Wednesday 03 October 2018 03:16 PM IST : By രാഹുൽ രവീന്ദ്ര

അഞ്ച് ലക്ഷം രൂപ ചെലവിൽ 900 സ്ക്വയര്‍ഫീറ്റിൽ ഒരുക്കിയ സ്വപ്നഭവനം

900- ചിത്രങ്ങൾ: ഹരികൃഷ്ണൻ

ഒരു വർഷം കേരളത്തിൽ മൂന്ന് ലക്ഷത്തിലധികം പാർപ്പിടങ്ങൾ ഉയരുന്നുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്. 2017–ൽ ഇരിങ്ങാലക്കുടയ്ക്കടുത്ത് പോത്താനി സ്വദേശി സന്ദീപിന്റെ വീടും അതിലുൾപ്പെട്ടു. 900 ചതുരശ്രയടി മാത്രമുള്ള ഈ വീട് പക്ഷേ, സമൂഹമാധ്യമങ്ങളിൽ താരമായത് വളരെ പെട്ടെന്നായിരുന്നു. കാരണം, ഈ വീടിന് ചെലവായത് വെറും അഞ്ച് ലക്ഷം രൂപയാണ്.

പുനരുപയോഗിക്കാം, കഴിവതും

പരിസ്ഥിതി പ്രവർത്തകനായ സന്ദീപിന് ഗൃഹനിർമാണം എങ്ങനെ വേണമെന്ന് കൃത്യമായി നിശ്ചയമുണ്ടായിരുന്നു. കഴിവതും പരിസ്ഥിതിസൗഹാർദമായ രീതിയിൽ പണിയുക. സാമഗ്രികൾ പുനരുപയോഗിക്കുക എന്നതാണ് അതിനുള്ള ഏറ്റവും നല്ല വഴി.

‘‘ സാധാരണ രീതിയിൽ വീട് പണിയുമ്പോൾ സാമഗ്രികൾ കണ്ടെത്തുന്നത് എളുപ്പമാണ്. മൂന്നോ നാലോ കടകളിൽ കയറിയാൽ നമുക്കിഷ്ടപ്പെട്ടവ ലഭിക്കുമായിരിക്കും. എന്നാൽ പുനരുപയോഗിക്കാനുള്ള സാമഗ്രികൾക്ക് നല്ല അലച്ചിൽ വേണ്ടിവരും. ഒരിക്കൽ ഉപയോഗിച്ചിരുന്നതിനാൽ അവയുടെ ഈടും ഉറപ്പുമെല്ലാം പലകുറി പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്.’’ സന്ദീപ് പറയുന്നു.

സാധാരണ രീതിയിലാണ് ഫൗണ്ടേഷൻ ഒരുക്കിയത്. തറയിൽ നിന്നുയർന്ന് പുറത്തേക്ക് അ ൽപം തള്ളിനിൽക്കുന്ന ശൈലിയിലാണ് വരാന്ത പണിതിട്ടുള്ളത്. ‘എട്ട് വണ്ണം’ രീതിയിൽ ഭിത്തി കെട്ടി. കട്ട ചരിച്ചു വച്ച് കെട്ടുന്ന ഈ ശൈലിയിൽ ഇടവിട്ടാണ് കട്ട വയ്ക്കുക. ലിന്റൽ ഹൈറ്റിലാണ് ഭിത്തി കെട്ടി നിർത്തിയത്.സ്റ്റീലിന്റെ ആംഗ്ലറുകളിൽ ഒാടു പാകി വീടിന് മേൽക്കൂര ഒരുക്കി. പഴയൊരു കെട്ടിടം പൊളിച്ചപ്പോൾ കിട്ടിയ ഒാടാണ് ഉപയോഗിച്ചത്. ആഞ്ഞിലിയും മാവും കൊണ്ട് ജനലുകൾ നിർമിച്ചു. കൈവരികൾക്കും മുൻവശത്തെ ജനാലയുടെ അഴികൾക്കും സ്റ്റീൽ ഉപയോഗിച്ചു.

900-c

ഒരു കലാകാരന്റെ വൈഭവത്തോടെയാണ് സന്ദീപ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. സ്ഥിരം കാഴ്ചയായ ഷോപീസുകൾക്കൊന്നും ഈ വീട്ടിൽ സ്ഥാനമില്ല. പകരം വീട്ടിലെത്തന്നെ പല വസ്തുക്കളും ഷോപീസുകളായി മാറിയിട്ടുണ്ട്. മീൻ പിടിക്കാനുള്ള ഒറ്റാൽ വരെ അലങ്കാരവസ്തുവിന്റെ റോളിലാണ്!

മാവിൻപലക കൊണ്ടാണ് ഇവിടത്തെ ഇൻബിൽറ്റ് സോഫ. ഇതിനടിയിൽ സ്റ്റോറേജിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. തൂവെള്ള നിറം നൽകിയിട്ടുള്ള ഡൈനിങ്ടേബിളും പാർക്ക്ബെഞ്ചിന്റെ മാതൃകയിൽ ചെയ്തിട്ടുള്ള ഇരിപ്പിടങ്ങൾക്കും അവലംബം മാവിൻതടി തന്നെ.

