Saturday 27 March 2021 12:37 PM IST

പുറമെ കന്റെംപ്രറി ഡിസൈൻ, അകത്തെത്തിയാൽ ട്രെഡീഷനൽ– മോഡേൺ ഫ്യൂഷൻ, മടുപ്പിക്കാതെ ’ശിവമാധവം’

Sunitha Nair

Sr. Subeditor, Vanitha veedu

athira 1

17 സെന്റിൽ 5500 ചതുരശ്രയടിയിലാണ് തിരുവനന്തപുരത്ത് വെള്ളായണിയിലെ ശിവമാധവം. പ്രദീപ് നായര്‍ക്കും ധന്യയ്ക്കുമായി വീട് ഡിസൈൻ ചെയ്തത് ആർക്കിടെക്ട് ആതിരയും ഭർത്താവും സിവിൽ എൻജിനീയറുമായ സുബിയും ചേർന്ന്. 'കന്റെംപ്രറി ഹൗസ് വിത് എത്നിക് സോൾ ' എന്നാണ് ആർക്കിടെക്ട് ടീം ഈ പ്രോജക്ടിനെ വിളിക്കുക. ആധുനിക ജീവിതത്തിനു വേണ്ട സൗകര്യങ്ങളെല്ലാം ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ചേർത്തു വച്ചു എന്നതാണ് ആർക്കിടെക്ട് ടീമിന്റെ വിജയം. ബോക്സ് ടൈപ്പ് എലിവേഷനാണ് വീടിന്. ചാരനിറത്തിലുള്ള വോൾ ടൈലും സ്റ്റോൺ ക്ലാഡിങ്ങുമാണ് എക്സ്റ്റീരിയറിന് ഭംഗിയേകുന്നത്. കാന്റിലിവർ പോർച്ച് ആണ് എലിവേഷന്റെ ഹൈലൈറ്റ്. കോംപൗണ്ട് വോളും എലിവേഷനോട് ചേരുന്ന വിധത്തിൽ ഡിസൈൻ ചെയ്തു. മെറ്റലിൽ സിഎൻസി കട്ടിങ് ചെയ്താണ് നെയിംബോർഡ് നിർമിച്ചത്. ഇത് ബാക്‌ലിറ്റ് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്. ഫ്രണ്ടേജ് വേണമെന്ന വീട്ടുകാരുടെ ആവശ്യം മാനിച്ച് അൽപം പിന്നിലേക്കിറക്കിയാണ് വീട് പണിതത്.

athira 4

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, രണ്ട് കിടപ്പുമുറികൾ, അടുക്കള എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകളിലെ നിലയിൽ മൂന്നു കിടപ്പുമുറികളും സ്റ്റഡി ഏരിയയും ഹോം തിയറ്ററുമാണ്. നീണ്ട കോറിഡോറിന്റെ ഇരുവശങ്ങളിലുമായി വരുന്ന രീതിയിലാണ് മുറികൾ ക്രമീകരിച്ചിരിക്കുന്നത്. നാച്വറൽ വുഡൻ ഫ്ലോറിങ് കൊണ്ട് കോറിഡോറിനെ മറ്റിടങ്ങളിൽ നിന്ന് വേർതിരിച്ചു. ട്രിപ്പിൾ ഹൈറ്റിലാണ് ഫാമിലി ലിവിങ് സജ്ജീകരിച്ചിരിക്കുന്നത്. ചെങ്കല്ല് ക്ലാഡ് ചെയ്ത ഭിത്തിയാണ് ഈ ഏരിയയുടെ ശ്രദ്ധാകേന്ദ്രം.

athira 7

ഡൈനിങ്, ഫാമിലി ലിവിങ് ഏരിയയാണ് ഇന്റീരിയറിലെ പ്രധാന ആകർഷണ കേന്ദ്രം. അതു കൊണ്ടുതന്നെ ഇവിടം കാഴ്ചകളാൽ സമ്പന്നമാണ്. ഗ്രേ ടെക്സ്ചറും വോൾ പേപ്പറും ലൈറ്റിന്റെ മെറ്റൽ ഫിനിഷും തറയുടെ ടീക് വുഡ് ഫിനിഷും ഈയിടത്തിന് മിഴിവേകുന്നു. എന്നാൽ അലങ്കാരങ്ങൾ മനം മടുപ്പിക്കുന്നതായി മാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടു താനും. ചെങ്കൽ ഭിത്തി ഇന്റീരിയറിന് ട്രെഡീഷനൽ സ്പർശമേകുന്നു. പക്ഷേ, ഭിത്തിയോടു ചേർന്നുള്ള സോഫ കന്റെംപ്രറി ശൈലിയിൽ വാർത്തെടുത്തതാണ്. ഒരേ ശൈലിയുടെ വിരസത ഒഴിവാക്കാൻ ഇങ്ങനെ ചില പൊടിക്കൈകൾ ഇവിടെ പരീക്ഷിച്ചിട്ടുണ്ട്.

