അഞ്ച് സെന്റിൽ താഴെ സ്ഥലമേയുള്ളൂ. അവിടെ ഇരുനില വീട്. രണ്ട് നിലകളും ഓരോ സ്വതന്ത്ര വീട് ആയി ഉപയോഗിക്കാൻ കഴിയുന്നതുമായിരിക്കണം എന്നായിരുന്നു വീട്ടുകാരുടെ പ്രധാന താൽപര്യം. മാസ്റ്റർ ബെഡ്റൂമും കിഡ്സ് റൂമും കോമൺ ഏരിയയും ഉള്ള രണ്ട് യൂണിറ്റുകൾ മുകളിലും താഴെയും പ്ലാൻ ചെയ്തു. അകത്തു നിന്നും കാർ പോർച്ചിൽ നിന്നും പ്രവേശിക്കാവുന്ന വിധത്തിലാണ് ഗോവണിക്ക് സ്ഥാനം കൊടുത്തത്. വീട്ടുസഹായികൾക്ക് ഉപയോഗിക്കാവുന്ന ഒരു ടോയ്‌ലറ്റും താഴത്തെ നിലയിൽ ക്രമീകരിച്ചു.
കാര്യക്ഷമതയോടെ മുൻകാഴ്ച
ചെറിയ പ്ലോട്ട് ആയതുകൊണ്ട് വീട്ടുകാരുടെ സ്വകാര്യത പ്രത്യേകം കണക്കിലെടുത്താണ് എലിവേഷൻ ഡിസൈ ൻ ചെയ്തത്. താഴത്തെ ബെഡ്റൂമുകളുടെ മുകളിൽത്തന്നെയാണ് മുകളിലെ ബെഡ്റൂമുകൾ. മാസ്റ്റർ ബെഡ്റൂമുകളിലേക്ക് തൊട്ടടുത്ത പ്ലോട്ടിൽ നിന്ന് കാഴ്ചയെത്താതിരിക്കാൻ ജാളികൾ നൽകി. വീടിന്റെ മുൻവശത്തുമാത്രം അധികം കെട്ടിടങ്ങൾ ഇല്ല. ഇവിടെ ബാൽക്കണികൾ നൽകിയതിനാൽ കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കുന്നു.
സോഫ്റ്റ് ഇന്റീരിയർ
മിനിമൽ തീമിലാണ് ഇന്റീരിയറും എക്സ്റ്റീരിയറും ചെയ്തത്. വൈറ്റ്, ഗ്രേ എന്നീ രണ്ട് പ്രധാന നിറങ്ങളും ടീൽ ഗ്രീൻ (teal green) കോംപ്ലിമെന്ററി നിറവും എന്ന രീതിയിൽ. മിനിമൽ രീതിയിൽ തന്നെ മെറ്റീരിയലും ഉപയോഗിച്ചു. ചൂരൽ, തടി കോംബിനേഷനാണ് ഫർണിച്ചർ. യുപിവിസി ജനലും സ്റ്റീൽ വാതിലും നൽകി. ബാത്റൂമുകൾക്ക് FRC വാതിലുകളാണ്.
ഔട്ട്ഡോർ സ്പേസുകൾ
ചെറിയ പ്ലോട്ട് ആയതുകൊണ്ടുതന്നെ മുറ്റം ധാരാളമില്ല. മാത്രമല്ല, സ്വകാര്യതയും പ്രശ്നമാണ്. ഡൈനിങ്ങിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന ഭാഗം ചെറിയൊരു കോർട്‌യാർഡ് ആക്കിമാറ്റി. നിരക്കി നീക്കാവുന്ന വാതിലുകൾ തുറന്നിട്ടാൽ വലിയ സ്പേസ് അനുഭവപ്പെടുകയും ചെയ്യും. ഡൈനിങ് ഏരിയയെ പ്രകാശമാനമാക്കുന്നതിൽ കോർട്‌യാർഡ് വലിയ പങ്കുവഹിക്കുന്നു.
