Wednesday 30 June 2021 04:01 PM IST : By സ്വന്തം ലേഖകൻ

‘അത്യാവശ്യം സൗകര്യമെല്ലാമുള്ള നാല് കിടപ്പുമുറി വീട് വേണം’ ആർക്കിടെക്ടിനോട് വീട്ടുകാരുടെ ആദ്യ ആവശ്യം ഇതായിരുന്നു, ചുറ്റുപാടിന്റെ ഭംഗിയും ഉൾകൊണ്ട ഡിസൈൻ

nilambur 1

ചുറ്റുപാടിന്റെ സൗന്ദര്യവും ചുറ്റുപാടിന്റെ ഭംഗിയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. നിലമ്പൂരിലെ ജോർജിന്റെയും മേ രിയുടെയും വീട് ഇതിന് മികച്ച ഉദാഹരണമാണ്. റബർതോട്ടത്തിന്റെ പച്ചപ്പിൽ ചെറിയ കുന്നിൻ മുകളിലേക്ക് നീങ്ങുന്ന വഴി, അവിടെ തല ഉയർത്തി നിൽക്കുന്ന വീട്ടിലേക്കുള്ളതാണ്. മൂന്ന് മക്കളടങ്ങുന്ന കുടുംബത്തിലെ അംഗങ്ങള്‍ക്കനുസരിച്ചാണ് വീട് ഡിസൈൻ ചെയ്തത് ആർക്കിടെക്‌ട് സബീല ഹാരിസ്. ഒറ്റനിലയാണ് വീട്. അത്യാവശ്യം സ്ഥലം ഉള്ളതിനാൽ സൗകര്യത്തിൽ വിട്ടുവീഴ്ച വേണ്ടിവന്നില്ല. നാല് കിടപ്പുമുറി വീട് 2900 ചതുരശ്രയടിയാണ്. റബർ, കവുങ്ങ് കൃഷി തോട്ടത്തിനരികിൽ തന്നെയായിരുന്നു പഴയ വീടും. ഇത് താമസയോഗ്യമല്ലാതായപ്പോഴാണ് പുതിയ വീടിനെപറ്റി ആലോചിച്ചത്. ഇരുനില വീട് വേണ്ടെന്ന് ആദ്യം തന്നെ തീരുമാനിച്ചിരുന്നു. അത്യാവശ്യം സൗകര്യമെല്ലാമുള്ള നാല് കിടപ്പുമുറി വീട് എന്നാണ് ആർക്കിടെക്ട് സബീല ഹാരിസിനോടുള്ള വീട്ടുകാരുടെ ആവശ്യം. വലിയ ഹാളും ബാല്‍ക്കണിയും മറ്റ് ആവശ്യങ്ങളായി കൂടെ ചേർന്നു.

nilambur 2

‘‘സിറ്റ്ഔട്ട്, കിടപ്പുമുറികൾ, ഹാൾ, ലിവിങ്, കിച്ചൻ, സ്റ്റോർ റൂം, വർക്ഏരിയ എന്നിവയാണ് വീട്. ആവശ്യം അറിഞ്ഞുള്ള സൗകര്യങ്ങൾ മാത്രം ഒരുക്കി. അധികമായി ഒരിടവും ഇല്ല. അംഗങ്ങൾക്കനുസരിച്ച് കിടപ്പുമുറിയും, വലിയ ഹാളിനെ ലിവിങ്, ഡൈനിങ് എന്നിങ്ങനെയും ക്രമീകരിച്ചു. കിടപ്പുമുറിയിൽ നിന്ന് ചെറിയ ബാൽക്കണിയിലേക്കിറങ്ങാം,’’ സബീല പറയുന്നു.

അകവും പുറവും ഒരുപോലെ ആകർകമാക്കുന്നതിൽ ആർ‌ക്കിടെക്ട് സബീലയുടെ കഴിവ് വീട് കാണുന്നവര്‍ പുകഴ്ത്തുമെന്നുറപ്പാണ്. ചുറ്റുപാടിനെ കൂടി വീടിന്റെ സൗന്ദര്യത്തിലേക്ക് ആകർഷിക്കുന്ന രീതിയിലാണ് വീടിന്റെ എലിവേഷൻ. വെളുത്ത നിറം വീടിന് പ്രത്യേക ഭംഗി നൽകുന്നുണ്ട്. പച്ചപ്പ് നിറഞ്ഞ ചുറ്റുപാടാണ് വീടിന്റെ നിറത്തെ ആകർഷകമാക്കുന്നത്. വെട്ടുകല്ലുകൊണ്ടാണ് ഭിത്തി. പ്ലാസ്റ്റർ ചെയ്ത് ഭിത്തിയിൽ പുട്ടി ഫിനിഷ് ന ൽകി. ചരിഞ്ഞ കോൺക്രീറ്റ് മേൽക്കൂരയ്ക്കു മുകളിൽ ഓടിന്റെ നിറത്തിലുള്ള ഷിംഗിൾസ് നൽകി. പുല്ലും സ്റ്റോണും വിരിച്ച മുറ്റം കടന്നുചെല്ലുന്നത് ചെറിയ ഉയരത്തിലുള്ള വീട്ടിലേക്ക്. പ്ലോട്ടിന്റെ ഈ ഘടന വീടിന്റെ കാഴ്ചയെ ആകർഷകമാക്കാൻ ഏറെ സഹായിക്കുന്നു.

