Tuesday 03 November 2020 12:32 PM IST : By സ്വന്തം ലേഖകൻ

ഉരുളികുന്നത്തെ ഓല മേഞ്ഞ വീടു മുതൽ ദക്ഷിണ കാനറയിലെ വീടുവരെ; എഴുത്തച്ഛൻ പുരസ്കാരജേതാവ് സക്കറിയയുടെ വീടോർമ്മകളിലൂടെ...

veedu

ഒട്ടനവധി ആളുകളെപ്പോലെ എന്റെ ജീവിത്തിലും കുറേ വീടുകൾ ഉണ്ടായിട്ടുണ്ട്. ആദ്യത്തേത് ഉരുളികുന്നത്തെ ഞാൻ ജനിച്ച വീടു തന്നെയാണ്. കുന്നിൻ ചെരിവിൽ ഒാലമേഞ്ഞ ഒരു വീട്. വരാന്തയിൽ മിനുസമുള്ള ഇഷ്ടിക. മുറികൾ ചാണം മെഴുകിയത്. അടുക്കളയിലെ പുക എപ്പോഴും മുറികളിലുണ്ടാവും. കുളിക്കാൻ തോട്. വെളിക്കിറങ്ങാൻ പറമ്പിന്റെ മൂലകൾ. 16 വയസു വരെ ഞാനവിടെ തുടർച്ചയായി താമസിച്ചു.


പിന്നെ മൈസൂർ സെന്റ് ഫിലോമിനാസ് കോളജിലെ ഹോസ്റ്റലും കാൾട്ടൺ ഹോട്ടലിന്റെ ഒൗട്ട്ഹൗസിലെ മുറിയുമായിരുന്നു എനിക്കു വീടുകൾ. അവയെന്നെ നാഗരികനാക്കി.
അവിടെ നിന്ന് ബെംഗളൂരുവിലെ വിക്ടോറിയ റോഡ് ലേ ഒൗട്ടിലെ 21 ാം നമ്പർ വീട്ടിലേക്ക്. എന്റെ ജ്യേഷ്ഠനും മറ്റു ബാങ്കുദ്യോഗസ്ഥന്മാരും േചർന്നു വാടകയ്ക്കെടുത്ത്. പാപ്പി എന്ന പാചകക്കാരനുമായി താമസിച്ച ആ കൊച്ചു വീട്ടിൽ വിദ്യാർഥിയായ എനിക്കു കൊതുകുവല കെട്ടാൻ രണ്ടു കട്ടിലുകൾക്കിടയിലെ തറയിൽ ഒരിടമുണ്ടായിരുന്നു. ഒരു കക്കൂസ് രാവിലെ എട്ടു പേർ പങ്കുവയ്ക്കുന്നതായിരുന്നു അവിടുത്തെ ഏറ്റവും വലിയ പ്രഭാത പ്രതിസന്ധി.
വീണ്ടും ഉരുളികുന്നത്തേക്ക്...1967 മുതൽ ’71 വരെയുള്ള നാലു വർഷങ്ങളാണ് ഞാൻ ഉരുളികുന്നത്തെ വീടിനെ പ്രായപൂർത്തിയായവനായി അറിഞ്ഞത്. എനിക്ക് ആ വീട് മടുത്തു തുടങ്ങിയിരുന്നു.
അടുത്ത വീട് 1971 ൽ കോയമ്പത്തൂർ സായിബാബ കോളനിയിലായിരുന്നു. ആദ്യമായി ഞാൻ ഒരു വാടകവീട്ടിൽ സ്വന്തം നിലയിൽ താമസിക്കുകയാണ്. അയൽക്കാരൻ മൈസൂർ ബാങ്കിലെ ആർ. ആർ. വർമയുമായി കൂട്ടുകെട്ട്. പ്രശാന്തമായ കോളനി. വിശാലമായ വീട്. ജോൺ ഏബ്രഹാം, ഒ.വി. വിജയൻ, വയലാർ, കെ. ജി. ജോർജ് എന്നിങ്ങനെ സുഹൃത്തുക്കൾ വന്നും പോയുമിരുന്നു. ആ വീട്ടിൽ താമസിക്കെ വിവാഹം കഴിച്ചു.

