാലി വട്ടപറമ്പ് ജംക്‌ഷനിലെത്തി ബേബി സാറിന്റെ വീട് അന്വേഷിക്കുമ്പോള്‍ വഴിയോടൊപ്പം നാട്ടുകാർ കൂട്ടിച്ചേർക്കുന്നൊരു വരിയുണ്ട്.‘ഇങ്ങനൊരു വീട് ഈ നാട്ടിലെങ്ങും വേറെയില്ല’. അതു സത്യമാണെന്ന് വീടിനു മുന്നിലെത്തുമ്പോഴേ മനസ്സിലാകും. എലിവേഷനിലെ വ്യത്യസ്തത ഒറ്റ നോട്ടത്തിൽ തന്നെ കണ്ണിലുടക്കും. മൂന്ന് ഏക്കർ തോട്ടത്തിനു നടുവിലാണ് 3860 ചതുരശ്രയടിയുള്ള വീട് സ്ഥിതി ചെയ്യുന്നത്. വീടിന് മൂന്നു വശങ്ങളിലും റബറും കിഴക്കു വശത്ത് പാടവുമാണുള്ളത്. കിഴക്കു ദിക്കിനെ അഭിമുഖീകരിക്കുന്ന പ്ലോട്ടിൽ തെക്കുകിഴക്ക് ദിശയിൽനിന്നാണ് കാറ്റ് എത്തുന്നത്.

vaishnavi 6

വീടിനു മുന്നിലെ, വൃത്താകൃതിയിലുള്ള ദ്വാരങ്ങളുള്ള ഭിത്തിയാണ് പ്രധാന ഡിസൈൻ ഘടകം. ഈ വൃത്തങ്ങളുടെ ഡിസൈൻ ഗെയ്റ്റിലും വീടിനുള്ളിൽ പലയിടങ്ങളിലും പിന്തുടർന്നിട്ടുണ്ട്. കിഴക്കുവശത്തു നിന്നുള്ള ചൂട് കുറയ്ക്കാനാണ് ഈ സ്ക്രീൻ വോളും അതോടു ചേർന്ന് ‘L’ ആകൃതിയിലുള്ള കോർട്‍‌യാർഡും നൽകിയിട്ടുള്ളത്. തെക്കുകിഴക്കുനിന്ന് കാറ്റ് വരുന്നതിനാൽ ചൂട് കുറയ്ക്കുന്നതോടൊപ്പം കാറ്റിനെ ഉള്ളിലേക്കു ക്ഷണിക്കുക എന്ന കർത്തവ്യം കൂടി ഈ സ്ക്രീനിനുണ്ട്. അതിനാൽ വളരെ ശ്രദ്ധാപൂർവമാണ് ആർക്കിടെക്ട് വൈഷ്ണവി ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്.

vaishnavi 3

കിടപ്പുമുറികളടങ്ങുന്ന സ്വകാര്യ ഇടവും അടുക്കള, ഡൈനിങ്, ലോൺട്രി എന്നിവയുൾപ്പെടുന്ന സർവീസ് ഏരിയയും സമാന്തരമായാണ് വരുന്നത്. ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്നതാകട്ടെ ലിവിങ്, ഫോയർ, പാസേജ് എന്നിങ്ങനെയുള്ള സെമി പ്രൈവറ്റ് ഏരിയയും. അങ്ങനെയാണ് ‘U’ ആകൃതിയിലുള്ള ഡിസൈൻ രൂപപ്പെടുന്നത്. ഇടയിലുള്ള ഓപൻ സ്പേസ്, ലാൻഡ്സ്കേപ് കോർട്/പാർട്ടി ലോൺ ആയി രൂപപ്പെടുത്തി. ഇത് പകൽ തണലേകുന്നു.

vaishnavi 2

ഉഷ്ണമേഖലാ കാലാവസ്ഥയ്ക്കനുസരിച്ചാണ് വീട് രൂപകൽപന ചെയ്തത്. ബിൽറ്റ് ഏരിയയിലെങ്ങും വലിയ ഓപനിങ്ങുകൾ കാണാം. ഭിത്തികൾ കഴിവതും പരിമിതപ്പെടുത്തി. ഇവ വീടിനെ കൂടുതൽ സുതാര്യമാക്കാൻ സഹായിച്ചു. ഫോയർ, പ്രെയർ റൂം, സ്റ്റെയർ കോർട് എന്നിവിടങ്ങളിൽ സ്കൈലൈറ്റ് നൽകിയിട്ടുണ്ട്. ഇത് വീടിനുള്ളിൽ വെളിച്ചം നിറയ്ക്കാനും സ്കൈലൈറ്റിനോടു ചേർന്നുള്ള എയർ ഗ്യാപ്പിലൂടെ ചൂടുവായു പുറത്തേക്കു പോകാനും സഹായിക്കുന്നു.

vaishnavi 5

ലിവിങ് റൂമിനും പാസേജിനും ഇടയിൽ സ്ലൈഡിങ് വാതിൽ നൽകിയിട്ടുണ്ട്. പാസേജിൽ നിന്ന് പാർട്ടി ലോണിലേക്ക് ഇറങ്ങാം. സ്ലൈഡിങ് വാതിലും ലോണിലേക്കുള്ള ചില്ലു വാതിലും തുറന്നിട്ടാൽ ചടങ്ങുകൾ നടക്കുമ്പോൾ ഇഷ്ടംപോലെ ആളുകളെ ഉൾക്കൊള്ളിക്കാം.പകൽ പല സമയത്തും വീടിനുള്ളിൽ പല തരത്തിൽ ഡിഫ്യൂസ്ഡ് ലൈറ്റിന്റെ പ്രകാശവിതാനം വിതറാൻ മറഞ്ഞിരിക്കുന്ന ‘ക്ലിയർ സ്റ്റോറി വിൻഡോ’ ആണ് നൽകിയിട്ടുള്ളത്.

vaishnavi 4

മിനിമലിസ്റ്റിക് ഡിസൈനാണ് വീടിനുള്ളിൽ സ്വീകരിച്ചിരിക്കുന്നത്. അലങ്കാരങ്ങളുടെ അതിപ്രസരമില്ല. താഴത്തെനിലയിലെ അറ്റാച്ഡ് ബാത്റൂമുകളിൽ ചെറിയ കോർട് ക്രമീകരിച്ചിട്ടുണ്ട്. പ്രധാന വാതിലുകൾക്ക് മാത്രമേ തടി ഉപയോഗിച്ചിട്ടുള്ളൂ. നിറങ്ങളുടെ കാര്യത്തിലും ലാളിത്യം കാണാം. ഒന്നോ രണ്ടോ ഭിത്തികൾക്ക് ഒലിവ് ഗ്രീൻ നിറം നൽകിയതൊഴിച്ചാൽ വീടിന്റെ നിറം വെള്ളയാണ്.ഏതു മുറിയിൽനിന്നും കോർട്‍‌യാർഡിന്റെ പച്ചപ്പ് ആസ്വദിക്കാവുന്ന വീട് വേറിട്ടൊരു കാഴ്ച തന്നെ.

vaishnavi 7

‍ഡിസൈൻ: ആർക്കിടെക്ട് സി. വൈഷ്ണവി

ട്രാൻസ്ഫോം ആർക്കിടെക്ട്സ്

തൃശൂർ

mailtransform@gmail.com

ചിത്രങ്ങൾ: പ്രവീണ്‍ പി. മോഹൻദാസ്

Tags:
  • Vanitha Veedu