Thursday 25 July 2019 06:31 PM IST : By സ്വന്തം ലേഖകൻ

നാല് ബെഡ്റൂം വീട്, ചെലവ് വെറും 33 ലക്ഷം രൂപ! അഞ്ച് സെന്റിൽ സ്വപ്നഭവനമൊരുങ്ങിയത് ഇങ്ങനെ

home

വീട് ഒരു സ്വപ്നമായിരുന്നു പ്രഭാകരന്. മകൻ പ്രബീഷ് വിദേശത്തു ജോലിക്കു പോയതൊടെ സ്വപ്നം യാഥാർഥ്യമായി. അഞ്ച് സെന്റിൽ 1650 ചതുരശ്രയടിയിൽ സ്വപ്നഭവനം ഉയർന്നു. പ്രബീഷിന്റെ കൂട്ടുകാരൻ സജീന്ദ്രൻ കൊമ്മേരിയാണ് വീടിന്റെ ഡിസൈനർ. കന്റെംപ്രറി ശൈലിയിലുള്ള വീട് 33 ലക്ഷത്തിന് പണി തീർത്തു.

h3

കോഴിക്കോട് മീഞ്ചന്തയിലെ അഞ്ച് സെന്റ് കുടുംബ സ്വത്തായി കിട്ടിയതാണ്. ഇരുവശത്തുനിന്നും വീട്ടിലേക്കു വഴിയുണ്ട്. അതുകൊണ്ടുതന്നെ രണ്ട് ഭാഗങ്ങളിലെയും എക്സ്റ്റീരിയർ കാഴ്ചയിൽ വ്യത്യസ്തമാകണമെന്ന ആശയം വന്നു. വീടിന്റെ മൂലകളിലെ ജനലുകൾ കൂടുതൽ കാറ്റും വെളിച്ചവും അകത്തെത്തിക്കുന്നതോടൊപ്പം വീടിന്റെ ഡിസൈനിനോട് ചേർന്നു നിൽക്കുകയും ചെയ്യുന്നു.

h1

ചെറിയ സിറ്റ്ഔട്ട് സ്ഥല പരിമിതി കണക്കിലെടുത്ത് ഡിസൈൻ ചെയ്തതാണ്. വീടിന്റെ ഹ‍ൃദയഭാഗം ലിവിങ് റൂമാണ്. വിശാലമാണെന്ന് തോന്നിക്കാൻ ഡബിൾഹൈറ്റിലാണ് ഈ മുറി നിർമിച്ചത്. കാറ്റും വെളിച്ചവും അകത്തെത്തിക്കാൻ മേൽക്കൂരയിലെ പർഗോളയും വലിയ ജനലുകളുമുണ്ട്.

തടി കൊണ്ടുള്ള ക്യൂരിയോ ഷെൽഫുകൊണ്ടാണ് ലിവിങ്ങിൽനിന്ന് ഡൈനിങ് ഏരിയ വേർതിരിച്ചത്. അകത്തളത്തിൽ വിട്രിഫൈഡ് ടൈൽ ഫ്ലോറിങ് ആണ്. ചിലയിടത്ത് വുഡൻ ഫിനിഷ് ടൈലും പരീക്ഷിച്ചു.

h2

ലിവിങ്, ഡൈനിങ് ഏരിയകളിലേക്ക് തുറന്ന അടുക്കളയാണ്. മൾട്ടിവുഡിൽ പണിത കാ ബിനുകൾ അടുക്കളയെ മനോഹരമാക്കുന്നു. ചെറുതും സൗകര്യമുള്ളതുമായ നിറഞ്ഞതുമായ അടുക്കളയിൽ എല്ലാം കയ്യെത്തും ദൂരത്ത് ലഭിക്കും. താഴെയും മുകളിലുമായി രണ്ട് വീതം കിടപ്പുമുറികളാണുള്ളത്. എല്ലാം ബാത് അറ്റാച്ച്ഡ്.

ഇന്റീരിയറിന്റെ പ്രധാന ആകർഷണമാണ് ഗോവണി. ഗോവണിയുടെ ആദ്യ ലാൻഡിങ് വരെ ഹാൻഡ്റെയിലിനു പകരം സ്റ്റീൽ റോപ്പുകൾ നൽകി. ബാക്കി ടഫൻഡ് ഗ്ലാസും സ്റ്റീലും ചേർന്ന ഹാൻഡ്റെയിലും. വീടെന്ന സന്തോഷം ആസ്വദിക്കുകയാണ് പ്രഭാകരനും കുടുംബവും.

വിവരങ്ങൾക്ക് കടപ്പാട്; സജീന്ദ്രൻ കൊമ്മേരി– 93 88 33 88 33

Tags:
  • Budget Homes