nilambur 3

‘എല്‍’ ആകൃതിയുള്ള സിറ്റ്ഔട്ട് കടന്ന് ഹാളിലേക്കു കയറുന്നിടത്ത് തന്നെയാണ് ലിവിങ് ഏരിയ. സ്വകാര്യത കണക്കിലെടുത്ത് മുറിയായി തന്നെ ക്രമീകരിച്ചു. വിശാലമായ ഹാളിനു ചുറ്റുമാണ് വീടിന്റെ മറ്റ് ഇടങ്ങളെല്ലാം. ഹാളിൽ ഒരു ഭാഗത്ത് ഇരിപ്പിടവും ടിവി യൂണിറ്റും നൽകി ഫാമിലി ലിവിങ് ക്രമീകരിച്ചു. ഇവിടെ മറ്റൊരു ഭാഗത്ത് തടിയിലും ഗ്ലാസ്സിലുമായി ആറ് സീറ്റുള്ള ഡൈനിങ് ടേബിളും ക്രമീകരിച്ചു. ഹാങ്ങിങ് ലൈറ്റും വെനീറിലും ജിപ്സത്തിലുമുള്ള സീലിങ്ങുമാണ് ഡൈനിങ്ങിനെ വേറിട്ട് നിർത്തുന്നത്. കാറ്റും വെളിച്ചവും അകത്തെത്തിക്കുന്ന ചുമതല ഡൈനിങ് ഏരിയയ്ക്കടുത്ത ഭിത്തിയിലെ വലിയ ജനലുകൾക്കാണ്. വാഷ്ഏരിയയ്ക്കും കോമൺ ടോ‌യ‌്ലറ്റിനുമുണ്ട് ഹാളിൽ സ്ഥാനം. ആവശ്യം അറിഞ്ഞുള്ള തിരഞ്ഞെടുപ്പ് ഫർണിച്ചറിന്റെ കാര്യത്തിലും പ്രാവർത്തികമാക്കി. ഇത് വീടിനകം വിശാലമായി തോന്നിക്കുന്നു.

അടുക്കളക്കാര്യത്തിലും വിശാലതയ്ക്കും സൗകര്യത്തിനും തന്നെ മുൻഗണന നൽകി. പ്ലൈവുഡിലും മൈക്കയിലും കാബിനറ്റുകൾ, മുകളിൽ ഗ്രാനൈറ്റിൽ കൗണ്ടർടോപ്. നീളത്തിലാണ് അടുക്കള ക്രമീകരിച്ചത്. വർക്ഏരിയയും സ്റ്റോർ റൂമും നൽകി. വീട്ടിലെ എല്ലാ വാതിലുകളും ജനലുകളും തേക്കിലുള്ളതാണ്. ബാത്റൂം വാതിലുകള‍്‍ക്ക് റെഡിമെയ്ഡ് വാതിലുകൾ ഉപയോഗിച്ചു. ഇറ്റാലിയൻ മാര‍്‍ബിളിൽ ഫ്ലോർ തിളങ്ങുന്നു. ഹാളിലെ ഭിത്തിയിൽ ഒരു ഭാഗത്ത് ക്ലാഡിങ് ചെയ്താണ് പ്രാർഥനാ സ്ഥലം ഒരുക്കിയത്.

nilambur 4

ഓരോ മുറിയുടെയും മൂഡിനനുസരിച്ചാണ് ഇന്റീരിയർ ഡിസൈനിങ്. എല്ലാ മുറികളിലേക്കും ഹാളി ൽ നിന്നുതന്നെ പ്രവേശിക്കാം. പ്ലൈവുഡിൽ വെനീർ ഒട്ടിച്ച കട്ടിലിന്റെ ഹെഡ്ബോർ‌ഡ് ബെഡ്റൂമിന്റെ ആകർഷണമാണ്. ഇതുതന്നെ സീലിങ്ങിലും പരീക്ഷിച്ചു. വെനീറും ജിപ്സവും എല്‍ഇഡി ലൈറ്റുകളുമാണ് വിസ്മയം തീർക്കുന്നത്. ഇതിനൊപ്പം വോൾപേപ്പറും ‌ചേർന്നപ്പോൾ മുറികൾ തിളങ്ങി. മൂന്ന് ജനലുകളാണ് മുറിയെ വിശാലമാക്കാൻ സഹായിക്കുന്നത്. ഭിത്തിയിൽ ഒളിപ്പിക്കാവുന്ന വാഡ്രോബുകളാണ് മുറികളിലെ മറ്റൊരു ആകർഷണം. കുട്ടികളുടെ മുറിയാണ് ഏറെ കൗതുകം തീർക്കുന്നത്. പിങ്ക് നിറത്തിലാണ് മുറി ഒരുക്കിയത്. കാർട്ടൂണ്‍ കഥാപാത്രങ്ങൾ നിറഞ്ഞ വോൾപേപ്പർ ഫിനിഷിലാണ് ഭിത്തി. വാഡ്രോബിലും എന്തിന് ഫാനിലുമുണ്ട് കുട്ടിത്തം. ചെറിയ കട്ടിലും സ്റ്റഡി ഏരിയയും ക്രമീകരിച്ചു. മാസ്റ്റർ ബെഡ്റൂം ഒഴികെ മറ്റു രണ്ടു മുറിയിലും ഒരു സർപ്രൈസ് ഒളിപ്പിച്ചുവച്ചിട്ടുണ്ട്. മുറികളില്‍ നിന്നും കുഞ്ഞ് ബാൽക്കണിയിലേക്കിറങ്ങാം. അകലെ പച്ച പുതച്ചും ഇടയ്ക്ക് മഞ്ഞിൽ കുളിച്ചും നിൽക്കുന്ന മലയുടെ കാഴ്ചയാണ് കണ്ണിൽ നിറയുക. ഒപ്പം തണുത്ത കാറ്റ് തലോടി പോവും.

nilambur 5

കടപ്പാട്: സബീല ഹാരിസ്

ചാത്തമംഗലം, കോഴിക്കോട്

sabeelas@gmail.com

Tags:
  • Vanitha Veedu