Friday 11 December 2020 05:50 PM IST

വീട് റിസോർട്ട് പോലെ, പ്ലോട്ടിലെ കിണറും തെങ്ങും നിലനിർത്തിയ ഡിസൈൻ, വീട്ടിനകത്ത് എപ്പോഴും തണുപ്പ് നിറയാൻ കാരണം ഇതാണ്

Sunitha Nair

Sr. Subeditor, Vanitha veedu

udayam1

വർഷങ്ങളായി കെട്ടിടനിർമാണരംഗത്തുള്ള ആന്റണി ജോസഫും മക്കൾ ആംജോയും എയ്സലും ഒന്നിച്ചിരുന്നാണ് ഡിസൈൻ സൃഷ്ടിക്കുന്നത്. ഇവരുടെ ഡിസൈനുകളിലെല്ലാം മൂന്നുപേരുടെയും സർഗാത്മകത നിഴലിക്കുന്നു. നാട്ടുകാരനായ തോമസുകുട്ടി സ്വന്തം വീട് ഡിസൈൻ ചെയ്യാൻ ഇവരെ ഏൽപിച്ചതിന്റെ ഒരു കാരണം ഇതാണ്. വ്യത്യസ്തതയുള്ള വീട് വേണമെന്നതായിരുന്നു തോമസിന്റെ ആവശ്യം. ഭാര്യ ഷീനയ്ക്ക് ചെടികളോടു താൽപര്യമുള്ളതിനാൽ അതിനുള്ള സൗകര്യം വേണമെന്നും പറഞ്ഞിരുന്നു.

udayam4

പ്ലോട്ടിനനുസരിച്ചാണ് വീടിന്റെ ഡിസൈൻ. അതിൻപ്രകാരം കാർപോർച്ചിൽ നിന്ന് നേരിട്ട് വീട്ടിലേക്കു പ്രവേശിക്കാനുള്ള സൗകര്യവും ലഭിച്ചിട്ടുണ്ട്. ഈ വഴിയിൽ ഒരു കൊച്ചു പൂന്തോട്ടവുമുണ്ട്. എക്സ്റ്റീരിയറിന്റെ ഭംഗിയിൽ പ്രധാന പങ്കുവഹിക്കുന്നത് ജിെഎ ഷീറ്റിൽ സിഎൻസി കട്ടിങ് ചെയ്ത ലാറ്റിസ് സ്ക്രീൻ ആണ്. ടെറാക്കോട്ട ബ്രിക് ക്ലാഡിങ്ങും പുറംകാഴ്ചയുടെ ആകർഷകത്വം കൂട്ടുന്നു.തൂണുകളില്ലാതെ കാന്റിലിവർ രീതിയിലാണ് സിറ്റ്ഔട്ട് നൽകിയിട്ടുള്ളത്. ഡബിൾ ഹൈറ്റിലുള്ള ലിവിങ്റൂമിനോടു ചേർന്ന് കോർട്‌യാർഡ് നൽകി. താഴത്തെയും മുകളിലെയും ലിവിങ് റൂമുകൾ തമ്മിൽ കാഴ്ചയാൽ ബന്ധിപ്പിച്ചിട്ടുണ്ട്.

udayam2

ഡൈനിങ് റൂമിനോടു ചേർന്നാണ് പ്രെയർ ഏരിയ. ഇൻഡയറക്ട് ലൈറ്റിങ് നൽകിയിട്ടുള്ള ഈയിടത്തിന് പ്രത്യേക ഫീൽ ആണ്. പ്രെയർ ഏരിയയിൽ ദൈവീകമായ അന്തരീക്ഷം വേണമെന്ന് വീട്ടുകാർ നിർദേശിച്ചിരുന്നു. ഊണുമുറിയോടു ചേർന്നും കോർട്‌യാർഡുണ്ട്.താഴത്തെ ബെഡ്റൂമുകളോടു ചേർന്നുള്ള ഇടനാഴിയിലും കോർട്‌യാർഡ് നൽകി. അങ്ങനെ മൊത്തത്തിൽ മൂന്ന് കോർട്‌യാർഡുകളാണ് വീട്ടിലുള്ളത്. ഗാർഡനിങ് ഹോബിയായ ഷീനയ്ക്കു വേണ്ടി ഒരുക്കിയതാണ് അവയെല്ലാം.

udayam3

നാല് ബെഡ്റൂമുകളാണുള്ളത്. നേരിട്ട് വെയിൽ അടിക്കാത്ത രീതിയിൽ കിടപ്പുമുറികളുടെ സ്ഥാനം ക്രമീകരിച്ചു. സിമന്റ് ഇഷ്ടിക ചൂട് വലിച്ചെടുക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ചൂടിനെ പുറത്താക്കാൻ കിടപ്പുമുറിയുടെ ചില ചുമരുകൾ ഡബിൾ വോൾ രീതിയിൽ നൽകി. ഈ ‍ഡബിൾവോളിനെ ഡിസൈനിൽ സമർഥമായി ഉപയോഗിച്ചു.

udayan6

ഫ്ലോട്ടിങ് സ്റ്റെയർകെയ്സ് വീടിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. സ്റ്റെയർകെയ്സിനു താഴെയായി വാട്ടർബോഡി നൽകിയിട്ടുള്ളതിനാൽ വീടിനകത്ത് എപ്പോഴും തണുപ്പാണ്.കിടപ്പുമുറികളിലെല്ലാം ബേ വിൻഡോ നൽകിയിട്ടുള്ളതിനാൽ ശരാശരി വലുപ്പത്തിലുള്ള മുറികളിൽ പ്രത്യേകം ഇരിപ്പിടങ്ങളുടെ ആവശ്യമില്ല. ലാമിനേറ്റഡ് പ്ലൈ കൊണ്ടാണ് വാ‍ഡ്രോബുകൾ.

udayan5

അടുക്കളയിൽ ബ്രേക്ഫാസ്റ്റ് കൗണ്ടർ നൽകിയിട്ടുണ്ട്. മൾട്ടിവുഡ് കൊണ്ടാണ് കിച്ചൻ കാബിനറ്റുകൾ പണിതത്. മുകളിൽ ലിവിങ്ങും രണ്ട് കിടപ്പുമുറികളുമാണുള്ളത്. ‍വെള്ള നിറത്തിലാണ് ഇന്റീരിയർ. തേക്കിൻതടി കൊണ്ടാണ് ജനലുകളും വാതിലുകളും. മഹാഗണി കൊണ്ടാണ് പാനലിങ് ചെയ്തത്.

udayan7

കടപ്പാട്: എ&ബി കൺസ്ട്രക്ഷൻസ്, കൊച്ചി

info@keralaarthome.com

Tags:
  • Vanitha Veedu