Tuesday 13 April 2021 04:14 PM IST : By സ്വന്തം ലേഖകൻ

കുന്നിൻ മുകളിലെ മാണിക്യം, ചെരിഞ്ഞ പ്ലോട്ടിന്റെ സാധ്യത കണക്കിലെടുത്ത് ഡിസൈൻ ചെയ്‌ത വീട്

aslam 1

ചുറ്റും വീടില്ലാത്ത ഉയർന്ന പ്രദേശത്തു കിട്ടുന്ന കാറ്റും വെളിച്ചവും സ്വച്ഛതയും നഗരമധ്യത്തിൽ കിട്ടില്ല. ഈ സാധ്യതകളെല്ലാം മുതലെടുത്താണ് ആർക്കിടെക്ടുമാരായ അസ്‌ലം കാരാടനും ഷാം സലിമും ‘ക്യുബിക്കൽ ഇൻക്ലൈൻ’ എന്ന പ്രോജക്ട് ഡിസൈൻ ചെയ്തത്.പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലുള്ള ഈ വീട് ഡോ. നൗഷാദിന്റെയും സുമയ്യയുടെയുമാണ്. മൂന്നുവശത്തും വഴിയുള്ള പത്തര സെന്റ് ഒരു കുന്നിനു മുകളിലാണ്.

aslam 2

വീടും ചുറ്റും ചെറിയ ലാൻഡ്സ്കേപ്പും വേണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. അതുകൊണ്ടുതന്നെ വഴിയോടു ചേർന്ന മൂന്നുവശത്തും ലാൻഡ്സ്കേപ്പിങ്ങിനു കൂടുതൽ സ്ഥലം നൽകി, പിന്നിൽ ഏറ്റവും കുറഞ്ഞ സെറ്റ്ബാക്ക് മാത്രം വിട്ടാണ് വീട് നിർമിച്ചത്. ലാൻഡ്സ്കേപ്പിങ്ങിനു വേണ്ട സ്ഥലം ലഭിക്കാൻ മൂന്ന് നിലയിലായി മുറികൾ വിന്യസിച്ചു. അണ്ടർ ഗ്രൗണ്ടിൽ സെർവന്റ്സ് റൂമും ഭാവിയിൽ കൺസൽറ്റേഷൻ റൂം ആക്കാവുന്ന മുറിയുമാണുള്ളത്. ചെരിഞ്ഞ പ്ലോട്ട് ആയതിനാൽ ഇതിനുവേണ്ടി കൂടുതൽ കഷ്ടപ്പെടേണ്ടിവന്നില്ല. രണ്ട് കാറുകൾ നേരിട്ട് റോഡിലേക്ക് ഇറക്കാവുന്ന വിധത്തിൽ പാർക്ക് ചെയ്യാവുന്ന രീതിയിൽ സ്ഥലം കൂടുതൽ കളയാതെ കാർപോർച്ച് നിർമിക്കുകയും ചെയ്തു.

aslam 3

കന്റെംപ്രറി ശൈലിയിലുള്ള വീടാണ് ഇഷ്ടമെങ്കിലും ബോക്സ് ആകൃതിയിലുള്ള വീടുകളോടു താൽപര്യം കുറവാണ് ഡോ. നൗഷാദിന്. അങ്ങനെയാണ് ചരിഞ്ഞ്, ഓടിട്ട മേൽക്കൂരയും ബ്രിക്ക് ക്ലാഡിങ്ങുമുള്ള കന്റെംപ്രറി ശൈലിയിലുള്ള എക്സ്റ്റീരിയറിലേക്ക് എത്തിയത്. വീടിന്റെ സുപ്രധാനഭാഗങ്ങളായ ലിവിങ്, ഡൈനിങ് ഏരിയകൾ നിർമിച്ചത് ഡബിൾ ഹൈറ്റിലാണ്. ഈ മുറികളിൽ ഡബിൾ ഹൈറ്റിൽതന്നെയുള്ള വലിയ ജനാലകൾ നിർമിച്ച് കാറ്റും വെളിച്ചവും ആവോളം അകത്തളത്തിലേക്കെടുക്കുകയും ചെയ്തു. പിവട്ടഡ് (pivoted) ജനാലകളും തുറക്കാവുന്ന ലൂവർ ജനാലകളും സ്ഥിരമായി ഉറപ്പിച്ച ഗ്ലാസുകളും ചേർന്ന കോംബിനേഷനാണ് ഇവിടത്തെ ജനാലകളെല്ലാം.

aslam 4

മാസ്റ്റർ ബെഡ്റൂം വീടിന്റെ വടക്കുപടിഞ്ഞാറേ കോണിലാണ്. അടുക്കളയും വർക്ഏരിയയും വടക്കു കിഴക്കു ഭാഗത്തുമാണ്. ഗ്രൗണ്ട് ഫ്ലോറിൽ രണ്ടും ഫസ്റ്റ് ഫ്ലോറിൽ രണ്ടുമായി ക്രമീകരിച്ച കിടപ്പുമുറികൾ നേർമുകളിൽ വരുന്ന വിധത്തിലാണ്. തടസമില്ലാതെ എത്തുന്ന കാറ്റാണ് കിടപ്പുമുറികളെ സജീവമാക്കുന്നത്.

aslam 7

റസ്റ്റിക് ഫിനിഷിന് പ്രാധാന്യം നൽകുന്ന വിധത്തിലുള്ള ഇന്റീരിയറാണ് വീട്ടുകാർ ആവശ്യപ്പെട്ടത്. സിമന്റ് ഫിനിഷുള്ള ടൈലിനും സിമന്റ് ബോർഡുകൊണ്ടുള്ള ലിവിങ് ഏരിയയിലെ ക്ലാഡിങ്ങിനുമെല്ലാം മാറ്റ് ഫിനിഷ് തിരഞ്ഞെടുത്തപ്പോൾ വീടിനെ റസ്റ്റിക് ആക്കിയത് മുളയാണ്. ഡബിൾ ഹൈറ്റിലുള്ള ലിവിങ് ഡൈനിങ് ഏരിയയെ രണ്ടാക്കി മാറ്റുന്നത് മുകളിലെ നിലയിലെ ‘ഫ്ലോട്ടിങ്’ കോറിഡോറാണ്.

aslam 5

ഈ കോറിഡോർ ട്രീറ്റ് ചെയ്ത മുളയും ഇരുമ്പും ഉപയോഗിച്ചു നിർമിച്ചു.വീടിനകവും പുറവും തമ്മിൽ ബന്ധിപ്പിക്കാൻ ഒന്നിലേറെ ബാൽക്കണികളും ബെഡ്റൂമുകളിൽ ബേ വിൻഡോകളും നൽകിയിട്ടുണ്ട്. ഡൈനിങ്ങിന്റെ വാതിൽ തുറന്നാൽ പ്രവേശിക്കുന്ന പാഷ്യോയാണ് കുടുംബത്തിന്റെ പ്രിയപ്പെട്ടയിടം.

aslam 6

ഡിസൈൻ : അസ്‌ലം കാരാടൻ, ഷാം സലിം

ചെറുകുളം, കോഴിക്കോട്

aslam.sham.architects@gmail.com

Tags:
  • Vanitha Veedu