Friday 16 April 2021 04:14 PM IST : By സ്വന്തം ലേഖകൻ

കാശ് ലാഭിച്ചുവെന്ന് മാത്രമല്ല, ഈ വീട്ടിലെ ഇടനാഴിക്ക് ഒരു രഹസ്യവുമുണ്ട്: വെളിച്ചവും പച്ചപ്പും നിറച്ച് ഇസൈ

mahi 1

ഇസൈ എന്ന ഈ വീട് മറ്റു വീടുകളിൽനിന്ന് വ്യത്യസ്തമാകാൻ ഒരു കാരണമുണ്ട്. രണ്ടിടങ്ങളെ ബന്ധിപ്പിക്കാനാണ് സാധാരണയായി കോറിഡോർ അഥവാ ഇടനാഴി ഉപയോഗിക്കുന്നത്. കാലക്രമേണ അഴുക്കാകുകയും പരിചരിക്കാൻ പ്രയാസമുണ്ടാകുകയും ചെയ്യുന്നതിനാൽ വെറുതെ പൈസ നഷ്ടപ്പെടുത്തുന്ന കാര്യമായാണ് ഇതിനെ പലരും കാണുന്നത്. എന്നാൽ, ഈ വീട്ടിൽ ഇടനാഴിക്ക് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ട് ആർക്കിടെക്ട് ഷബാനയും നുഫൈലും ഈ പ്രോജക്ടിന് നൽകിയിരിക്കുന്ന പേര് ‘ദ് കോറിഡോർ ഹൗസ്’ എന്നാണ്.മാഹിയിലാണ് മുരളീധരന്റെയും ഷൈനയുടെയും ‘ഇസൈ’ സ്ഥിതി ചെയ്യുന്നത്. ഏഴേകാൽ സെന്റിൽ 2300 ചതുരശ്രയടിയിലുള്ള വീട്ടിൽ നാലംഗ കുടുംബത്തിനു വേണ്ട സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ, നല്ല വെളിച്ചവും പച്ചപ്പും നിറഞ്ഞ ഇടനാഴിയും.

mahi 4

വ്യത്യസ്തമായ സൈറ്റ് പ്ലാൻ കാരണം വീടിന് സവിശേഷമായ ഡിസൈൻ ആവശ്യമായിരുന്നു. മുന്നിലും പിന്നിലും രണ്ട് ചതുരങ്ങൾ, നടുവിൽ ഒരു ഇടുങ്ങിയ ഇടനാഴി. അങ്ങനെയുള്ള സൈറ്റിൽ ഇടനാഴിയെ പ്രധാന ഡിസൈൻ ഘടകമായി മാറ്റി. മുന്നിൽ പൊതു ഇടങ്ങളും പിറകിൽ യൂട്ടിലിറ്റി ഇടങ്ങളും നൽകി അവയെ ഇടനാഴി വഴി ബന്ധിപ്പിച്ചു. വൃത്തിയായ പ്ലാനിങ്ങും മുറികളുടെ ശ്രദ്ധാപൂർവമായ വിന്യാസവും അനുബന്ധ സൗകര്യങ്ങളും ഈ വീടിന്റെ പ്ലസ് പോയിന്റുകളാണ്. എത്‌നിക്, റസ്റ്റിക് ഫിനിഷിലാണ് വീട് ഒരുക്കിയത്.

mahi 3

കിഴക്കോട്ട് അഭിമുഖമായാണ് വീട്. വെള്ള, ഗ്രേ, മഞ്ഞ എന്നീ നിറക്കൂട്ടാണ് ഇവിടെ പരീക്ഷിച്ചിട്ടുള്ളത്. തടി, ഗ്രാനൈറ്റ്, കോൺക്രീറ്റ് ടെക്സ്ചർ, റസ്റ്റിക് മെഷ് എന്നിവയുടെ ഉപയോഗം ഇന്റീരിയറിൽ പുതുമയുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു. ലിവിങ്ങിനും ഡൈനിങ്ങിനും ഇടയ്ക്കാണ് പൂജാ സ്പേസ്. ബ്രിക് ക്ലാഡിങ്ങും ലൈറ്റിങ്ങും നൽകി ഈയിടത്തെ ശ്രദ്ധേയമാക്കിയിട്ടുണ്ട്.ഇന്റീരിയറിലെ മഞ്ഞയുടെ സ്പർശം സുഖദമായ അനുഭവമേകുന്നു. ഫർണിച്ചർ കൃത്യമായി ആ സൂത്രണം ചെയ്ത് ക്രമീകരിച്ചതിനാൽ മുറികൾ വിശാലമായി തോന്നുന്നു.

mahi 2

വീടിന്റെ ഹൃദയമെന്നു പറയുന്നത് ഇടനാഴിയാണ്. ഇടനാഴിയിൽ സുരക്ഷയ്ക്കുള്ള ഗ്രില്ലുകൾ ഡിസൈൻ ഘടകമായി മാറ്റി. മധ്യഭാഗം തുറക്കാവുന്ന ഗ്രില്ലുകൾ പുറത്തെ കാഴ്ചകളിലേക്ക് നയിക്കുന്നതിനൊപ്പം സുരക്ഷ ഉറപ്പാക്കുന്നുമുണ്ട്. ഒരു ഇടത്തിന് വലുപ്പം തോന്നിക്കാനുള്ള ഏറ്റവും നല്ല മാർഗം കണ്ണാടികളുടെയും ചില്ലിന്റെയും ഉപയോഗമാണ്. അവ ഒരു ഇടനാഴിയിൽ നൽകുമ്പോഴുള്ള ഫലവും സ്വാധീനവും വേറെ തന്നെയാണ്!

mahi 5

പെയിന്റിങ്ങുകൾ കൂടാതെ, പരുപരുത്ത കോൺക്രീറ്റ് ഫിനിഷിലുള്ള ക്ലേ ടൈൽ പെയിന്റ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നത് ക്രിയാത്മകമായ സമീപനമാണ്. ഇത് ആ ഇടത്തിന് വേറിട്ട ലുക്ക് നൽകുന്നു. കാര്യക്ഷമതയ്ക്കു പ്രാധാന്യം നൽകിയാണ് അടുക്കള ഒരുക്കിയത്.എന്നേക്കും നിലനിൽക്കുന്ന ഒരു ഡിസൈൻ ആ യിരുന്നു ഷബാനയുടെയും നുഫൈലിന്റെയും മനസ്സിലുണ്ടായിരുന്നത്. അതിനുള്ള പ്രചോദനം സൈറ്റിൽ നിന്നു തന്നെ കിട്ടിയെന്ന് അവർ പറയുന്നു. കോറിഡോർ ഹൗസ് അവർക്കു മുന്നിൽ സ്വയം വെളിപ്പെടുകയായിരുന്നു.

mahi 6

ഡിസൈൻ :ഷബാന റഷീദ്,

നുഫൈൽ പി. മൊയ്തു

ഡി ഫോറം ആർക്കിടെക്ട്സ്

കോഴിക്കോട്

dforum.architects@gmail.com

Tags:
  • Vanitha Veedu