വിധിച്ചിട്ടുള്ളത് നമ്മെ തേടിയെത്തുക തന്നെ ചെയ്യും; സിനിമയിലായാലും ജീവിതത്തിലാജീവിതത്തിലായാലും! താരമാകുന്നതിനും മുൻപേ തന്നെ ഹണി റോസിന്റെ വിശ്വാസമാണിത്. കൊച്ചി മറൈൻഡ്രൈവിലെ കായൽക്കരയിൽ പുതിയ ഫ്ലാറ്റ് വാങ്ങിയതോടെ ഈ വിശ്വാസം ഒന്നുകൂടി സ്ട്രോങ്ങായി.
‘‘കൊച്ചിയിൽ ഒരു ഫ്ലാറ്റ് വേണമെന്ന ആഗ്രഹം ഒത്തിരി നാളായി മനസ്സിലുണ്ട്. എന്നാൽ, അതേപ്പറ്റി കാര്യമായി ഒന്നും ആലോചിച്ചിരുന്നുമില്ല. ആലുവയിലെ പഴയ ഫ്ലാറ്റിൽ അറ്റകുറ്റപ്പണി നടക്കുന്ന ഒരു മാസത്തേക്ക് ഹോട്ടലിൽ കഴിയാം എന്നാണ് ആദ്യം കരുതിയത്. ആകെ മടുപ്പാകുമെന്ന പേടി മനസ്സിലുണ്ടായിരുന്നു. തീർത്തും യാദൃച്ഛികമായാണ് മറൈൻഡ്രൈവിലെ അപാർട്മെന്റിലേക്കെത്തുന്നത്. പതിനൊന്നാം നിലയിൽ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റ്. ഒറ്റദിവസത്തെ താമസം കൊണ്ടു തന്നെ ഞാനതിന്റെ ആരാധികയായിപ്പോയി! എത്ര കണ്ടാലും കൊതിതീരാത്ത കാഴ്ചകൾ, എപ്പോഴും തണുത്ത കാറ്റ്, നല്ല സൗകര്യങ്ങൾ...
പതിനാറാം നിലയിൽ ഇതേ ഡിസൈനിലുള്ള ഒരു അപാർട്മെന്റ് കൊടുക്കാനുണ്ട് എന്നറിഞ്ഞതോടെ സന്തോഷമായി. 2023 സെപ്റ്റംബർ അഞ്ചിന്, ബർത്ഡേയുടെ അന്നാണ് കരാർ ഒപ്പിട്ടത്. ഒരു വർഷം കൊണ്ട് പണികളെല്ലാം പൂർത്തിയായി. ഇത്തവണത്തെ ബർത്ഡേ പുതിയ ഫ്ലാറ്റിലായിരുന്നു.’’
ഇളംനിറങ്ങളാണല്ലോ കൂടുതലും. ഇത് പ്രത്യേകം ആവശ്യപ്പെട്ടതാണോ?
അതെ... വലിയ ബഹളങ്ങളൊന്നും വേണ്ട എന്ന് പറഞ്ഞിരുന്നു. ഇളംനിറങ്ങൾ മനസ്സിന് സന്തോഷം തരും. ‘ജാപ്പൻഡി’ സ്റ്റൈലിലുള്ള കുറേ റഫറൻസ് ചിത്രങ്ങൾ ഇന്റീരിയർ ടീമിനെ കാണിച്ചിരുന്നു. ജാപ്പനീസ് സ്കാൻഡിനേവിയൻ ശൈലികളുടെ സമന്വയമാണ് ജാപ്പൻഡി സ്റ്റൈൽ. ഡിലൈഫ് ഇന്റീരിയേഴ്സിനെയാണ് ജോലികൾ ഏൽപിച്ചത്. പ്രതീക്ഷിച്ചതിലും മനോഹരമായി അവർ ഫ്ലാറ്റ് ഒരുക്കിത്തന്നു.
മിനിമലിസം ഇഷ്ടമാണോ? മിതത്വമാണ് ഇന്റീരിയറിന്റെ സൗന്ദര്യം എന്നു തോന്നുന്നു?
ചുറ്റും പ്രകൃതിസൗന്ദര്യത്തിന്റെ ധാരാളിത്തമുണ്ടല്ലോ. കൂടുതലായി മറ്റ് അലങ്കാരങ്ങളൊന്നും വേണ്ട എന്നു തീരുമാനിച്ചു. നമ്മുടെ നോട്ടം എപ്പോഴും പ്രകൃതിയിലേക്കെത്തും. ഈ ഒരു ചുറ്റുപാടിൽ അതാകും ഏറ്റവും നല്ലത് എന്നു കരുതി. പിന്നെ മെയ്ന്റനൻസും എളുപ്പമാണ്. കുറച്ചു ദിവസം അടച്ചിടേണ്ടി വന്നാലും പെട്ടെന്ന് വൃത്തിയാക്കിയെടുക്കാം.
സ്ട്രക്ചറിൽ മാറ്റങ്ങൾ വരുത്തിയോ?
കുറച്ചു മാറ്റങ്ങൾ വരുത്തി. നാല് കിടപ്പുമുറികളായിരുന്നു. അതിലൊന്ന് അടുക്കളയാക്കി. അടുക്കളയെ ഡൈനിങ് സ്പേസായി മാറ്റി. ഇവിടെയുണ്ടായിരുന്ന ബാൽക്കണി ഡൈനിങ് സ്പേസിനാകും കൂടുതൽ ഇണങ്ങുക എന്നു തോന്നി.
