Tuesday 05 January 2021 05:14 PM IST

മണ്ണിനെ സ്നേഹിക്കുന്ന ആർക്കും ഈ വീട് ഇഷ്ടപ്പെടും.. നാട്ടിൻപുറത്തെ നന്മകളാൽ സമൃദ്ധം... ക്യാമറാമാൻ സുരാജിന്റെ പുതിയ വീട്

Sona Thampi

Senior Editorial Coordinator

ലസാഗു സിനിമ ഉൾപ്പെടെ നിരവധി ഷോർട്ട് ഫിലിമുകൾക്ക് ക്യാമറ ചെയ്ത സുരാജിന്റെ മലപ്പുറം ചെമ്പ്രശ്ശേരിയിലെ വീട് കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ പകരുന്ന കാഴ്ചയാണ്. വെട്ടുകല്ലും മണ്ണിന്റെ പടവുകളും തേപ്പുമൊക്കെ ഇൗ വീടിന്റെ പ്രത്യേകതകളാണ്. ചൂട് കുറയ്ക്കണം എന്ന ആഗ്രഹമുള്ളതിനാൽ കിടപ്പുമുറികളുടെ ഒരു ഭിത്തി മണ്ണുകൊണ്ട് നാടൻ രീതിയിൽ തേച്ചു. മണ്ണ്, കുമ്മായം, കുളമാവിന്റെ തോല് ഇടിച്ചുപിഴിഞ്ഞത്, ഉമി എന്നിവയൊക്കെ േചർത്താണ് ഇൗ തേപ്പ്.

19 ാം വയസ്സിൽ തന്റെ ആദ്യ വർക് ഏറ്റെടുത്ത ജിതിൻ കൃഷ്ണയാണ് ഇൗ വീടിനെ സുരാജിന്റെ മനസ്സിൽ കണ്ട രൂപമാക്കി മാറ്റിയത്.  ഇന്റീരിയർ ഡിസൈനിങ് ഡിഗ്രി പഠനത്തിനിടെയായിരുന്നു ജിതിന്റെ ഇൗ ‘സാഹസം’. ഒരു വർഷത്തോളം നടത്തിയ പ്ലാനിങ്ങിലാണ് ജിതിന്റെ ഡിസൈനിന് സുരാജിന്റെ മനസ്സിൽ കയറിപ്പറ്റാനായത്. നാലോ അഞ്ചോ എഞ്ചിനീയർമാരെ സമീപിച്ച സുരാജിന് ജിതിന്റെ ഡിസൈനിൽ പൂർണ വിശ്വാസം തോന്നി.ചരിവുള്ള സ്ഥലമായതിനാൽ രണ്ടു തട്ടായാണ് വീടിന്റെ ഉൾഭാഗം ഇരിക്കുന്നത്.

ഭൂമിയെ മുറിവേൽപിക്കാതെ പണിത ഇൗ വീടിന്റെ താഴത്തെ നിലയിലാണ് സുരാജിന്റെ ഡബ്ബിങ് സ്റ്റുഡിയോ. സ്റ്റുഡിയോയിൽ വരുന്നവർക്ക് വീടിനകത്തു കൂടിയല്ലാതെ നേരിട്ട് ഇങ്ങോട്ടു വരാനാവും. 2100 ചതുരശ്രയടിയാണ് വിസ്തീർണം. ഇരുമ്പ് ഫ്രെയിമും ഗ്ലാസ്സും മാത്രം ഉപയോഗിച്ചാണ് ജനലുകൾ. അതുകൊണ്ട് ഒരു ലക്ഷം രൂപയ്ക്കകത്ത് ജനലുകൾ പണി തീർത്തു.പൊളിക്കാറായ ഒരു വീട് വാങ്ങിച്ച് അതിന്റെ തടി ഉപയോഗിച്ചാണ് ഫർണിച്ചർ, ചാരുപടി, തട്ട് തുടങ്ങിയവ പണിതത്. അങ്ങനെയും ചെലവ് കുറച്ചു. പഴയ വീടിന്റെ ഒാടും ഉപയോഗിക്കാനായി. അച്ഛന്റെ വീട്ടിലുണ്ടായിരുന്ന 270 വർഷം പഴക്കമുള്ള തൂണിനും സുരാജ് തന്റെ വീടിനകത്ത് സ്ഥാനം കൊടുത്തു.

തെക്കുവടക്കും കിഴക്കുപടിഞ്ഞാറും വായുസഞ്ചാരം സുഗമമായി നടക്കുന്നതിനാൽ കറന്റ് ബില്ല് 400 രൂപയിൽ കൂടാറില്ലെന്ന് സുരാജ് പറയുന്നു. ഒാപൻ ബാൽക്കണിക്കു സമാനമായ രീതിയിൽ ഒരു കൊട്ടിൽ ഡിസൈനും ഇവിടെയുണ്ട്. ചെങ്കല്ല് പൊടിച്ചാണ് സിറ്റ്ഒൗട്ടിലെ ഫ്ലോർ ചെയ്തിരിക്കുന്നത്. ഇന്ന് പലരും ചെയ്യുന്നുണ്ടെങ്കിലും ഒരു വർഷം മുമ്പ് അങ്ങിനെ ചെയ്യുമ്പോൾ അധികം മാതൃകകൾ ഉണ്ടായിരുന്നില്ലെന്നും സുരാജ് ഒാർക്കുന്നു. ബാക്കിയുള്ള ഭാഗത്ത് ഗ്രാനൈറ്റ് വിരിച്ചു.മണ്ണിന്റെ മണമുള്ള വീട് മനോഹരമായ ഒരു ഫ്രെയിം പോലെ ആരെയും ആകർഷിക്കും.

ഡിസൈൻ: ജിതിൻ കൃഷ്ണ, മഞ്ചേരി

96566 68589

Tags:
  • Vanitha Veedu