Saturday 27 April 2019 05:07 PM IST : By Sinu Cheriyan

ഗോക്കൾ സ്ഥാനം കണ്ട വീട്; ഇത് സ്നേഹ നൂലികഴകളാൽ തീർത്ത മാധവം

ml

ഇവിടെയില്ലെങ്കിൽ മറ്റെവിടെയും കാണില്ല... ഇതാണ് മഹാലക്ഷ്മിയുടെ പരസ്യവാചകം. പട്ടിന്റെ മാത്രമല്ല, പുതിയ വീടിന്റെ കാര്യത്തിലും ഇതു നന്നായിണങ്ങും... കഥകളും കനവുകളുമായി മറ്റെങ്ങുമില്ലാത്ത കാഴ്ചകളാണ് തിരുവല്ല കുറ്റപ്പുഴയിലെ ‘മാധവം’ നിറയെ.

കണിയായി പുങ്കാനൂർ പശുക്കൾ

ഇരുനിലകളിലായി 13,500 ചതുരശ്രയടിയാണ് മാധവത്തിന്റെ വിസ്തീർണം. അതിനൊത്ത തലയെടുപ്പുണ്ട് ആകാരത്തിനും. ഗെയ്റ്റ് കടന്ന് ഉള്ളിലെത്തുമ്പോൾ വീടിന്റെ ഗാംഭീര്യത്തെക്കാൾ ശ്രദ്ധ പിടിച്ചുപറ്റുന്ന മറ്റൊന്നുണ്ട് മുറ്റത്ത്; വീ‌‌ടിനു മുന്നിൽ വലതുവശത്തായി ഒരു പശുത്തൊഴുത്ത്! ഇവിടെയാണ് വിനോദിന്റെ ഓമനകളായ പാർവതിയുടെയും ലക്ഷ്മിയുടെയും വാസം. പുങ്കാനൂർ ഇനത്തിലുള്ള പശുക്കളാണ് രണ്ടും. ഇവരെ കണികണ്ടാണ് വിനോദിന്റെയും കുടുംബത്തിന്റെയും യാത്രകളെല്ലാം.

ml7

സ്ഥാനം കണ്ടതും ഗോക്കൾ

അഞ്ച് വർഷം മുൻ‌പാണ് വീടുവയ്ക്കാനായി കുറ്റപ്പുഴയിൽ 40 സെന്റ് വാങ്ങിയത്. വീടുപണിയെപ്പറ്റി സജീവമായി ആലോചിച്ചു തുടങ്ങിയപ്പോൾ ആദ്യം ചെയ്തത് മറ്റൊന്നുമല്ല; പറമ്പിലേക്ക് രണ്ട് പശുക്കളെ മേയാൻ വിട്ടു! അവ വിശ്രമിക്കാൻ സ്ഥലം കണ്ടെത്തിയ വരിക്കപ്ലാവിൻ ചുവട്ടിൽ മാസ്റ്റർ ബെഡ്റൂം വരുംവിധമാണ് വീടിനു സ്ഥാനം കണ്ടത്. ചെറുവള്ളി നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.

ml4

‘‘ ഭൂമിയിലെ ഏറ്റവും വാസയോഗ്യമായ സ്ഥലമാകും പശുക്കൾ തിരഞ്ഞെടുക്കുക. അതിന്റെ സന്തോഷം ഞങ്ങളിപ്പോൾ അനുഭവിക്കുന്നുണ്ട്.’’ മാസ്റ്റർ ബെഡ്റൂമിനടുത്തുള്ള ഫാമിലി ലിവിങ് സ്പേസിലിരുന്നു സംസാരിക്കുമ്പോൾ വിനോദിന്റെയും സൗമ്യയുടെയും മുഖത്ത് സംതൃപ്തി തെളിയുന്നു.

കുന്നന്താനത്തെ തറവാടിനോട് ചേർന്നും പെരുന്തുരുത്തിയിലും ഉള്ള രണ്ട് ഫാം ഹൗസുകളിലായി ഇരുന്നൂറ്റമ്പത് പശുക്കളെ വിനോദ് വളർത്തുന്നുണ്ട്. നാടൻ ഇനങ്ങളാണ് എല്ലാം. നിരണത്ത് 15 ഏക്കർ പാടത്ത് ജൈവകൃഷിയും ഉണ്ട്. പശുവിന്റെ ചാണകവും മൂത്രവും കൃഷിക്ക്. വൈക്കോലും പുല്ലും പശുവിന്. ഇതാണ് രീതി.

ml1

കെമിക്കലിനെ വെല്ലാൻ ഗോമൂത്രം

ഫെബ്രുവരി 16 നായിരുന്നു പാലുകാച്ചൽ. പുതുമ മങ്ങിയിട്ടില്ലെങ്കിലും സിമന്റിന്റെയും പെയിന്റിന്റെയും ‘പുതുമണം’ ഒട്ടുമില്ല മാധവത്തിൽ. തേപ്പ് കഴിഞ്ഞ്, സിമന്റിലെ രാസവസ്തുക്കളുടെ രൂക്ഷത കുറയ്ക്കാനായി മഞ്ഞൾപ്പൊടി ചേർത്ത 1500 ലീറ്റർ ഗോമൂത്രമാണ് തളിച്ചത്. ഒരു മാസത്തിനു ശേഷമേ പണികൾ പുനരാരംഭിച്ചുള്ളൂ. ചുമരിലടിച്ചതാകട്ടെ ദോഷകരമായ വിഒസി ഏറ്റവും കുറഞ്ഞ അളവിലുള്ള പെയിന്റും.

