Wednesday 13 January 2021 03:23 PM IST

ഒരേക്കർ, ഏഴായിരം സ്ക്വയർ ഫീറ്റ്! ഇത് മലബാറിന്റെ പ്രൗഢി വിളിച്ചോതുന്ന മൊഞ്ചേറും വീട്

Sunitha Nair

Sr. Subeditor, Vanitha veedu

bilathi1

മലബാറിലെ പഴയ മുസ്‌ലിം തറവാടുകളെ അനുസ്മരിപ്പിക്കുന്ന വീടു വേണമെന്നതായിരുന്നു കോഴിക്കോട് അത്തോളിയിലുള്ള കേളോത്ത് വീട്ടിലെ മുസ്തഫയുടെ സ്വപ്നം. ആ ആഗ്രഹവുമായി മുസ്തഫ ചെന്നുകയറിയത് ജയൻ ബിലാത്തിക്കുളം എന്ന സിംഹത്തിന്റെ മടയിലേക്കാണ്. പഴയ നിർമാണ സാമഗ്രികളും പഴയ മോഡൽ വീടുകളും ജയന്റെ സാമ്രാജ്യമാണ്. അങ്ങനെയാണ് ഒരേക്കറിൽ 7000 ചതുരശ്രയടിയിൽ പൈതൃകത്തനിമയുള്ള ഈ വീട് ജനിക്കുന്നത്.

bilathi6

തടിപ്പണിയാൽ സമൃദ്ധമായ ഈ വീടിന്റെ സവിശേഷത പൂർണമായും പഴയ തടിയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതാണ്. മരപ്പണിയായിരുന്നു ഈ വീടിന്റെ വെല്ലുവിളി എന്ന് മുസ്തഫ ഓർമിക്കുന്നു. ‘‘ജയൻ വിളിച്ച് പഴയ തടി കിട്ടുന്ന ഓരോ സ്ഥലങ്ങൾ പറയും. തിരക്കെല്ലാം മാറ്റിവച്ച് ഞാൻ അവിടെ പാഞ്ഞെത്തും. കേരളത്തിന്റെ മുക്കിലും മൂലയിലും ഞങ്ങൾ സഞ്ചരിച്ചിട്ടുണ്ട്. 11 പേരടങ്ങുന്ന സംഘം നാലുവർഷം ഇവിടെ താമസിച്ചാണ് തടിപ്പണി ചെയ്തത്. പ്ലെയിനർ മെഷീൻ സ്വന്തമായി വാങ്ങി. ദിവസക്കൂലിക്കാണ് പണിയിച്ചത്. ജനൽ, ഫർണിച്ചർ എന്നിവ വാങ്ങിയതിനു ശേഷമാണ് പണി തുടങ്ങിയത്.’’

bilathi7

ജയന്റെ ഭാര്യ സവിതയാണ് വീടിന്റെ പ്ലാൻ തയാറാക്കിയത്. ഊണിലും ഉറക്കത്തിലും വീട് എന്ന ഒറ്റ വിചാരവുമായി നടന്ന മുസ്തഫയുടെയും ഭാര്യ സജ്നയുടെയും ആശയങ്ങൾ ഉൾപ്പെടുത്തിയാണ് ജയൻ വീട് ഡിസൈൻ ചെയ്തത്. മാഹിയിലെ പഴയ മുസ്‍ലിം തറവാടുകളുടെ പ്രതീതി ഉണർത്തുന്ന വീടായതിനാൽ ഇസ്‌ലാമിക് ആർക്കിടെക്ചറിന്റെ വിശദാംശങ്ങൾ ഇവിടെ ദർശിക്കാം. വലിയ പടിപ്പുര കടന്നാണ് മതിൽക്കെട്ടിനകത്തേക്ക് കടക്കുക. തടിപ്പണികളാൽ സമ്പന്നമായ പടിപ്പുരയ്ക്ക് ഇരുവശവുമായി ജനാലയും കവാടവും നൽകി.

bilathi4

പഴയ വാതിലാണ് ഇവിടെ. ടൈൽ ഒട്ടിച്ച് പടിപ്പുര മനോഹരമാക്കിയിട്ടുമുണ്ട്.മുഖപ്പും ഏറ്റവും മുകളിലെ നിലയിലെ മട്ടുപ്പാവുമാണ് എക്സ്റ്റീരിയറിന്റെ ആകർഷണീയമായ ഘടകങ്ങൾ. മാഹിയിലെ 100Ð150 വർഷം പഴക്കമുള്ള പഴയ മുസ്‌ലിം തറവാട് പൊളിച്ചപ്പോൾ കിട്ടിയ ബൽജിയം ഗ്ലാസ് പിടിപ്പിച്ച ആർച്ച് ജനാലകളാണ് എക്സ്റ്റീരിയർ ഭംഗിക്ക് മോടികൂട്ടുന്നത്. പഴയ തറവാടുകളുടെ മുഖമുദ്രയായ നീളമുള്ള വരാന്തയും നൽകിയിട്ടുണ്ട്. വരാന്തയുടെ സീലിങ്ങിൽ ഓടിനു പകരം തടി കൊണ്ടുള്ള പൂമച്ചാണ്. അതിൽ കൊത്തുപണികള്‍ ചെയ്ത് മൊറാദാബാദിൽ നിന്നുള്ള വിളക്കുകൾ തൂക്കി. തടി കൊണ്ടുള്ള എട്ട് തൂണുകളാണ് പൂമുഖത്തിന് അഴകേകുന്നത്.

