Saturday 12 September 2020 02:08 PM IST

ഉപ്പ നിർമ്മിച്ച വീട് പൊളിക്കില്ലെന്നുറപ്പിച്ചു; പഴയവ പുതുക്കിയും രൂപമാറ്റിയും ഒരുക്കിയ അതിശയ വീട്

Ali Koottayi

Subeditor, Vanitha veedu

Ren1

വീട് പുതുക്കുക എന്നത് ഇക്കാലത്ത് സർവ സാധാരണമാണ്. എന്നാൽ, പരമാവധി പഴയ ഉൽപന്നങ്ങൾ കൊണ്ടുതന്നെ പുതുക്കാൻ കഴിയുമ്പോഴാണ് കയ്യടി നേടുന്നത്. അത്തരത്തിൽ ഒരു പുതുക്കലിന്റെ കഥയാണ് കണ്ണൂർ ചക്കരകല്ലിൽ നിന്ന് പറയാനുള്ളത്. വീട്ടിലെ പഴയ തടി പുനരുപയോഗിച്ച് മനോഹരമായ അലങ്കാരങ്ങളും ഫർണിച്ചറും തീർത്തതാണ് വിശേഷം. ഡോക്ടർ റെയിഷത്ത് സബീൽ വീട് പുതുക്കുന്നതിനു മുൻപ് ഒരു കാര്യം തീരുമാനിച്ചിരുന്നു. ഉപ്പ നിർമിച്ച വീട് പൊളിക്കില്ല. ഒന്നും കളയാനും പാടില്ല. ഡിസൈനായ ഷഫീഖ് ആണ് ഈ വെല്ലുവിളി ഏറ്റെടുത്തത്.

Ren2

തടി ബിസിനസുകാരൻ ആയിരുന്നു റെയിഷയുടെ ഉപ്പ അബ്ദുൽ ഖാദർ ഹാജി. അതുകൊണ്ടുതന്നെ പഴയ വീടിന്റെ വിവിധയിടങ്ങളിൽ ധാരാളം തടി ഉപയോഗിച്ചിരുന്നു.അകത്തളത്തിലെ അലങ്കാരങ്ങൾ, സീലിങ്ങ്, പാർട്ടീഷൻ ഭിത്തി, ഹെഡ് ബോർഡ്, ഹാങ്ങിങ് ലൈറ്റ് തുടങ്ങിയവയ്ക്കല്ലാം പഴയ തടി പുനരുപയാഗിച്ചാണ് ഷഫീഖ്, വീട്ടുകാരുടെ സ്വപ്നത്തിന് നിറം പകർന്നത്.

Ren3

അകത്തളത്തിൽ നിലവിലുള്ള ഫർണിച്ചർ പുനരുപയോഗിക്കാൻ കഴിയുന്നവ പോളിഷ് ചെയ്ത് മിനുക്കി. ചിലത് രൂപം മാറ്റി മറ്റ് ഉൽപന്നങ്ങളാക്കി. ഡൈനിങ് ടേബിളും അതിന്റെ ഇരിപ്പിടങ്ങളും പഴയ തടി ഉപയോഗിച്ചു നിർമിച്ചതാണ്. അകത്തളത്തിൽ വിവിധയിടങ്ങളിൽ സീലിങ്ങും പഴയ തടിയും പുനരുപയോഗിച്ചു. ഹെഡ് ബോർഡ് ഡിസൈൻ പഴയ അലമാരകളിലെ പാറ്റേൺ എന്നിവയും പഴയ തടിയിൽ തന്നെ. പഴയ രണ്ട് അലമാരകൾ ചേർത്ത് വലിയ ഒരു അലമാര ഉണ്ടാക്കി. അലമാരയ്ക്ക് സ്ക്വയർ പൈപ്പുകൊണ്ട് കാലുകൾ നൽകി.

Ren4

30 വർഷത്തിലധികം പഴക്കമുള്ള ഇരുനില വീടായിരുന്നു. ആറ് കിടപ്പുമുറികളുള്ള വലിയ വീട്ടിൽ സൗകര്യങ്ങളിൽ കുറവൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടു സ്ട്രക്ചറിൽ മാറ്റങ്ങൾ വരുത്തിയില്ല. ലിവിങ്ങും, കിടപ്പുമുറിയും, അടുക്കളയും കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമാക്കണമെന്ന് വീട്ടുകാർ ആഗ്രഹിച്ചു. കൊളോണിയൽ ശൈലിയിലേക്ക് എക്സ്റ്റീരിയർ മാറ്റിയത് വീടിന് കൂടുതൽ ഉയരവും അഴകും വർധിപ്പിച്ചു. പുതിയ ലിവിങ് റൂം ആണ് അകത്തളത്തിലെ പ്രധാന വിശേഷം. പഴയ കോമൺ ടോയിലറ്റ് രണ്ടായി വിഭജിച്ച് ഒരു ഭാഗം കിടപ്പുമുറിക്ക് ബാത്റൂം ആക്കി. അടുത്തത് വാഷ് ഏരിയയും.

Ren5

ഓപ്പൺ കിച്ചൻ വീട്ടുകാരുടെ ആഗ്രഹമായിരുന്നു. ഡൈനിങ്ങിലേക്ക് തുറന്നിരിക്കുന്ന നയം സ്വീകരിച്ചു. വെള്ളനിറത്തിലുള്ള ജനലുകളും എക്സിറ്റീരിയറിലെ ട്രസ് വർക്കും കൊളോണിയൽ ഡിസൈൻ ചന്തം കൊണ്ടുവന്നു. കടപ്പാട്: ഷഫീഖ് എം.കെ, കോബ് ആർക്ക് സ്റ്റുഡിയോ, മഞ്ചേരി, ഫോൺ: 9745220422