Friday 07 September 2018 04:06 PM IST : By സിനു കെ ചെറിയാൻ

ഒരാൾപ്പൊക്കത്തിൽ മതിലു കെട്ടുന്ന ശീലം ഇനി നമുക്ക് വേണ്ട; ഈ പ്രളയ കാലം നമ്മെ പഠിപ്പിക്കുന്നത്

veedu-wall

മതിലായിരുന്നു യഥാർഥ വില്ലൻ. വെളളപ്പൊക്കത്തിന്റെ ആഘാതം കൂട്ടിയും രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തിയുമെല്ലാം മതിൽ തനിനിറം കാട്ടിയ നാളുകളാണ് കടന്നുപോയത്. ഇപ്പോൾ നാം കെട്ടിപ്പൊക്കുന്നതുപോലെയുള്ള മതിലുകൾ കേരളത്തിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും ഒട്ടും യോജിച്ചതല്ല എന്ന യാഥാർഥ്യം ഇനിയെങ്കിലും നാം അംഗീകരിച്ചേ മതിയാകൂ.

നീരൊഴുക്കും കാറ്റും തടസ്സപ്പെടും എന്നതുതന്നെയാണ് മതിലുകൊണ്ടുള്ള പ്രധാന ദോഷം. ഇപ്പോഴുണ്ടായതുപോലെയുള്ള വെള്ളപ്പൊക്കവും മറ്റും ഉണ്ടാകുമ്പോൾ മതിലുകൾ സ്ഥിതി രൂക്ഷമാക്കുകയും ചെയ്യും. തൊട്ടടുത്ത പുരയിടങ്ങളിലൂടെ രക്ഷപ്പെടാനുള്ള സാധ്യത ഇല്ലാതാക്കും എന്നുമാത്രമല്ല രക്ഷാപ്രവർത്തന ബോട്ടുകൾക്ക് ഒരുവിധത്തിലും എത്താനാവാത്ത രീതിയിൽ തടസ്സമൊരുക്കുകയും ചെയ്യും. മതിലുകൾക്കു മുകളിൽ പിടിപ്പിച്ചിട്ടുള്ള അറ്റം കൂർപ്പിച്ച കമ്പികളിൽ തട്ടി രക്ഷാപ്രവർത്തനത്തിനെത്തിയ ബോട്ടുകൾക്കു കേടുപറ്റിയ സംഭവങ്ങളും നിരവധിയുണ്ടായി.

wall-1

നാലുചുറ്റും പൊക്കത്തിൽ മതിൽ കെട്ടിയാൽ പിന്നെ കള്ളന്മാരെയൊന്നും പേടിക്കേണ്ട എന്ന മിഥ്യാധാരണയാണ് ആദ്യം മാറ്റേണ്ടത്. കള്ളന്മാർക്ക് മതിലൊന്നും വലിയ തടസ്സമല്ല എന്നു മനസ്സിലാക്കണം. വാഹനങ്ങളുടെയും മറ്റും സുരക്ഷയ്ക്കായി മതിൽ വേണമെന്ന് നിർബന്ധമുള്ളവർക്ക് മതിലിന്റെ ഉയരം രണ്ട് അടിയായി നിജപ്പെടുത്താം. ചെറിയ മതിലാണെങ്കിൽപ്പോലും തറനിരപ്പിൽ വെള്ളം ഒഴുകിപോകാൻ പാകത്തിനുള്ള ഓപനിങ്ങുകൾ നൽകണം എന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. കുറഞ്ഞത് പത്ത് സെമീ വ്യാസമുള്ള ഓപനിങ് രണ്ട് മീറ്റ‍ർ ഇടവിട്ടെങ്കിലും നൽകണം.

സ്വകാര്യതയ്ക്കായി മതിലിന് ഉയരം കൂട്ടണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഫെൻസ് അല്ലെങ്കിൽ ജാളി രീതിയിലുള്ള മതിൽ മാത്രമേ നിർമിക്കാവൂ. ഇവയിൽ വള്ളിച്ചെടികൾ പടർത്തുകയാണ് നല്ല വഴി. രണ്ടടി പൊക്കമുള്ള മതിലിനു മുകളിൽ അങ്ങിങ്ങായി ട്രീറ്റ് ചെയ്ത മുളയോ പിവിസി പൈപ്പോ ഉറപ്പിച്ച് അതിൽ കയർ കെട്ടിയ ശേഷം വള്ളിച്ചെടികൾ പടർത്തുന്ന രീതിയും പിന്തുടരാവുന്നതാണ്. കമ്പിയുടെ ഉപയോഗം പരമാവധി ഒഴിവാക്കണം. പാഷൻഫ്രൂട്ട്, റങ്കൂൺ ക്ലൈംബർ, തുൻബെർജിയ, വൈൽഡ് അലമാൻഡ, ആകാശമുല്ല, ശംഖുപുഷ്പം തുടങ്ങിയവയൊക്കെ മതിലിൽ പടർത്താവുന്ന വള്ളിച്ചെടികളാണ്.

wall-2

മുൻഭാഗത്തല്ലാതെ വശങ്ങളിലും പിൻഭാഗത്തുമൊക്കെ മതിൽ ഒഴിവാക്കുക തന്നെയാണ് ഏറ്റവും ഉചിതം. അതിരു തിരിക്കണം എന്നുണ്ടെങ്കിൽ ‘ജൈവവേലി’ പിടിപ്പിക്കാം. വേലിപ്പരുത്തിയും കൊന്നയും നാട്ടുചെമ്പരത്തിയുമൊക്കെയായിരുന്നു മുമ്പുണ്ടായിരുന്ന മതിലുകൾ. കുറച്ചുകൂടി പരിഷ്കാരം വേണമെന്നുള്ളവർക്ക് ലാൻഡ്സ്കേപ്പിന്റെ ഭാഗമായി വരുംവിധം ജൈവവേലി ഒരുക്കാം. മിനിയേച്ചർ ബാംബൂ, യൂജീനിയ, ഗോൾഡൻ സൈപ്രസ്, കോണിഫർ എന്നിവയൊക്കെ അതിരിൽ നടാൻ പറ്റിയ ചെടികളാണ്.

wall-4

നിലവിൽ വീടുകൾക്കിടയിൽ വലിയ മതിലുള്ളവർ അടിയന്തരമായി ചെയ്യേണ്ട കാര്യം കുറച്ചിടത്തെങ്കിലും മതിലിടിച്ച് അവിടെ ചെറിയ ‘വിക്കറ്റ് ഗെയ്റ്റ് ’എങ്കിലും പിടിപ്പിക്കുകയാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ഇത് വളരെയധികം ഉപകരിക്കും.

wall-3

ഫോട്ടോ;  റോബർട്ട് വിനോദ്