Monday 01 July 2019 05:50 PM IST : By സ്വന്തം ലേഖകൻ

അറുപത് വയസുള്ള വീടിനെ വെറും 12 ലക്ഷത്തിന് പുതുക്കി അടിപൊളിയാക്കി; ഇത് സമ്രാജിന്റെ ‘ഹൗഡിനി വിദ്യ’

samraj

മാവേലിക്കര തഴക്കരയിലുള്ള വീടിന് പ്രായം 60 കഴിഞ്ഞു. പ്രായത്തിന്റേതായ അവശതകൾ ഉണ്ട്. കൂടാതെ വീട്ടുകാർ വിദേശത്തുമാണ്. വീട് പുതുക്കിയാലോ എന്നായപ്പോൾ കോൺട്രാക്ടർ ആവശ്യപ്പെട്ടത് 25 ലക്ഷം.

അത്രയുമായപ്പോഴാണ് വീട്ടുകാരൻ ഗീവർഗീസ് കൊച്ചുമ്മന്റെ കസിൻ കൂടിയായ മജീഷ്യൻ സമ്രാജ് രംഗത്തു പ്രത്യക്ഷപ്പെട്ടത്. സമ്രാജിന് സിവിൽ എൻജിനീയറിങ് എന്ന മാജിക് കൂടി അറിയാമെന്ന് അപ്പോഴാണ് നാട്ടുകാരും വീട്ടുകാരും അറിഞ്ഞത്. കൺകെട്ടുവിദ്യയിലെന്നപോലെ കണ്ണടച്ചു തുറന്നപ്പോഴേക്കും പഴയ വീടിന്റെ സ്ഥാനത്ത് കൊളോണിയൽ ശൈലിയിലുള്ള ഒരു അടിപൊളി വീടെത്തി. ചെലവ് വെറും 12 ലക്ഷം.

s1

രണ്ടര മീറ്റർ വീതിയിലുള്ള വരാന്തയാണ് വീടിന്റെ പുതിയ മുഖം. പഴയ വീട്ടിലെ വരാന്തയിൽ നിന്ന് അകത്തേക്കു കടന്നാൽ മൂന്ന് മുറികളായിരുന്നു. അവയ്ക്കിടയിലെ ഭിത്തി തട്ടിക്കളഞ്ഞപ്പോൾ വലിയൊരു ഹാൾ കിട്ടി.

ഈ ഹാളിന്റെ ഒരു വശത്ത് സ്വീകരണമുറിയും മറുവശത്ത് ഡൈനിങ് ഏരിയയുമാക്കി. പഴയ ഷോവോളുകളിൽ ഒന്ന് സ്വീകരണമുറിയിലെ കബോർഡും മറ്റൊന്ന് ഡൈനിങ് ഏരിയയിലെ വാഷ്ബേസിൻ വച്ച ഭിത്തിയുമായി മാറി. ഹാളിലെ പഴയ ജനാലകൾ വർക് ഏരിയയിലേക്കു മാറ്റിയതാണ് മറ്റൊരു ഡിസൈൻ ബുദ്ധി. കാട്ടുതടി കൊണ്ട് പണിത നീളൻ ജനാലകളാണ് ഇപ്പോളിവിടെ.

s2
s4

അടുക്കളയിലെ പഴയ ചിമ്മിനി പൊളിച്ചുകളഞ്ഞില്ല. പകരം എലിവേഷന്റെ ഭാഗമാക്കിയടുത്തു. മൂന്ന് അറ്റാച്ച്ഡ് ബെഡ്റൂമുകൾ ഉണ്ട് പുതിയ വീട്ടിൽ. പഴയ വീടിന്റെ തടി മച്ച് അതുപോലെ നിർത്തണമെന്ന വീട്ടുകാരുടെ തീരുമാനവും ബുദ്ധിപരമായി.

s5

പഴയ പല വീടുകളുടെയും നിർമാണം മികച്ചതായിരിക്കും.അതുകൊണ്ട്, കഴിയുന്നത്ര ഭാഗങ്ങൾ പുതുക്കി, തീർത്തും ഉപയോഗശൂന്യമായവ മാത്രമേ പൊളിക്കാവൂ എന്നത് വീടുപൊളിക്കുന്നവർക്കുള്ള സമ്രാജിന്റെ മാന്ത്രിക വചനങ്ങൾ.

s3