Tuesday 20 August 2019 07:32 PM IST : By സിനു കെ. ചെറിയാൻ

ഏകശാലയിൽ രൂപകൽപ്പന, വാസ്തു നിയമങ്ങളും കിറുകൃത്യം; ശ്രുതിസാന്ദ്രമായി മെഹ്ഫിൽ!

mehfil ചിത്രങ്ങൾ: ഹരികൃഷ്ണൻ

ഒരേക്കറിനു നടുവിലെ വലിയ തറവാടുകളിലാണ് ഷിഹാബും നിലൂഫറും ജനിച്ചു വളർന്നത്. പിന്നീട് 10 വർഷത്തിലധികം ദുബായിലെ ഫ്ലാറ്റിൽ. ലോകനഗരിയിലെ വിസ്മയക്കാഴ്ചകളോടും സമയത്തിനു പിടിതരാത്ത തിരക്കുകളോടും വിടപറഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയപ്പോൾ വീടു വയ്ക്കാനായി തിരഞ്ഞെടുത്തത് കൊടുങ്ങല്ലൂരിൽ 10 സെന്റ് സ്ഥലം. ആവശ്യപ്പെട്ടത് കേരളീയശൈലിയിലൊരു പാർപ്പിടം. ഉണ്ണാനും ഉറങ്ങാനും അതിഥികൾ വരുമ്പോൾ ഇരിക്കാനുള്ള സോഫയും അല്ലാതെ കുട്ടികൾക്കു കളിക്കാനും വീട്ടുകാർക്കെല്ലാം വർത്തമാനം പറയാനും വായിക്കാനും സ്വപ്നം കാണാനുമൊക്കെയുള്ള ഇടങ്ങളായിരുന്നു അവർക്കു വേണ്ടിയിരുന്നത്.

m2
m5

മെഹ്ഫിലിന്റെ പടികയറുമ്പോൾ

സംഗീതവും നൃത്തവും ഇഴചേരുന്ന സുന്ദര രാവാണ് മെഹ്ഫിൽ. ഈ വീട്ടിൽ തെളിയുന്നതാകട്ടെ സൗന്ദര്യവും പ്രായോഗികതയും ഒത്തുചേരുന്ന കാഴ്ചകൾ. മുറ്റവും ലാൻഡ്സ്കേപ്പും കൂടി വീടിന്റെ ഭാഗമാകുന്നതിനാൽ സ്ഥലപരിമിതിയുടെ പരാധീനതകൾ എങ്ങുമില്ല. വീട്ടുകാരുടെ ആവശ്യങ്ങൾക്കെല്ലാം ഇടം ലഭിക്കും വിധം തന്മയത്വത്തോടെ കോർത്തിണക്കിണക്കിയിരിക്കുകയാണ് മുറികളെല്ലാം. കേരളീയശൈലിയുടെ ചൂടുംചൂരും തന്നെയാണ് അകത്തളത്തിനും.

m6
m8

പ്ലാനിന് പകരം സ്പോട്ട് ഡിസൈൻ

വർഷങ്ങളായി പരിചയമുള്ള കെ.യു. മിത്രനെ ആണ് വീടിന്റെ രൂപകൽപനയും നിർമാണവും ഏൽപിച്ചത്. മിത്രന്റെ പിതാവ് ആയിരുന്നു ഷിഹാബിന്റെ തറവാട് രൂപകൽപന ചെയ്തത്.

ബേസിക് പ്ലാൻ മാത്രം നേരത്തെ തയാറാക്കി പണി പുരോഗമിക്കുന്ന മുറയ്ക്ക് ബാക്കിയെല്ലാം കൂട്ടിച്ചേർക്കുന്ന ‘സ്പോട്ട് ഡിസൈൻ’ രീതിയിലായിരുന്നു വീടിന്റെ നിർമാണം. ഇത്ര വലിയ വീടുകളുടെ നിർമാണത്തിൽ സ്പോട്ട് ഡിസൈനിങ് പിന്തുടരുന്നത് വളരെ അപൂർവമാണ്. കാര്യമായ പൊളിക്കലുകളോ അഴിച്ചുപണികളോ ഇല്ലാതെ 2900 ചതുരശ്രയടി വലുപ്പമുള്ള വീട് പൂർത്തിയാക്കാനായി.

m3
m7

തെക്ക് ദർശനമായ ഏകശാല

വാസ്തുശാസ്ത്ര നിയമങ്ങൾ കൃത്യമായി പാലിച്ചായിരുന്നു നിർമാണം. ചെറിയ സ്ഥലം ആയതിനാൽ അൽപക്ഷേത്ര വിധി പ്രകാരം തെക്ക് ദർശനമായ ഏകശാല ആയാണ് വീടിന്റെ രൂപകൽപന.

പൂമുഖം, വരാന്ത, സ്വീകരണമുറി, ഡൈനിങ് സ്പേസ്, അടുക്കള, കിടപ്പുമുറി എന്നിവയും മൾട്ടി യൂട്ടിലിറ്റി റൂമും ആണ് താഴത്തെ നിലയിൽ. ഇതിൽ മൾട്ടി യൂട്ടിലിറ്റി റൂം ഡൈനിങ് സ്പേസ് അടുക്കള എന്നിവയുൾപ്പെടുന്ന ഭാഗമാണ് വീടിന്റെ ഹൃദയഭൂമി. ഹോം തിയറ്റർ ആയും വായനാമുറിയായും പ്രവർത്തിക്കുന്ന മൾട്ടി യൂട്ടിലിറ്റി സ്പേസിന് നോമ്പ്തുറയ്ക്കും വിരുന്നുകൾക്കുമെത്തുന്ന കുടുംബാംഗങ്ങളെയെല്ലാം ഉൾക്കൊള്ളാനുള്ള വിശാലതയുമുണ്ട്. ഡൈനിങ് സ്പേസിലേക്ക് തുറക്കുന്ന ഭാഗത്ത് പുസ്തക ഷെൽഫും ഗ്ലാസ് ഭിത്തിയും നൽകാനുള്ള തീരുമാനം അകത്തളത്തിന്റെ മുഖച്ഛായ അപ്പാടെ മാറ്റി.

m1
m4
Tags:
  • Vasthu