Monday 18 February 2019 05:11 PM IST : By സ്വന്തം ലേഖകൻ

കണ്ണാടിയിൽ തീർത്തൊരീ സ്വപ്നക്കൂട്; 1400 ചതുരശ്ര അടിയിൽ ഒരുങ്ങിയ അടിപൊളി ഫ്ലാറ്റ്; ചിത്രങ്ങൾ

flat

ഒരുപോലിരിക്കുന്ന ഫ്ലാറ്റുകളുടെ അകത്തളങ്ങൾ വീട്ടുകാരുടെ താൽപര്യത്തിനും സൗകര്യത്തിനും ഇണങ്ങുംവിധം മാറ്റിയെടുക്കുക എന്നതാണ് ഡിസൈനറുടെ മിടുക്ക്. ബെംഗളൂരുവിൽ സജാപൂരിൽ ഏബ്രഹാം മാത്യുവിന്റെ 1400 ചതുരശ്രയടിയിലുള്ള ഇൗ ഫ്ലാറ്റിലും കാണാം അത്തരമൊരു മികവ്.

താഴത്തെ നിലയിലായതിനാൽ അതിന്റെ ഗുണങ്ങളും പോരായ്മകളും കണക്കിലെടുത്താണ് കൊച്ചുതൊമ്മനും സാറയും ഡിസൈൻ മെനഞ്ഞെടുത്തത്. സ്ഥലപരിമിതിയുള്ളതിനാൽ ഒാരോ ഇഞ്ചും ശ്രദ്ധയോടെയാണ് ഡിസൈൻ ചെയ്തത്. ബ്ലാക് & വൈറ്റ് തീം ആണ് വീട്ടുകാരുടെ ഇഷ്ടമെന്നതിനാൽ പ്രാധാന്യം കൊടുത്തിരിക്കുന്നതും ഇതേ നിറങ്ങൾക്കുതന്നെ.

Living Area

ചെറിയ സ്ഥലമേ ഉള്ളൂ ലിവിങ്ങിൽ. ‘L’ ആകൃതിയിലുള്ള സോഫയും ഡിസൈൻ ചെയ്തു പണിയിപ്പിച്ച ടീപോയും ആണ് ഇവിടത്തെ ഫർണിച്ചർ. സോഫയെ അത്യാവശ്യത്തിന് ബെഡ് ആക്കി മാറ്റാം. ലിവിങ്ങിൽ നിന്ന് സ്ലൈഡിങ് ഡോർ വഴി പുറത്തെ ഗാർഡൻ സ്പേസിലേക്കെത്താം. എന്നാൽ ലിവിങ്ങിലെ ശ്രദ്ധാകേന്ദ്രം ടിവി വോൾ ആണ്. ടിവിയുടെ പിറകിൽ പാനലിങ് ചെയ്തത് ആഡംബര പ്രതീതി നൽകുന്ന കറുത്ത ഗ്ലാസ്കൊണ്ട്. അഞ്ച് അടിയോളം ഉയരമുണ്ട് ഇതിന്.

flat-2

Foyer

ഫ്ലാറ്റിനകത്തേക്ക് പ്രവേശിക്കുന്നത് ഇൗ ഫോയറിലൂടെയാണ്. വീട്ടുപേര് എഴുതിവച്ചിരിക്കുന്നത് ടെക്സ്ചർ ചെയ്ത ഭിത്തിയിൽ. താക്കോലുകൾ, ചെരുപ്പുകൾ തുടങ്ങിയവയൊക്കെ ഇവിടെയുള്ള കൺസോൾ ടേബിളിൽ വയ്ക്കാം. പുറത്തുവരുമ്പോഴും അകത്തുകടക്കുമ്പോഴും നോക്കാൻ പറ്റുന്ന വിധത്തിൽ കണ്ണാടിയും പിടിപ്പിച്ചു.

