Tuesday 22 September 2020 05:25 PM IST : By Ali Kootayi

അഞ്ച് സെന്റിൽ, 1900 സ്ക്വയർഫീറ്റ് വീട്; പ്രകൃതിയോടിണങ്ങിയ ഈ വീടിന്റെ ചെലവ് കുറച്ചതിങ്ങനെ...

Ali1

കോൺക്രീറ്റ് വീടുകളല്ല വേണ്ടെതെന്ന് ക്ലയിന്റിനെ ബോധ്യപ്പെടുത്തുകയും പ്രകൃതിയോടിണങ്ങിയ വീടുകൾ നിർമിക്കാൻ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന ഡിസൈനറാണ് വാജിദ് റഹ്മാൻ. ചെറിയ പ്ലോട്ടിന്റെയും ബജറ്റിന്റെയും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വാജിദ് ഡിസൈൻ ചെയ്തതാണ് മലപ്പുറം മഞ്ചേരിയിലുള്ള സുപ്രഭയുടെ വീട്. വീട്ടുകാരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ക്രിയാത്മക ക്രമീകരണമാണ്. അഞ്ച് സെന്റിൽ 1900 ചതുരശ്രയടിയാണ് വീട്.

Ali2

ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ്  പ്രധാനമായും ക്രമീകരിച്ചിരിക്കുന്നത്. കന്റെംപ്രറി ശൈലിയിൽ ഒരുക്കിയ വീടിന്റെ പുറംകാഴ്ചയ്ക്ക് ഭംഗി കൂട്ടുന്നത് ക്ലാഡിങ് സ്റ്റോണുകളും ബ്രിക്ക് ക്ലാഡിങ്ങും ആണ്. ട്രസ്സ് റൂഫ് നൽകി ടെറാക്കോട്ട റൂഫ് ടൈലുകൾ വിരിച്ചു.

Ali5

 ഡബിൾ ഹൈറ്റിലാണ് ലിവിങ് ക്രമീകരിച്ചത്.  ഇത് അകത്തളങ്ങൾക്ക് കൂടുതൽ വിശാലത നൽകുന്നുണ്ട്. പഴയ വീട് പൊളിച്ചായിരുന്നു പുതിയ വീട് പണിതത്. അതുകൊണ്ടുതന്നെ ഫർണിച്ചർ പലതും പുനരുപയോഗിക്കാൻ കഴിഞ്ഞു. വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിൽ വിരിച്ചത്. ഇളം നിറങ്ങളാണ് അകത്തളത്തിൽ കൂടുതലും നൽകിയിരിക്കുന്നത്. വേർതിരിവ് നൽകാനായി പിങ്ക്, റെഡ് നിറങ്ങളും നൽകിയിട്ടുണ്ട്.

Ali4

കാന്റിലിവർ കൊടുത്താണ് ഗോവണിയുടെ ഡിസൈൻ. എംഎസ് സ്ക്വയർ പൈപ്പും തടിയും ഉപയോഗിച്ചാണ് പടികൾ. കൈവരികൾക്ക് സ്‌റ്റീലും ഗ്ലാസും നൽകി. വൈറ്റ് തീമിൽ ലളിതമായ അടുക്കള. കബോർഡും ഷട്ടറുകളും അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തെടുത്തു. സമീപം വർക്ക്‌ഏരിയയും നൽകി. മൂന്ന് കിടപ്പുമുറികളും വലിയ ആഡംബരമില്ലാതെ ലളിതമായാണ് ക്രമീകരിച്ചത്. വാർ‌ഡ്രോബ് സൗകര്യം നൽകിയിട്ടുണ്ട്. മുറികളിലെ ഒരു ഭിത്തി ഹൈലൈറ്റ് ചെയ്തിട്ടുമുണ്ട്. ക്രോസ് വെന്റിലേഷൻ ലഭിക്കുംവിധം ജനലുകൾ ക്രമീകരിച്ചത് അകത്തളത്തിൽ സുഖകരമായ അന്തരീക്ഷം നൽകുന്നു.

Ali3

ചെലവ് കുറച്ച ഘടകങ്ങൾ

* പ്രാദേശികമായി ലഭ്യമായ നിർമാണവസ്തുക്കൾ ഉപയോഗിച്ചു വീട് പണിതു.

* കോൺക്രീറ്റ് ഉപയോഗം കുറച്ചു. ഓപൺ ടെറസിൽ മാത്രമാണ് കോൺക്രീറ്റ് സീലിങ് വരുന്നത്.

* വീടിന്റെ വലുപ്പം കുറച്ചു. ഉള്ള സ്ഥലം പരമാവധി ഉപയോഗപ്പെടുത്തി.  

* തടിയുടെ ഉപയോഗം കുറച്ചു. അലുമിനിയം ഫാബ്രിക്കേഷൻ, എം.എസ് പൈപ്പ് എന്നിവ ഉപയോഗിച്ചു.

* പഴയ ഫർണിച്ചർ പുനരുപയോഗിച്ചു.

കടപ്പാട്: വാജിദ് റഹ്മാൻ, Hierarchytects, Mankada, hierarchytects@gmail.com