തറയോടെന്ന് തോന്നിക്കുന്ന തരം വിട്രിഫൈഡ് ടൈലുകളാണ് നിലത്ത് പാകിയിട്ടുള്ളത്. ചെറിയ കേടുപാടുകൾ പറ്റിയ ടൈലുകൾ കമ്പനിയിൽ നിന്ന് കുറ‍ഞ്ഞ വിലയ്ക്ക് ലഭിച്ചു. പഴയ വീട്ടുസാധനങ്ങൾ വിൽക്കുന്നൊരു കട കണ്ടെത്തിയത് നേട്ടമായി. തടിയിൽ തീർത്തൊരു ഫാമിലി കോട്ട് 8000 രൂപയ്ക്ക് സ്വന്തമാക്കാനായി. രണ്ട് കിടപ്പുമുറികളാണ് വീട്ടിലുള്ളത്. ഉള്ളിലും വെളിയിലുമായി രണ്ട് ബാത്റൂമുകളും.

900-d

ഹാളിന്റെ ഒരു മൂലയ്ക്കായാണ് അടുക്കള ഒരുക്കിയത്. തേക്കാത്ത അരഭിത്തിയാണ് അടുക്കളയെ വേർതിരിക്കുന്നത്. കടുംനിറം നൽകിയ അടുക്കളച്ചുവരിന്റെ ജനലിന് അഴിയായത് മുളങ്കമ്പുകൾ. പാതകത്തിൻമേലും മുളയും കയറും കൊണ്ടുള്ള അലങ്കാരങ്ങൾ കാണാം. പിൻവശത്തായി യൂട്ടിലിറ്റി ഏരിയയ്ക്കും സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

നാലംഗ കുടുംബത്തിന് ഭക്ഷണം തയാറാക്കാ ൻ ഇത്രയും ചെറിയ അടുക്കള മതിയോ എന്ന് സംശയം തോന്നി. പക്ഷേ, വീട്ടുകാരി ഉമയുടെ ചോദ്യമിങ്ങനെ ‘ഇതിൽകൂടുതൽ എന്താണ് വേണ്ടത്?’

രാഷ്ട്രീയ, സാമൂഹികമായ പല ഘടകങ്ങളും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് സന്ദീപ് പറയുന്നു. ‘‘ഇന്ന് പല വീടുകളിലും അനാവശ്യമായ ഒട്ടേറെ മുറികളുണ്ട്. ഈ വീട്ടിൽ അതുണ്ടാവില്ല എന്ന് തീരുമാനിച്ചിരുന്നു. അതുപോലെ പ്ലാസ്റ്റിക്കിനെ പടിക്കകത്തു കയറ്റുന്നതിലും കർശനമായ നിയന്ത്രണമുണ്ട്. മൊബൈൽ ഫോണാണ് മറ്റൊരപകടം. മൊബൈൽ കിടപ്പുമുറിയിലേക്ക് കൊണ്ടുവരുന്നതിനോട് തീരെ യോജിപ്പില്ല. അതിനാൽ ബെഡ്റൂമിൽ പ്ലഗ്പോയിന്റ് നൽകിയിട്ടില്ല.’’ സന്ദീപ് പറയുന്നു.

900-e

ചുറ്റുവട്ടത്തുള്ളവർ തന്നെയായിരുന്നു പണിക്കാർ. സന്ദീപിന്റെ മനസ്സിലുള്ള പ്ലാൻ കേട്ടപ്പോൾ എന്തോ തമാശയാണെന്നാണ് അവർ കരുതിയത്. സംഗതി സീരിയസ്സാണെന്ന് മനസ്സിലാക്കിയപ്പോൾ എല്ലാവരും കട്ടയ്ക്ക് കൂടെ നിന്നു. അരക്കിറുക്കാണോ എന്ന ചോദ്യങ്ങളെല്ലാം ചിരിച്ചുകൊണ്ടു തള്ളി.

രണ്ട് മാസം മുമ്പാണ് പണി പൂർത്തിയാക്കി താമസം തുടങ്ങിയത്. വീട് കണ്ടവർക്ക് ഞെട്ടാതിരിക്കാൻ സാധിച്ചില്ല. അഞ്ച് ലക്ഷത്തിന് തീർന്നു എന്നത് പലർക്കും ഇപ്പോഴും വിശ്വാസമായിട്ടില്ല. അവർക്കായി സന്ദീപിന്റെ കയ്യിൽ കൃത്യമായ കണക്കും കാര്യങ്ങളുമുണ്ട്. മുൻവശത്ത് ഏറുമാടവും കുളവും ഒരുക്കാനുള്ള തയാറെടുപ്പിലാണ് ഇദ്ദേഹം.

900-f

ഇരിങ്ങാലക്കുട ഒാൺലൈൻ എന്ന വാർത്താ വെബ്സൈറ്റ് നടത്തുന്ന സന്ദീപ് ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമാണ്. ‘സ്വപ്നം’ എ ന്നാണ് വീടിന് പേരിട്ടിരിക്കുന്നത്. സ്വന്തമായി ഒ രു വീടെന്നത് സ്വപ്നമാകുന്ന കാലത്ത് സന്ദീപിന്റെ സ്വപ്നത്തിന് പ്രസക്തി ഏറെയാണ്. ഈ സ്വപ്നം മറ്റുള്ളവർക്കും പ്രചോദനമാകട്ടെ. ■

900-a

ചെലവുകൾ ഒറ്റ നോട്ടത്തിൽ

തറ,ബെൽറ്റ് – 73,500

ഫ്ലോറിങ് – 26,000

ചുമർ – 1,55,000

മരപ്പണി – 43,000

മേൽക്കൂര – 1,39,000

പെയിന്റിങ് – 14,000

പ്ലംബിങ്, ഇലക്ട്രിക് – 36,000

മറ്റ് ചെലവുകൾ – 11,500

900-b