അടുക്കളയോട് ചേർന്ന് ജോലിക്കാർക്കായുളള മുറിയുണ്ടായിരുന്നു. ഇതിനെ പുറത്തുകൂടി നേരിട്ട് കടക്കാവുന്ന രീതിയിൽ ഡ്രൈവേഴ്സ് റൂം ആക്കി മാറ്റിയെടുത്തു.
ഇപ്പോൾ മൂന്ന് കിടപ്പുമുറിയാണുള്ളത്. മൂന്ന് ബാൽക്കണിയുമുണ്ട്. ലിവിങ് സ്പേസ്, മാസ്റ്റർ ബൈഡ്റൂം എന്നിവയോടു ചേർന്നുള്ളതാണ് ഏറ്റവും വലിയ ബാൽക്കണി. ഡൈനിങ് സ്പേസ്, ഗെസ്റ്റ് ബെഡ്റൂം എന്നിവയോടു േചർന്നും ബാൽക്കണിയുണ്ട്.
അടുക്കള ഹണിയുടെ ക്രിയേറ്റീവ് സ്പേസ് ആണെന്ന് മുൻപ് പറഞ്ഞിട്ടുണ്ട്?
ശരിയാണ്. ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്നതു കഴിഞ്ഞാൽ എനിക്കേറ്റവും ഇഷ്ടം അടുക്കളയാണ്. വീട്ടിലുണ്ടെങ്കിൽ ഇവിടെയും ബെഡ്റൂമിലുമായിരിക്കും കൂടുതൽ സമയവും. അതുകൊണ്ടു തന്നെ ഭംഗിയേക്കാൾ കംഫർട്ടിന് മുൻഗണന നൽകാൻ ശ്രദ്ധിച്ചു. പലയിടത്തും അടുക്കളയ്ക്ക് നല്ല ഭംഗിയുണ്ടാകും. കാണുന്നവർക്ക് സന്തോഷമാകും. പക്ഷേ, അതിൽ പണിയെടുക്കുന്നവരുടെ കാര്യം അങ്ങനെയാകില്ല. ഞാനും അമ്മയും കൂടി വളരെ ആലോചിച്ചാണ് അടുക്കളയിലെ ഓരോ കാര്യവും തീരുമാനിച്ചത്.
ഇതുപോലെ ഏറെ ശ്രദ്ധ നൽകിയ കാര്യങ്ങൾ എന്തെല്ലാമാണ്?
സ്റ്റോറേജിനായി കുറേ തലപുകച്ചു; പ്രത്യേകിച്ച് വസ്ത്രങ്ങളും മേക്ക്അപ് സാമഗ്രികളും സൂക്ഷിക്കാനുള്ള സ്ഥലത്തിനായി. മൂന്ന് കിടപ്പുമുറികളിലും കഴിയുന്നത്ര വാഡ്രോബ് നൽകി. എന്നിട്ടും സ്ഥലം തികയുന്നില്ല.
മെറ്റീരിയൽ, ഫർണിച്ചർ എന്നിവയൊക്കെ തിരഞ്ഞടുക്കുന്നതിൽ ഇടപെട്ടോ?
നല്ല ഒന്നാംതരമായി ഇടപെട്ടു! ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളിൽ പല കടകളിലും കയറിയിറങ്ങി. ഡിലൈഫിന്റെ ഫാക്ടറിയിലെത്തി പലതരം ഫർണിച്ചർ കണ്ട ശേഷമാണ് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുത്തത്.
തൊടുപുഴ മൂലമറ്റത്തെ വീട്ടിൽ ഇല്ലാത്ത ചെടികളും മരങ്ങളുമില്ല. ഇവിടെയും ചെടി വളർത്താൻ പദ്ധതിയുണ്ടോ?
കഴിയുന്നിടത്തെല്ലാം ഇൻഡോർ പ്ലാന്റ്സ് വച്ചിട്ടുണ്ട്. ഇനി സ്ഥലമില്ല. പുറത്ത് വലിയ പൂന്തോട്ടവും മരങ്ങളുമൊക്കെയുള്ളതിനാൽ ഇക്കാര്യത്തിൽ വലിയ വിഷമം തോന്നിയില്ല. എട്ട് ഏക്കറിലാണ് ഫ്ലാറ്റ്. നടക്കാനും വ്യായാമം ചെയ്യാനുമൊക്കെ ഇഷ്ടംപോലെ സ്ഥലമുണ്ട്. യോഗ സെന്റർ, ലൈബ്രറി, കഫെറ്റീരിയ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
ഈ ഫ്ലാറ്റിൽ ഏറ്റവും ഇഷ്ടമുള്ള സ്ഥലം?
ഉത്തരം പറയാൻ എളുപ്പമാണ്. ലിവിങ് സ്പേസിനോടും മാസ്റ്റർ ബെഡ്റൂമിനോടും ചേർന്നുള്ള ബാൽക്കണി. കാഴ്ചകളുടെ ഉൽസവപ്പറമ്പാണിവിടം! മറൈൻഡ്രൈവിലൂടെ നടക്കുന്നവരെയും വർത്തമാനം പറഞ്ഞിരിക്കുന്നവരെയും മുതൽ കായലും ദൂെര കടലും വരെ കാണാം. കാഴ്ചകൾക്ക് ഒാരോരോ നേരത്തും ഓരോരോ ഭാവമായിരിക്കും. കണ്ടാലും കണ്ടാലും മതിയാകില്ല.