Saturday 22 September 2018 04:30 PM IST : By സ്വന്തം ലേഖകൻ

നാലുകെട്ടും മോഡേണായി

renovation-

ഒന്നും പൊളിക്കരുത്! പുതുക്കിപ്പണിതു കഴിയുമ്പോഴും വീട് പഴയതുപോലെ തന്നെ ഇരിക്കണം! ഈ നിബന്ധനയുമായാണ് പി.എം. മോഹൻ ആർക്കിടെക്ട് ടി.എം. സിറിയക്കിനെ സമീപിച്ചത്.

മോഹന്റെ മുത്തച്ഛൻ, തിരുവനന്തപുരത്തെ ആദ്യ മേയർ സി.ഒ. മാധവൻ പണികഴിപ്പിച്ചതാണ് ‘കോമത്ത് വീട്’. അച്ഛൻ റെയിൽവേ ബോർഡ് ചെയർമാനായിരുന്ന എം.എൻ. പ്രസാദ് അടക്കം മൂന്ന് തലമുറകൾ ജനിച്ചുവളർന്ന ഇടം. വൈകാരികമായി ഏറെ അടുപ്പമുള്ള വീട് അതേപോലെ നിലനിർത്തണം എന്നായിരുന്നു മോഹന്റെയും വീട്ടുകാരുടെയും ആഗ്രഹം.

പ്രായത്തിന്റെ അവശതകൾ

82 വയസ് പിന്നിട്ടതിന്റെ അവശതയിലായിരുന്നു വീട്. തറയിലെ സിമന്റ് പലയിടത്തും ഇളകി. വയറിങ്ങിൽ കേടുപാടുകൾ കണ്ടുതുടങ്ങി. അടുക്കളയുടെയും ബാത്റൂമിന്റെയും കാര്യമായിരുന്നു ഏറെ കഷ്ടം. എല്ലാ കിടപ്പുമുറികളോട് ചേർന്നും നല്ല അറ്റാച്ഡ് ബാത്റൂം ഇല്ല എന്നതും അടുക്കളയിൽ ആധുനിക സൗകര്യങ്ങളൊന്നും ഇല്ല എന്നതും വീട്ടുകാരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു.

പുതിയ മുറികൾ കൂട്ടിച്ചേർത്തോ നിലവിലുള്ളത് പൊളിച്ചു കളഞ്ഞോ കെട്ടിടത്തിന് രൂപമാറ്റം വരുത്താതെ സൗകര്യങ്ങൾ ഉൾപ്പെടുത്തുകയും തനിമ ചോരാതെ കേടുപാടുകൾ പരിഹരിക്കുകയും െചയ്തുകൊണ്ട് വീടു പുതുക്കുന്ന സമീപനമാണ് ആർക്കിടെക്ട് നടപ്പാക്കിയത്.

renovation-4

ഉറപ്പിന് കുറവില്ല

അടിത്തറയുടെയും ഭിത്തികളുടെയും ഉറപ്പ് പരിശോധിച്ചപ്പോൾ യാതൊരു കുറവും കണ്ടുപിടിക്കാനായില്ല. കരിങ്കല്ലുകൊണ്ടുള്ള അടിത്തറയും ചുടുകട്ടയിൽ കുമ്മായം പൂശിയ ചുവരുകളുമായിരുന്നു വീടിന്. നാലുകെട്ടിന്റെ മാതൃകയിലുള്ള, വീടിന്റെ എല്ലാ മുറികൾക്കു മുകളിലും മച്ചും ഉണ്ടായിരുന്നു. മച്ചിന്റെയും മേൽക്കൂരയുടെയും തടിക്കും കാര്യമായ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. അതിനാൽ മച്ചും മേൽക്കൂരയും അതേപോലെ നിലനിർത്തി കേടുവന്ന ഓടുകൾ മാറ്റിയിടുക മാത്രം ചെയ്തു.

പഴയ സിമന്റ് തറ ചെറുതായി കൊത്തിയിളക്കി പരുക്കനിട്ട ശേഷം ടൈൽ ഒട്ടിച്ചതാണ് ഇന്റീരിയറിലെ പ്രധാന മാറ്റം. ഓഫ്‌വൈറ്റ്, ഗ്രേ നിറങ്ങളിലുള്ള വിട്രിഫൈഡ് ടൈലാണ് പുതിയതായി വിരിച്ചത്.