വിവാഹം കഴിഞ്ഞ്...
1972 ൽ ഡൽഹിയിലെ ആദ്യത്തെ വീട്ടിൽ കുടുംബസമേതം. വസന്ത വിഹാറിലെ 14/4 A എന്ന വീടിന്റെ ഗരാജിന്റെ മുകളിലെ ഒറ്റ മുറിയും കുട്ടിയടുക്കളയും കുട്ടിക്കുളിമുറിയും മാസം 125 രൂപ വാടകയ്ക്ക്. കുശാഗ്രബുദ്ധിയായ വീട്ടുടമസ്ഥൻ സർദാർജിയെ ഞങ്ങൾ സാന്താക്ലോസ് എന്നാണ് വിളിച്ചിരുന്നത് – കണ്ടാലത് പോലിരുന്നു. സ്വഭാവം മറിച്ചും. ആ വീട്ടിൽ നിന്നു നടന്നുപോയി വി. കെ. മാധവൻകുട്ടി രക്ഷപ്പെട്ട വിമാനപകടസ്ഥലം സന്ദർശിക്കുന്നതോർമയുണ്ട്. അവശിഷ്ടങ്ങൾ അപ്പോഴും പുകയുന്നു. ഞങ്ങൾ കുറെ കത്തുകൾ പെറുക്കിയെടുത്തു പോസ്റ്റ് ചെയ്തു.
െഎെഎടി ഗേറ്റിനടുത്ത് സർവോദയ എൻക്ലേവിൽ ഒരു ‘ബർസാത്തി’ കിട്ടിയപ്പോൾ അങ്ങോട്ടു താമസം മാറ്റി. രണ്ടു മുറികൾ വലിപ്പമുള്ള ടെറസാണ് ‘ബർസാത്തി’. സി –161 എന്നായിരുന്നു മേൽവിലാസം. സർദാർജി വീട്ടുടമ നല്ലവനായിരുന്നു. എന്നെ കാണുമ്പോൾ ചോദിക്കും: ‘‘  ഒാർ കീ സേവാ, പാൽ?’’ (ഇനിയെന്തു സേവനം വേണം, പോൾ?) ജോൺ, വിജയൻ, അരവിന്ദൻ, മാധവൻകുട്ടി തുടങ്ങിയ സുഹൃത്തുക്കളുടെ  കൂട്ടായ്മകൾ. മകൾ ഇവിടെ ജനിച്ചു.
ഇവിടന്നു പോയതു ജെഎൻയുവിനു സമീപമുള്ള മുനീർക്കയിലെ ഡിഡിഎ കോളനിയിലേക്കാണ്. വാടകദിവസം മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു ബീഹാർകാരനായിരുന്നു വീട്ടുടമ. ഇപ്പോൾ ഞങ്ങൾ ഏതാണ്ട് ഒരു ‘വീട് ’ എന്നു പറയാവുന്ന ഇടത്തിലായി. കിടപ്പുമുറികൾ, ഇരിപ്പുമുറി, വരാന്ത എന്നിങ്ങനെ. ചുറ്റും മയിലുകളാണ് താമസം. ടി. വി. ചന്ദ്രനും പവിത്രനും ജോൺ ഏബ്രഹാമും ഒരു ഫിലിം ഫെസ്റ്റിവൽ കൂടിയത് അവിടെ താമസിച്ചാണ്.

അവിടന്നു സഫ്ദർജംഗ് എൻക്ലേവിലെ ഒരു വീടിന്റെ രണ്ടാം നിലയിലേക്കു മാറി. എന്തെല്ലാമോ അസൗകര്യങ്ങൾ നിമിത്തം എൻക്ലേവിൽ തന്നെ മറ്റൊരു വീട്ടിലേക്കു വീണ്ടും മാറി. പത്മരാജൻ ‘ഒരിടത്തൊരു ഫയൽവാനു’ മായി വന്നു താമസിച്ചത് അവിടത്തെ ഒരോർമ.
അവിടന്നു മാറിയത് എന്റെ ഭാര്യ ലളിതയ്ക്കു ലഭിച്ച സർക്കാർ ഭവനത്തിലേക്കാണ്: ആർ. കെ. പുരം സെക്ടർ 9 ലെ 384 ാം നമ്പർ വീട്. കാറ്റും വെളിച്ചവും നല്ല ടെറസുമുള്ള ചെറിയ വീട്. കുറേക്കാലം അവിടെ താമസിച്ചു. ടെറസിൽ ഒരു പൂന്തോട്ടം ഉണ്ടാക്കി.
കുറച്ചുകൂടി വലിയ വീട് സെക്ടർ 8 ൽ കിട്ടിയപ്പോൾ അങ്ങോട്ടു മാറി. വീട് നമ്പർ 1166 ആണെന്നാണ് ഒാർമ. തൊട്ടുമുമ്പിൽ ഒരു സ്കൂളായിരുന്നു. കുട്ടികളുടെ ആരവവും അധ്യാപകർ ക്ലാസെടുക്കുന്നതുമായിരുന്നു ആ വീടിന്റെ ശബ്ദ പശ്ചാത്തലം. അതായിരുന്നു ഡൽഹിയിലെ എന്റെ അവസാനത്തെ വീട്.
പിന്നീട് ഞാൻ തിരുവനന്തപുരത്തു പാരീസ് റോഡിലെ കെ.ജെ. ബിൽഡിങ്ങിലെ താമസക്കാരനായി. ഡോ. കെ. ജെ. തോമസിന്റെ ആ വീട്ടിൽ15 വർഷം താമസിച്ചു. അവിടന്നു നീങ്ങിയത് സ്വന്തം വീട്ടിലേക്കാണ്. ആറാം നിലയിലുള്ള ഒരു ഫ്ലാറ്റ്.
ദക്ഷിണ കാനറയിലെ കൃഷിസ്ഥലത്ത് 22 വർഷത്തോളം ഞാൻ വന്നും പോയുമിരുന്നു. വീട് ഇതിനെല്ലാമിടയിലുണ്ട്. ഉരുളികുന്നത്തെ വീടും പറമ്പും വിറ്റതിനുശേഷം പാലായിൽ എന്റെ അമ്മ താമസിച്ചിരുന്ന വീടും എന്റെ പട്ടികയിലുണ്ട്.
ഇവയിൽ ഉരുളികുന്നത്തെ വീടും മൈസൂരിൽ കാൾട്ടൺ ഹോട്ടലിലെ കുടുസുമുറിയും മാത്രമാണ് എന്റെയുള്ളിൽ ഒരു യക്ഷിക്കഥാലോകം പോലെ അവശേഷിക്കുന്നത്. വാസ്തവത്തിൽ വീടല്ല ആ ആശയുടെ കേന്ദ്രബിന്ദു. വീടിരിക്കുന്ന സ്ഥലമാണ്. അങ്ങനെയൊരു സ്ഥലം വന്നു ചേർന്നാൽ, അവിടെയാരു ഒറ്റമുറി വരാന്തയും ഉണ്ടായാൽ പോലും ഞാൻ ആശിക്കുന്ന വീടായി.
(വനിത വീട് മാസികയിൽ പ്രസിദ്ധീകരിച്ചത്)