ml2

ഇന്റീരിയറിന് ഇന്ത്യൻ മുഖഭംഗി വെണ്മയും ഇളംതവിട്ടും ഇടകലരുന്ന ദൃശ്യചാരുത... തടിയുടെ പ്രൗഢസാന്നിധ്യം. കുലീനമാണ് മാധവത്തിന്റെ അകത്തളം. രാജസ്ഥാനിൽ നിന്നുള്ള പെയിന്റിങ്ങുകൾ,തഞ്ചാവൂർ ചുമർചിത്രങ്ങൾ, കൈകൊണ്ട് നെയ്തെടുത്ത കശ്മീരി പരവതാനികൾ... ആന്റിക് ശൈലിയിലുള്ള ഇന്റീരിയറിന്റെ ഇന്ത്യൻ പ്രതിഛായ ആരുടെയും ശ്രദ്ധ കവരും.

വസ്ത്രങ്ങൾ വാങ്ങാനായി ഇന്ത്യ മുഴുവൻ സഞ്ചരിക്കുന്നതാണ് വിനോദിന്റെ പതിവ്. വീടുപണി തുടങ്ങിയതിൽപിന്നെ ഡിസൈനർ ബിജു സി. മാണിയെ കൂട്ടിയായിരുന്നു യാത്രകൾ. രണ്ടര വർഷം കൊണ്ട് ഫർണിച്ചർ മുതൽ ഫ്ലവർവേസ് വരെയുള്ള മുഴുവൻ സാധനങ്ങളും  വാങ്ങി സൂക്ഷിച്ചു. അതുകാരണം പാലുകാച്ചൽ സമയത്ത് ഒട്ടും ടെൻഷൻ ഉണ്ടായില്ല.
‘‘പട്ടുസാരിയും വസ്ത്രങ്ങളും തേടിയുള്ള അലച്ചിലോർക്കുമ്പോൾ വീട്ടിലേക്കാവശ്യമായ സാധനങ്ങൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള പണിയേ അല്ല,’’ ചിരിയോടെ വിനോദ് വീടുപണിയനുഭവങ്ങൾ ഓർത്തെടുക്കുന്നു.

വിനോദിന്റെ അടുത്ത സുഹൃത്തു കൂടിയാണ് ബിജു. അതും ടെൻഷൻ കുറയ്ക്കുന്നതിൽ നിർണായകമായി. വാസ്തുവനുസരിച്ചുള്ള അളവുകൾ പാലിക്കുന്നതിനായുള്ള ചില്ലറ പൊളിക്കലുകളും കൂട്ടിച്ചേർക്കലുകളും ഒഴിച്ചാൽ നിയന്ത്രണവിധേയമായിരുന്നു വീടുപണി.വീതി കുറഞ്ഞ് നീളം കൂടിയ സ്ഥലം ആയതിനാൽ പാർക്കിങ് സ്പേസ്, ഓഫിസ് റൂം, ഇലക്ട്രിക്കൽ റൂം എന്നിവ ബേസ്മെന്റ് ഫ്ലോറിൽ വരുംവിധമാണ് ഡിസൈൻ. വീട്ടുകാരുടെ ആഗ്രഹം പോലെ അഞ്ച് കിടപ്പുമുറികൾ, ഹോംതിയറ്റർ, നടുമുറ്റം, പൂജാമുറി എന്നിവയെല്ലാം ഉൾപ്പെടുത്തുന്നതിൽ ഡിസൈനർ വിജയിച്ചു.  ഊണുമുറി, അടുക്കള, നടുമുറ്റം എന്നിവിടങ്ങളിൽ നിന്നെല്ലാം തൊഴുത്ത് കാണാം എന്ന സന്തോഷവും വീട്ടുകാർക്കുണ്ട്.

ml3

മാധവം വന്ന വഴി


പാലുകാച്ചലിന് തീയതി നിശ്ചയിക്കാറായി. എത്ര ആലോചിച്ചിട്ടും മനസ്സിനിണങ്ങിയ വീട്ടുപേര് കിട്ടുന്നില്ല. അപ്പോഴാണ് എല്ലാവരും കൂടി ഗുരുവായൂർ ക്ഷേത്ര ദർശനത്തിനു പോകുന്നത്. ആ യാത്രയിൽ വിനോദിന്റെ മനസ്സിൽ തെളിഞ്ഞ പേരാണ് ‘മാധവം’. എല്ലാവർക്കുമത് ഇഷ്ടമായി.
ചുമർച്ചിത്രങ്ങളിലും പെയിന്റിങ്ങുകളിലുമെല്ലാം കൃഷ്ണനുണ്ടെങ്കിലും കൃഷ്ണവിഗ്രഹം ഒന്നുപോലും വാങ്ങിയിരുന്നില്ല. പാലുകാച്ചലിന്റെ തലേന്ന് രാത്രിയിലുണ്ട് അടുത്ത സുഹൃത്തായ ഡോക്ടർ വരുന്നു. കയ്യിൽ വലിയൊരു സമ്മാനപ്പൊതിയുണ്ട്. തുറന്നു നോക്കിയപ്പോഴോ... മ+നോഹരമായൊരു കൃഷ്ണവിഗ്രഹം.  ശ്രീവല്ലഭന്റെ ചുമർച്ചിത്രത്തിനൊപ്പം അതുമുണ്ട് മാധവത്തിന്റെ പൂജാമുറിയിൽ. ■

ml6


തയ്യാറാക്കിയത്;


സിനു കെ. ചെറിയാൻ

ചിത്രങ്ങൾ: ഹരികൃഷ്ണൻ