Friday 29 January 2021 10:14 AM IST

കാഴ്ചയിൽ ഇരുനിലയെന്നു തോന്നും; എങ്കിലും ഇത് ഒരുനില വീടാണ്, 1700 ചതുരശ്രയടിയിൽ സൗകര്യവും സൗന്ദര്യവും

Sunitha Nair

Sr. Subeditor, Vanitha veedu

anoop 1

ആവശ്യങ്ങൾക്കിണങ്ങിയ കൊച്ചു വീട്. അതാണ് ‘ദയ’. ഭംഗിയിയിലും ദയ ഒട്ടും പിന്നിലല്ല. നിറയെ കാറ്റും വെളിച്ചവും സ്വാഭാവിക ഫിനിഷുകളുമൊക്കെ ദയയുടെ സവിശേഷതകളിൽ ചിലതു മാത്രം. ആർക്കിടെക്ട് ദമ്പതികളായ അനൂപും മനീഷയും ബന്ധുവായ ദയ സുമേഷിനു വേണ്ടിയാണ് ഈ വീട് രൂപകൽപന ചെയ്തത്. 40 സെന്റിലാണ് വീടിരിക്കുന്നത്. ആവശ്യത്തിനു സ്ഥലമുള്ളതിനാൽ ഒരുനില മതിയെന്നു തീരുമാനിച്ചു. രണ്ടു വശത്തും വഴിയുണ്ട്. അതുകൊണ്ടുതന്നെ ഭാവിയിൽ വാണിജ്യാവശ്യങ്ങൾക്കായി മുന്നിൽ സ്ഥലം വിട്ട് പിറകിലേക്ക് ഇറക്കിയാണ് വീടുവച്ചത്. ഇപ്പോൾ ഇവിടം പൂന്തോട്ടമായും കൃഷിക്കായും ഉപയോഗിക്കുന്നു.

anoop4

തെക്കുവശത്തിന് അഭിമുഖമായാണ് വീട് സ്ഥിതി ചെയ്യുന്നത്. തെക്കും പടിഞ്ഞാറും വഴികളുണ്ട്. അതിനാൽ ഈ രണ്ടു വശത്തേക്കും ആകർഷണീയമായ കാഴ്ച കിട്ടുന്ന രീതിയിലാണ് എക്സ്റ്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രധാന ഗെയ്റ്റ്, പെഡസ്ട്രിയൻ ഗെയ്റ്റ് എന്നിങ്ങനെ രണ്ടു വശത്തും ഗെയ്റ്റും നൽകിയിട്ടുണ്ട്. ഈ രണ്ടു വശത്തും മേൽക്കൂര ചരിച്ചു നൽകി. ഇവിടെ ട്രസ്സിട്ട് ഓടു പാകിയിരിക്കുകയാണ്. ബാക്കിയുള്ളിടത്ത് ട്രസ്സിനു മേൽ ഷീറ്റ് വിരിച്ചു. ചെലവു കുറയ്ക്കാനാണ് പെട്ടെന്ന് കാഴ്ചയെത്താത്ത ഇടങ്ങളിൽ ഷീറ്റ് വിരിച്ചത്. ഒരുനിലയാണെങ്കിലും മുഴുവനും ട്രസ്സിട്ടിരിക്കുന്നതിനാൽ ഇരുനിലയാണെന്നേ തോന്നൂ. ട്യൂഷൻ എടുക്കാനും കുടുംബ കൂട്ടായ്മകൾക്കും പറ്റിയ ഇടമാണ് ട്രസ്സിനു താഴെ. കൂടാതെ, യൂട്ടിലിറ്റി ഏരിയയായും ഇവിടം ഉപയോഗിക്കാം.

anoop1

1700 ചതുരശ്രയടിയുള്ള വീട്ടിൽ ലിവിങ്, ഡൈനിങ്, അടുക്കള, വർക്ഏരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണുള്ളത്. എക്സ്റ്റീരിയറിലെ ചുമരിൽ സിമന്റ് ഫിനിഷ് നൽകിയത് ആകർഷണീയത കൂട്ടുന്നു. ‘L’ ആകൃതിയിലുള്ള സിറ്റ്ഔട്ടിൽ നിന്നു കയറുന്നത് അതേ ആകൃതിയിലുള്ള ലിവിങ്Ðഡൈനിങ് ഏരിയയിലേക്കാണ്. തടി ഫ്രെയിമിൽ ടിന്റഡ് ഗ്ലാസ് നൽകിയ പാർട്ടീഷൻ വഴി ലിവിങ്ങിൽ നിന്ന് ഡൈനിങ്ങിനെ വേർതിരിച്ചു. പൊതു ഇടങ്ങളെല്ലാം ഓപൻ ആയാണ് ഒരുക്കിയത്.