ഓപ്പൺ ഏരിയ
അകത്തളത്തിൽ കൂടുതൽ സ്പേസ് തോന്നിക്കാൻ ലിവിങ് ഡൈനിങ് കിച്ചൻ ഓപ്പൺ ശൈലിയിൽ ക്രമീകരിച്ചു. ഡൈനിങ് ഏരിയ വ്യത്യസ്തമാക്കിയത് ഹാൻഡ്മെയ്ഡ് ഡിസൈനിലുള്ള ടൈലുകളിലൂടെയാണ്. വാസ്തു നോക്കിയാണ് മുറികൾ ക്രമീകരിച്ചത്. അടുക്കളയുടെ സ്ഥാനവും അങ്ങനെത്തന്നെ. മറൈൻ പ്ലൈവുഡിൽ മൈക്ക ഒട്ടിച്ചാണ് കബോർഡുകളുടെ നിർമാണം. അല്പം ലക്ഷ്വറി ഫീൽ നൽകാൻ സിങ്കും വാഷ്ബേസിനും ബ്രോൺസ് ഫിനിഷ് നൽകി.
അടുക്കളയുടെ അഴക്
തടിയുടെ നിറവും കറുപ്പിനോടടുത്ത ചാരനിറവുമാണ് അടുക്കളയ്ക്കു നൽകിയത്. സ്പ്ലാഷ്ബാക്കിന് ഹാൻഡ് മെയ്ഡ് ഡിസൈനുള്ള ടൈൽ ഭിത്തിയിൽ നൽകി. ഗോവണിയുടെ താഴെയുള്ള സ്ഥലം അടുക്കളയുടെ ഭാഗത്തോടു കൂട്ടിച്ചേർത്തു. U ആകൃതിയിലുള്ള അടുക്കളയുടെ ഒരു ഭാഗത്ത് സീലിങ് താഴ്ന്നാണ് നിൽക്കുന്നതെങ്കിലും അല്പം പോലും സ്ഥലനഷ്ടമുണ്ടാകാതിരിക്കാൻ ഇത് സഹായിച്ചു. മുകളിലെ നിലയിലും ഒരു അടുക്കളയുണ്ട്. കബോർഡുകൾ കൂടുതൽ നൽകാൻ സ്ട്രിപ് ആകൃതിയിലാണ് ജനൽ നൽകിയത്.
മുകളിലെ ഓഫിസ് റൂം കം ലൈബ്രറി
കഴിയുമെങ്കിൽ ഒരു ഓഫിസ് റൂമിനും സ്ഥലം കണ്ടെത്തണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. മുകളിലെ നിലയിൽ ഗോവണിയുടെ ലാൻഡിങ്ങിൽ നിന്ന് പ്രത്യേക വാതിൽ കൊടുത്ത് ഓഫിസ് റൂം ക്രമീകരിച്ചു. പോർച്ചിന്റെ മുകളിൽ വരുന്ന ഈ ഓ ഫിസ് റൂമിൽ നിന്ന് നിരക്കി നീക്കാവുന്ന ഗ്ലാസ് വാതിലിലൂടെ ബാൽക്കണിയിലേക്ക് ഇറങ്ങാം.
തനിമയോടെ കിടപ്പുമുറികൾ
താഴത്തെ കിടപ്പുമുറികളുടെ നേർമുകളിലാണ് മുകളിലെ കിടപ്പുമുറികൾ. വാസ്തുപ്രകാരമാണ് മുറികളുടെയെല്ലാം സ്ഥാനം കണക്കാക്കിയത്. മാസ്റ്റർ ബെഡ്റൂമുകൾ രണ്ടിലും ബേവിൻഡോ കൊടുത്തു. വാഡ്രോബുകൾക്ക് നിരക്കിനീക്കാവുന്ന വാതിലുകൾ കൊടുത്തത് പരമാവധി സ്ഥലനഷ്ടം കുറയ്ക്കാനാണ്. കിഡ്സ് ബെഡ്റൂമിന്റെ ബാത്റൂമിന്റെ വാതിൽ വാഡ്രോബുകളുടെ വാതിലുകളുടെ അതേ ശൈലിയിൽ നിർമിച്ചു. പെട്ടെന്ന് വാതിൽ തിരിച്ചറിയാനാവാത്ത വിധത്തിലാണ് നിർമാണം.
ചിത്രങ്ങൾ: കെ. കെ. സുജിത്
Area: 2300 sqft Owner: ജോമോൻ ജോയ്സ് & ഗിഫ്ടി പെരയിൽ Location: ഉള്ളൂർ,തിരുവനന്തപുരം
Design: Design Diagonals, തിരുവനന്തപുരം Email: designdiagonals@gmail.com