Monday 15 July 2019 05:39 PM IST : By സ്വന്തം ലേഖകൻ

സൗകര്യം എന്ന വാക്കിനർത്ഥം ലക്ഷങ്ങൾ പൊടിക്കണം എന്നല്ല! 26 ലക്ഷം രൂപയ്ക്ക് 1400 സ്ക്വയർഫീറ്റിൽ അടിപൊളി വീട്

low-cost

ബാധ്യതകൾ കുറച്ചുകൊണ്ട് നല്ലൊരു വീട് പണിയുക എന്നു സ്വപ്നം കാണുന്നവർക്ക് മാതൃകയാണ് ഈ വീട്. ആലപ്പുഴ ജില്ലയിലെ ചാരുംമൂട്, ആനയടി സ്വദേശികളായ ശരത്ചന്ദ്രന്റെയും രജനിയുടെയും വീട് ആറ് മാസംകൊണ്ടാണ് പണിതു തീർന്നത്. ഒറ്റ നിലയാണ്, മുകളിൽ ഗോവണി കയറിച്ചെല്ലുന്ന മുറി മാത്രം. റോഡ് നിരപ്പിൽനിന്ന് അൽപം ഉയർന്ന 16 സെന്റിലാണ് വീട് ഇരിക്കുന്നത്. പ്ലോട്ടിൽ ഉണ്ടായിരുന്ന പഴയ വീടിന്റെ തടിയും മറ്റു ഭാഗങ്ങളും വിറ്റ്, ആ തുക നിർമാണത്തിന് ഉപയോഗിച്ചു.

നിറത്തിനോ അലങ്കാരങ്ങൾക്കോ പ്രാധാന്യമില്ലാതെ എക്സ്റ്റീരിയർ നിർമിച്ചതുതന്നെ ചെലവു കുറയ്ക്കാൻ സഹായിച്ചു. പഴയ വീടിന്റെ കേടില്ലാത്ത ഓടുകൾ വൃത്തിയാക്കി പുനരുപയോഗിച്ചു. സിറ്റ്ഔട്ടിനോടു ചേർന്ന്, ലിവിങ് റൂമിന്റെ ജനലിനു പുറത്ത് നിർമിച്ച കോർട്‌യാർഡ് വീടിന്റെ വിസ്തീർണം കൂട്ടുന്നില്ല. എന്നാൽ അകത്തളത്തിൽ വെളിച്ചം നിറയ്ക്കാൻ ലിവിങ്ങിനോടു ചേർന്ന് ഒരു കോർട്‌യാർഡ് ഉണ്ട്.

lc-4

പ്ലാവ്കൊണ്ടുള്ള പ്രധാനവാതിലും അകത്തെ മുറികളിലെ റെഡിമെയ്ഡ് വാതിലുകളും ചെലവു കുറയ്ക്കാൻ സഹായിച്ചു. ജിഐ പൈപ്പ് കൊണ്ടുള്ള അഴികളുള്ള, പാളികൾ നിരക്കി നീക്കാവുന്ന ജനലുകൾ വെളിച്ചം ആവോളം അകത്തേക്കെടുക്കുന്നു. സുരക്ഷിതവും വൃത്തിയാക്കാൻ എളുപ്പവുമാണ് ഇത്തരം ജനലുകൾ. ഇപോക്സി ബോർഡർ ഇട്ട വിട്രിഫൈഡ് ടൈൽ ഫ്ലോറിങ് ആണ്.

lc

ഡൈനിങ്ങിലേക്കു തുറന്ന അടുക്കളയാണ്. വർക്ഏരിയയ്ക്കു പകരം പഴയ വീടിന്റെ നിർമാണസാമഗ്രികൾ ഉപയോഗിച്ച് വീടിനു പുറത്ത് മറ്റൊരു അടുക്കളകൂടി നിർമിച്ചു. സ്റ്റീൽ ഫ്രെയിമിൽ റബ്‌വുഡ് പലകകൾ ഒട്ടിച്ച ഗോവണിയും ചെലവു കുറയ്ക്കാൻ സഹായിക്കുന്നു. രണ്ട് കിടപ്പുമുറികൾക്ക് ഇടയിലുള്ള സ്ഥലം മുകളിൽ ഷീറ്റിട്ട് മൾട്ടിപർപസ് റൂം ആക്കി. ജിഐ ഫ്രെയിൽ ഗ്ലാസ് ഇട്ടാണ് ഇവിടത്തെ ഭിത്തികൾ നിർമിച്ചിരിക്കുന്നത്. ആവശ്യാനുസരണം നിരക്കിനീക്കാം. പകൽ സമയത്ത് ഷീറ്റ് പഴുത്താൽ ഗ്ലാസ് ഭിത്തി തുറന്ന് ചൂടു കുറയ്ക്കാം. സൗകര്യങ്ങൾ എല്ലാമുണ്ട് എന്നതിനർഥം ഒരുപാട് പണം മുടക്കണം എന്നല്ല എന്ന് ഓർമിപ്പിക്കുന്നു ഈ വീട്.

lc3

വിവരങ്ങൾക്ക് കടപ്പാട്; സക്കറിയ കാപ്പാട്ട്,

ഡിസൈനർ: 9746991575

lc-5
Tags:
  • Budget Homes