Tuesday 17 December 2019 12:48 PM IST : By സോന തമ്പി

ഇടുങ്ങിയ പ്ലോട്ട്, പൊള്ളിക്കുന്ന ചൂട്; വീടിന് ചിറക് നൽകി ആർകിടെക്റ്റ് ദമ്പതികളുടെ ബുദ്ധി

wings-home

തൊട്ടുതൊട്ട പ്ലോട്ടുകളിൽ വീട് വരുമ്പോൾ ഉണ്ടാവുന്ന പൊല്ലാപ്പുകൾ എന്തെല്ലാമാണെന്ന് ഉൗഹിക്കാമല്ലോ. കാറ്റിന്റെയും വെളിച്ചത്തിന്റെയും കുറവാണ് പ്രധാനം. ഇനി, അതിനുവേണ്ടി വലിയ ജനാലകൾ ഭിത്തിയിൽ കൊടുത്താൽ അപ്പുറത്തെ വീട്ടുകാർക്ക് ഇങ്ങോട്ട് നല്ല കാഴ്ചയുമാവും.

നഗരത്തിലെ അഞ്ചര സെന്റിൽ അരുണിന്റെയും ടീമയുടെയും വീടിന് ഇത്തരം കുറവുകളൊന്നുമില്ല. അതിനു പിന്നിലുള്ളത് ആർക്കിടെക്ട് ദമ്പതികളായ ഷാജിയുടെയും സുമിയുടെയും ബുദ്ധി. ഇൗ വീടിന്റെ ദർശനം തെക്കോട്ടാണ്. പടിഞ്ഞാറുഭാഗത്തെ വെയിലിനെ പിടിച്ചുകെട്ടാനാണ് രണ്ടു ചിറകുകൾ അഥവാ fins കൊടുത്തത്. മുകളിലെ മാസ്റ്റർ ബെഡ്റൂമിലേക്ക് ചൂട് അടിച്ചുകയറാതിരിക്കാൻ പുറത്തേക്കു തള്ളിനിൽക്കുന്ന ചിറകുകൾക്കു കഴിയും. സൂര്യന്റെ പാതയിലുള്ള വെയിലിന്റെ ഏറ്റക്കുറച്ചിലുകൾ കണക്കാക്കിയാണ് ഇൗ സ്പൈറൽ വീട് പണിതിരിക്കുന്നത്.

wh-4

ഭിത്തിയിലുള്ള ജനലുകളുടെ പരമാവധി ഉയരം ഒന്നരയടിയാണ്. കാരണം ഉയരം കൂടിയാൽ ഷേഡിന് വലുപ്പം കൂടുതൽ വേണ്ടിവരും. ഇത്തരം ജനാലകൾക്ക് ഒരു അടി മാത്രമുള്ള ഷേഡുകൾ മതിയാകും. ഒരു തുള്ളി മഴവെള്ളം വീടിനകത്തേക്ക് കടക്കുകയുമില്ല. ചിറകുകൾ മുകളിൽ െടറസിലേക്ക് പൊങ്ങിനിൽക്കുന്നു. അതുകൊണ്ട് വീട്ടുകാരുടെ സ്വകാര്യസമയങ്ങൾ ടെറസിൽ ചെലവഴിക്കാനാവും. ടെറസിലെ വാട്ടർടാങ്ക് പുറമേനിന്നു കാണുന്ന അഭംഗിയും ഇല്ല. ഇൗ ചിറകുകൾക്ക് എത്ര പൊക്കമുണ്ടെന്നോ... ഏകദേശം 28 അടി.

wh-3

ചിറകുകളിൽ വലിയ രണ്ടു സുഷിരങ്ങൾ കാണാം. കാറ്റിന്റെ പാതയിലാണ് ഇൗ സുഷിരങ്ങൾ എന്നതിനാൽ കാറ്റിനെ തടസ്സപ്പെടുത്തുന്നതുമില്ല. ഗേറ്റിന് ചെലവു കുറഞ്ഞ പെർഫൊറേറ്റഡ് അയേൺ ഷീറ്റാണ്. വീടിന്റെ കേന്ദ്രഭാഗത്താണ് ഉൗണുമുറി. വീടിനകത്ത് വെളിച്ചമെത്തിക്കുകയെന്ന ജോലിയാണ് ഡൈനിങ്ങിലെ പർഗോളയ്ക്കുള്ളത്. വീടിന്റെ രൂപകൽപന തന്നെയാണ് ഇവിടത്തെ മുഖ്യ ആകർഷണം. മറ്റ് അലങ്കാരങ്ങൾ കുറവ്.

wh-1

ഡിസൈൻ: ഷാജി വേമ്പനാടൻ വർഗീസ്, സുമി ഷാജി

എസ് സ്ക്വയേർഡ് ആർക്കിടെക്ട്സ്, തിരുവനന്തപുരം.

wh-2
Tags:
  • Architecture