flat-10

Kitchen

സൂപ്പർ താരം കിച്ചനാണെന്ന കാര്യത്തിൽ തർക്കമില്ല. ഡൈനിങ്ങിലേക്ക് പൂർണമായി തുറക്കുന്ന കിച്ചൻ തീർത്തും മോഡേൺ ആണ്. ബിൽറ്റ്–ഇൻ ആയാണ് എല്ലാ ഉപകരണങ്ങളും സ്ഥാപിച്ചത്. ചുവന്ന നിറത്തിലുള്ള ഏറ്റവും പുതിയതരം മാഗ്‌നറ്റിക് ഗ്ലാസ് ആണ് അടുക്കളയിലെ ഭിത്തിയിൽ. ഇതിൽ ബൈബിൾ വചനങ്ങൾ എഴുതി വച്ചിരിക്കുന്നത് വീട്ടുകാരുടെ പ്രത്യേക ആഗ്രഹപ്രകാരം.

flat-4

Dining Area

അടച്ചതും തുറന്നതുമായ രണ്ടു തരം ബോക്സ് ഷെൽഫുകളാണ് ഡൈനിങ് ഏരിയയിലെ ചുവരിലുള്ളത്. അലങ്കാരവസ്തുക്കളും ഫോട്ടോകളുമൊക്കെ ഒാപൻ ഷെൽഫിൽ വയ്ക്കാം. അല്ലാത്തവയ്ക്ക് അടഞ്ഞ ഷെൽഫുകൾ ഉപയോഗിക്കാം. വെളുത്ത ഡൈനിങ് ടേബിളിനും കസേരകൾക്കും തിളക്കം കൂട്ടാൻ നിറമുള്ള ഗ്ലാസ്സുകളും പ്ലേറ്റുകളും കൊടുത്ത് ഡൈനിങ് ഏരിയ പ്രസരിപ്പുറ്റതാക്കി.

flat-3

Bedrooms

മൂന്നു കിടപ്പുമുറികളാണ് ഫ്ലാറ്റിലുള്ളത്. മൂന്നിനും മൂന്നു തരത്തിലാണ് ഇന്റീരിയർ ഒരുക്കിയത്. പിങ്ക് നിറവും ഫർണിഷിങ്ങും ഒെക്കയായി കുട്ടികളുടെ മുറി അടിപൊളിയാക്കിയപ്പോൾ വുഡ് ഫിനിഷിനാണ് മാസ്റ്റർ ബെഡ്റൂമിൽ മുൻതൂക്കം. മുറിക്ക് വലുപ്പം തോന്നിക്കാൻ കണ്ണാടിയും കൊടുത്തിട്ടുണ്ട്. ഗെസ്റ്റ് ബെഡ്റൂമിന് കൂടുതൽ കടുത്ത നിറങ്ങളാണുള്ളത്. ഇവിടെ നിന്ന് പുറത്തെ ഗാർഡൻ ഡെക്കിലേക്ക് ഇറങ്ങിയിരിക്കാനുള്ള സൗകര്യവും ഉണ്ട്.

flat-5
flat-7

Bathroom

രണ്ട് കൊച്ചു ബാത്റൂമുകൾ ഒന്നിപ്പിച്ച് വലുതൊരണ്ണമാക്കി മാറ്റിയതാണ് ഡിസൈനിനെ മികച്ചതാക്കിയ ഒരു കാര്യം. ആഡംബര സ്നാനാനുഭവം തന്നെയാണ് ഇവിടെ ഒരുക്കിയത്. പ്രത്യേക വാഷ്, ഡ്രൈ, വെറ്റ് ഏരിയകൾ ക്രമീകരിച്ച് ബാത്റൂമിന് വിശാലതയും ഫ്രഷ്നെസ്സും ഉറപ്പുവരുത്തി. ■

flat-8

Project Facts

Area: 1400 sqft

Design by:

െകാച്ചുതൊമ്മൻ മാത്യു,

സാറ കൊച്ചുതൊമ്മൻ

കെടിഎ ഇന്റീരിയേഴ്സ്,

ബെംഗളൂരു, കൊച്ചി

sarah@ktainteriors.com

Location:

സജാപൂർ, ബെംഗളൂരു

Year of completion:

2017