athira 6

ഊണുമുറിയിൽ നിന്ന് പാഷ്യോയിലേക്കിറങ്ങാം. ഇവിടെയും ലാറ്ററൈറ്റ് ഭിത്തിയുടെ തനതു ഭംഗി വെളിവാകുന്നു. കല്ലിൽ തീർത്ത കൃഷ്ണ പ്രതിമയും ഇരിപ്പിടങ്ങളും ഈയിടത്തിന് പറഞ്ഞറിയിക്കാനാവാത്ത ഫീൽ നൽകുന്നു. ദൈവികമായ സാന്നിധ്യം അവിടെ വേണമെന്നത് വീട്ടുകാരുടെ ആവശ്യമായിരുന്നു. ഫാമിലി ലിവിങ്ങിന്റെയും ഡൈനിങ്ങിന്റെയും ഇരുവശങ്ങളും ഓപൻ ആണ്. ഈ ഓപനിങ്ങുകളും ഫാമിലി ലിവിങ്ങിലെ ഡബിൾ ഹൈറ്റ് ഭിത്തിയിൽ നിറയെയുള്ള ജനാലകളും വീടിനുള്ളിൽ മുഴുവൻ പ്രകൃതിദത്ത വെളിച്ചമേകുന്നു.

athira 2

ഫാമിലി ലിവിങ്ങിൽ നിന്നുള്ള സ്റ്റെയർകെയ്സും ഇന്റീരിയർ അഴകിൽ പ്രധാന പങ്കുവഹിക്കുന്നു. ഗോവണിയുടെ ആദ്യ പടികൾ ആർസിസി കൊണ്ടാണ്. ഇതിന്റെ ഹാൻഡ് റെയിൽ ആണ് ഫാമിലി ലിവിങ്ങിന്റെ ടിവി വോൾ ആയി വരുന്നത്. പിന്നീട് തടിയും മെറ്റലും കൊണ്ടുള്ള ഫ്ലോട്ടിങ് സ്റ്റെയർ ആയി രൂപാന്തരം പ്രാപിക്കുന്നു. തടികൊണ്ടുള്ള പടികളും ചുവടെ മെറ്റലും. മെറ്റലിന്റെ എക്സ്പോസ്ഡ് ഫിനിഷ് ലാറ്ററൈറ്റ് ഭിത്തിയുടെ വിരസത മറികടക്കുന്നു. സസ്പെൻഡഡ് ഗ്ലാസ് ഹാൻഡ് റെയിൽ ആണ് ഫ്ലോട്ടിങ് സ്റ്റെയറിന്.

athira 5

മിനിമലിസ്റ്റിക് കിച്ചൻ വേണമെന്ന വീട്ടുകാരുടെ ആവശ്യം മുൻനിർത്തിയാണ് അടുക്കള ഡിസൈൻ ചെയ്തത്. നീല - തടി നിറങ്ങളിൽ ഒരുക്കിയിട്ടുള്ള അടുക്കളയുടെ കാബിനറ്റുകൾ ലാക്വേഡ് ഗ്ലാസും ടീക് വുഡ് വെനീറും കൊണ്ടാണ്.താഴത്തെ നിലയിൽ ഗെസ്റ്റ് ബെഡ് റൂമും മാതാപിതാക്കളുടെ കിടപ്പുമുറിയുമാണ്. ഗെസ്റ്റ് ബെഡ് റൂമിന് അലങ്കാരമായി കൃഷ്ണന്റെ ചിത്രവും ടെക്സ്ചറും നൽകിയിട്ടുണ്ട്. മാതാപിതാക്കളുടെ മുറി മിനിമലിസ്റ്റിക് ആയാണ് ഒരുക്കിയത്. ഭിത്തിയിൽ ടെക്സ്ചർ നൽകി. വെള്ള നിറത്തിലുള്ള കർട്ടനുകളാണ്.

athira 8

മുകളിലെ മൂന്നു കിടപ്പുമുറികളിൽ രണ്ടെണ്ണം കുട്ടികളുടേതും ഒരെണ്ണം മാസ്റ്റർ ബെഡ്റൂമുമാണ്. വോൾപേപ്പർ, ടെക്സ്ചർ എന്നിവയാണ് കിടപ്പുമുറികൾക്ക് ഭംഗിയേകാൻ ഉപയോഗിച്ചിരിക്കുന്നത്. ഓരോ മുറിയുടെയും തീമിനനുസരിച്ച് ഒലിവ് ഗ്രീൻ, ബ്രൗൺ തുടങ്ങിയ എർത്തി നിറങ്ങളിൽ ബെഡ്ഡിങ് ഒരുക്കി.

athira 3

മുകളിലെ നിലയിലേക്ക് കയറി ചെല്ലുന്നത് സ്റ്റഡി ഏരിയയിലേക്കാണ്. മൂന്നു കുട്ടികളായതിനാൽ വിശാലമായ സ്റ്റഡി ഏരിയ വേണമെന്നത് വീട്ടുകാർക്ക് നിർബന്ധമായിരുന്നു. എർത്‌ലി കളർ ടോൺ ആണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. ഹോംതിയറ്റർ കം എന്റർടെയ്ന്റ്മെന്റ് ഏരിയയും സജ്ജീകരിച്ചു. ഫർണിച്ചറും ലൈറ്റും പ്രത്യേകം പറഞ്ഞു ചെയ്യിച്ചതാണ്. തേക്ക് കൊണ്ടാണ് ജനലുകളും വാതിലുകളും. ശിവമാധവത്തിന്റെ ഓരോ അണുവിലും ഈശ്വരചൈതന്യം അലിഞ്ഞു ചേർന്നിരിക്കുന്നു.

athira 9



ആതിര പ്രകാശ്, സുബി സുരേന്ദ്രൻ

ആവിഷ്കാർ

ആർക്കിടെക്ട്സ്, കടവന്ത്ര, കൊച്ചി

aavishkar.arch@gmail.com

Tags:
  • Vanitha Veedu