ചുറ്റും തടികൊണ്ടുള്ള കൈവരികളുള്ള രീതിയിലായിരുന്നു പഴയ നടുമുറ്റം. കൈവരി മാറ്റി, നടുമുറ്റം അൽപം ഉയർത്തി. വെള്ളം ഒലിച്ചുപോകാനായി പുതിയ ഡ്രെയിനേജ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. പ്ലാവിൻ തടിയിൽ കടഞ്ഞെടുത്ത കൈവരി നഷ്ടപ്പെടുത്തിയില്ല. ഇത് വീടിന്റെ വശങ്ങളിലുള്ള വരാന്തയിൽ പിടിപ്പിച്ചു.

renovation-2

ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച ചെമ്പ് വയർ ഉപയോഗിച്ചായിരുന്നു വയറിങ് മുഴുവൻ. എസിയുടെയും മറ്റും ലോഡ് താങ്ങാൻ ഇതിനു ശേഷിയുണ്ടായിരുന്നില്ല. ഇതു മുഴുവനായി മാറ്റി. പകരം ആധുനിക രീതിയിൽ ഭിത്തിക്കുള്ളിലൂടെയുള്ള കൺസീൽഡ് വയറിങ് നൽകി. ഇതിനായി ചുവര് മുറിച്ച സ്ഥലങ്ങളിൽ മാത്രം സിമന്റ് പ്ലാസ്റ്റർ ചെയ്തു ഭംഗിയാക്കി. മച്ചിനുള്ളിലൂടെ വയറിങ് ചെയ്യാനുള്ള സാധ്യത പരമാവധി മുതലാക്കിയാണ് വരാന്തയിലെയും മറ്റും വയറിങ് ചെയ്തത്. വീടിന്റെ പ്രകൃതത്തിന് ചേരുന്ന രീതിയിലുള്ളതാണ് പുതിയതായി വാങ്ങിയ ലൈറ്റും ഫാനുമെല്ലാം.

renovation-5

വെല്ലുവിളി മറികടന്നു

പുതിയ മുറി പണിയാതെ അറ്റാച്ഡ് ബാത്റൂമിന് സ്ഥലം കണ്ടെത്തണം എന്നതും അടുക്കളയുടെ വലുപ്പം കൂട്ടണം എന്നതുമായിരുന്നു പ്രധാന വെല്ലുവിളി. സൈഡ് വരാന്തയുടെ കുറച്ചുഭാഗം കൂട്ടിയെടുത്ത് എല്ലാ മുറികളോടു ചേർന്നും ബാത്റൂം ഒരുക്കി. ഡ്രൈ ഏരിയ, വെറ്റ് ഏരിയ വേർതിരിവോടു കൂടി ആധുനിക സൗകര്യങ്ങളെല്ലാം ഉൾപ്പെടുന്നതാണ് പുതിയ ബാത്റൂമുകൾ.

പഴയ അടുക്കളയോട് ചേർന്നുണ്ടായിരുന്ന ചെറിയൊരു മുറി കൂടി കൂട്ടിച്ചേർത്താണ് ‘അടുക്കള വികസനം’ സാധ്യമാക്കിയത്. പുതിയ കൗണ്ടർടോപ്പ്, സിങ്ക്, കബോർഡ്, ഹുഡ്, ഹോബ് എന്നിവയെല്ലാം നൽകി അടുക്കളയെ അടിമുടി പരിഷ്കരിക്കുകയും ചെയ്തു.

വീട് പുതുക്കിയ ശേഷം കുടുംബാംഗങ്ങൾ എല്ലാവരും ഒത്തുചേർന്നപ്പോൾ മുതിർന്നവരിൽ പലരുടെയും മിഴികൾ ഈറനണിഞ്ഞു. ഓർമകളുടെ മധുരമായിരുന്നു ആ മിഴിനീരിൽ നിറയെ.

renovation-3

■ മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ

82 വർഷം പഴക്കമുള്ള നാലുകെട്ടിന്റെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി.

മുറികൾ പൊളിച്ചു കളയുകയോ പുതിയവ കൂട്ടിച്ചേർക്കുകയോ ചെയ്തില്ല. കാഴ്ചയിൽ വീടിന് കാര്യമായ മാറ്റമൊന്നും തോന്നില്ല.

കാലപ്പഴക്കം കൊണ്ടുള്ള കേടുപാടുള്ളതിനാൽ ഫ്ലോറിങ്, വയറിങ് എന്നിവ മുഴുവനായി മാറ്റി. പഴയ മേൽക്കൂര നിലനിർത്തി.

renovation-5

ചിത്രങ്ങൾ: ഹരികൃഷ്ണൻ

arch `പഴയ വീടുകളുടെ തനിമ നിലനിർത്തി തന്നെ പുതിയ ജീവിതശൈലിക്ക് ഇണങ്ങുന്ന സൗകര്യങ്ങൾ ഉൾപ്പെടുത്താനാകും.` -ടി.എം. സിറിയക്, ആർക്കിടെക്ട്-