bilathi2

പ്രവേശനകവാടത്തിലെ സീലിങ് പഴയ തറവാടുകളിലെ മുഖമണ്ഡപത്തെ ഓർമിപ്പിക്കുന്നു. ഫ്ലോറൽ ഡിസൈനും കൊത്തുപണികളും കൊണ്ടു മുഖരിതമായ സീലിങ്ങിൽ തൂക്കുവിളക്കുകൾ നൽകി. ഡൈനിങ്ങിൽ നിന്നു പുറത്തേക്കും തിരിച്ചും കാഴ്ച ലഭിക്കുന്ന ജനാലകളുമുണ്ട്. കമാനാകൃതിയിലുള്ള ജനലുകൾ ഇസ്‌ലാമിക് വാസ്തുകലയുടെ അടയാളമാണ്. ഇരിക്കാനും കിടക്കാനും പറ്റുന്ന പഴയ ജനാലകൾ രണ്ടെണ്ണം വാങ്ങാൻ കിട്ടി. മറ്റുള്ളവ അതേ മാതൃകയിൽ പണിയിച്ചെടുത്തു. വാഴക്കൂമ്പിന്റെ ആകൃതിയിലുള്ള തടിപ്പണിയിൽ പിത്തള കൊണ്ട് അലങ്കരിച്ച സീലിങ്ങിലെ പണികളും വിശദാംശങ്ങളിലെ ശ്രദ്ധയാണ് കാണിക്കുന്നത്.

biathi4

ഇരുപാളി തിരുക്കുറ്റി (വിജാഗിരിക്കു പകരം മരത്തിന്റെ കുഴിവിലേക്ക് വാതിൽ ഇറക്കി വയ്ക്കുന്ന രീതി) വാതിൽ കടന്ന് വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ കൊത്തുപണികളും തൂക്കുവിളക്കുകളും ആന്റിക് ശേഖരവും ഒന്നിക്കുന്ന ദൃശ്യവിസ്മയമാണ് കാത്തിരിക്കുന്നത്. വലിയ ഹാളിനെ ലിവിങ്ങും ഡൈനിങ്ങുമായി തിരിച്ചു. സീലിങ്ങിൽ തടിയിൽ കൊത്തുപണികൾ ചെയ്തു. ടിവി സ്പേസും സീറ്റിങ്ങും ഒരുക്കിയിട്ടുണ്ട് ഇവിടെ. അഴികളോടു കൂടിയ നീളൻ ജനാലകളും കളേഡ് ഗ്ലാസിൽ വെളിച്ചം പ്രതിഫലിക്കുമ്പോഴുള്ള മായികമായ കാഴ്ചയും ഈയിടത്തിന് സ്വന്തം!

bilarhi5

ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിലാണ് സ്റ്റെയർകെയ്സ്. സ്റ്റയെറിനു താഴെയാണ് പ്രെയർ ഏരിയ. ഓപൻ പ്രെയർ ഏരിയയെ വേർതിരിക്കുന്നത് തൂണുകളാണ്. ഗോവണിയുടെ ഹാൻഡ്റെയിലിന് തടികൊണ്ടുള്ള അഴികളും പടികളിൽ കോട്ട സ്റ്റോണുമാണ്. സ്റ്റെയറിന്റെ ചുമരിൽ നിറയെ നൽകിയിട്ടുള്ള ജനാലകൾ വീടിനുള്ളിൽ കാറ്റും വെളിച്ചവും നിറയ്ക്കുന്നു.താഴെയും മുകളിലുമായി വിശാലമായ അഞ്ച് കിടപ്പുമുറികളാണ്. എല്ലാവർക്കും ഒത്തു കൂടാനും സൊറ പറഞ്ഞിരിക്കാനുമായി മൂന്നാമത്തെ നില മട്ടുപ്പാവ് മാതൃകയിൽ ഒരുക്കി. അങ്ങനെ പാരമ്പര്യത്തനിമയുടെ പ്രൗഢി വിളിച്ചോതി കേളോത്ത് വീട് തലയെടുപ്പോടെ നിൽക്കുന്നു.

bilathi8

കടപ്പാട്: ജയൻ ബിലാത്തിക്കുളം, ഡിസൈൻ ഹൗസ്,
കോഴിക്കോട്
jayanbilathikulam@gmail.com

Tags:
  • Vanitha Veedu