anoop3

ഡൈനിങ്ങിനോടു ചേർന്ന് കോർട്‌യാർഡ് നൽകിയിട്ടുണ്ട്. ഭാവിയിൽ മുകളിലൊരു നില പണിതാൽ ഗോവണിക്കുള്ള സ്ഥലമാണ് കോർട്‌യാർഡ് ആയി ഇപ്പോൾ വീടിന് അഴകേകുന്നത്. ചെടികൾ വച്ച് കോർട്‌യാർഡിന് ഭംഗിയേകി. കോർട്‌യാർഡിന്റെ ചുമരിലും സീലിങ്ങിലും ടെറാക്കോട്ട ജാളി നൽകിയിട്ടുണ്ട്. ഈ ജാളി ഇളക്കി മാറ്റിയാൽ പൊളിച്ചുപണികൾ കൂടാതെ ഭാവിയിൽ സ്റ്റെയർകെയ്സ് നൽകാം. ജാളിയിലൂടെ വീടിനുള്ളിൽ നിറയെ കാറ്റും വെളിച്ചവുമെത്തുന്നു.

anoop2

അടുക്കള സെമി ഓപൻ ആണ്. ഊണുമുറിയെയും അടുക്കളയെയും തമ്മിൽ വേർതിരിക്കുന്നത് ചെറിയ പാൻട്രി ടേബിൾ ആണ്. അടുക്കളയോടു ചേർന്ന് വർക്ഏരിയയുമുണ്ട്. ഇവ തമ്മിൽ വേർതിരിച്ചിട്ടില്ല. അതിനാൽ അടുക്കള വലുതായി തോന്നിക്കും.മൂന്ന് കിടപ്പുമുറികളാണുള്ളത്. ഒരു കിടപ്പുമുറിയുടെ ചുമര് എക്സ്റ്റീരിയറിന്റെ ഭാഗമായി വരുന്നു. ഇവിടെ ഭംഗിക്കായി ജാളി നൽകിയിട്ടുണ്ട്. യഥാർഥത്തിൽ ഇത് ഒരു സ്ലൈഡിങ് ജനാലയാണ്. ഇതിലൂടെ അകത്തുനിന്ന് പുറത്തേക്ക് കാണാനാകും. എന്നാൽ പുറമേനിന്ന് ഉള്ളിലേക്ക് കാഴ്ചയെത്തില്ല. കിടപ്പുമുറികളിൽ ഒരെണ്ണം മാസ്റ്റർ ബെഡ്റൂമും മറ്റുള്ളവ കുട്ടികൾക്കുള്ളതുമാണ്. കുട്ടികളുടെ മുറികളിൽ സ്റ്റഡി ടേബിൾ നൽകിയിട്ടുണ്ട്. സ്വകാര്യതയ്ക്കായി മാസ്റ്റർ ബെഡ്റൂം പിന്നിലേക്കിറക്കി വച്ചു. കിടപ്പുമുറികളുടെ ചുമരിൽ പെയിന്റുകൊണ്ട് ചിത്രങ്ങൾ വരച്ച് ഭംഗിയേകി.

anoop5

മലപ്പുറത്തു നിന്നുള്ള ചെങ്കല്ലു കൊണ്ടാണ് ചുമര് കെട്ടിയത്. തടിയുടെ ഫിനിഷിലുള്ള മാറ്റ് വിട്രിഫൈഡ് ടൈലാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്. പ്രധാന വാതിലിന് തേക്കും മറ്റു വാതിലുകൾക്ക് പിൻകോടയും ഉപയോഗിച്ചു. ജനലുകൾക്ക് പോളിഷ്ഡ് സ്ക്വയർ റോഡുകൾ നൽകി. ജിെഎ ഫ്രെയിമിൽ ബാംബൂ പ്ലൈവുഡ്, പ്രീ ലാമിനേറ്റഡ് എംഡിഎഫ് തുടങ്ങിയവ കൊണ്ടാണ് ഇന്റീരിയർ വർക്കുകൾ ചെയ്തിരിക്കുന്നത് എന്നതാണ് ഈ വീടിന്റെ ശ്രദ്ധേയമായ ഘടകങ്ങളിൽ ഒന്ന്. അടുക്കളയിലെ കാബിനറ്റുകൾക്കും കിടപ്പുമുറിയിലെ വാഡ്രോബിനുമെല്ലാം ജിെഎ ഫ്രെയിമിൽ സിമന്റ് ബോർഡ് കൊണ്ടുള്ള തട്ടുകൾ നൽകി; ഷട്ടറുകൾക്ക് പ്രീ ലാമിനേറ്റഡ് എംഡിഎഫ് കൊടുത്തു. ഫർണിച്ചറും ജിെഎ ഫ്രെയിമിൽതന്നെയാണ് നിർമിച്ചിട്ടുള്ളത്. ബാക്കി വന്ന ബാംബൂ, തടി, ടിഎംടി ബാർ എന്നിവ ഉപയോഗിച്ചു നിർമിച്ച കസ്റ്റമൈസ്ഡ് ലാംപ്ഷേഡുകളാണ് ഉപയോഗിച്ചിരിക്കുന്നത്. സൗന്ദര്യവും സൗകര്യവും ഒത്തിണങ്ങുന്ന ഈ വീട് ആരെയും ആകർഷിക്കും.

anoop6

ഡിസൈൻ: ആർക്കിടെക്ട് അനൂപ്, ആർക്കിടെക്ട് മനീഷ, അമാക് ആർക്കിടെക്ട്സ്

തൃപ്രയാർ, തൃശൂർ, amacindia@gmail.com

Tags:
  • Vanitha Veedu