Monday 12 November 2018 04:27 PM IST : By ശ്രീദേവി

പഴമയുടെ ഭംഗിയും പ്രകൃതിയുടെ തണുപ്പും; നിവൃതി, താമസക്കാരുടെ താത്പര്യങ്ങളറിഞ്ഞ് നിർമ്മിച്ചൊരു വീട്–ചിത്രങ്ങൾ

sk ചിത്രങ്ങൾ: വിനീത് കെ. വാസു

പരമ്പരാഗത രീതിയോ മോഡേൺ ശൈലിയോ മാത്രം പിൻതുടർന്ന് ഒരേ അച്ചിൽ വാർത്തതുപോലുള്ള വീടുകൾ നിർമിക്കലല്ല ദൗത്യമെന്ന് പുതിയ തലമുറ ആർക്കിടെക്ടുമാർ വിശ്വസിക്കുന്നു. താമസക്കാരുടെ മാനസികനിലയ്ക്കും ജീവിതശൈലിക്കും പ്രാധാന്യം കൊടുക്കണമെന്ന പക്ഷക്കാരാണവർ. ആർക്കിടെക്ട് മനുരാജിന്റെ ചിന്തകളും ഇതേ വഴിയെയാണ് സഞ്ചരിക്കുന്നത്.

ആധുനികമോ പരമ്പരാഗതമോ... വീടുകൾ എങ്ങനെയാകണമെന്നാണ് അഭിപ്രായം?

താമസക്കാരുടെ ജീവിതരീതിയാണ് വീടുകൾ എങ്ങനെയിരിക്കണമെന്നു തീരുമാനിക്കുന്നത്. പരമ്പരാഗത ശൈലിയിൽ ജീവിച്ചിരുന്ന കുടുംബത്തിനുവേണ്ടി നിർമിച്ചതാണ് നിവൃതി. അതുകഴിഞ്ഞ് നിർമിച്ച വീട് കന്റെംപ്രറി ശൈലിയിലാണ്. കാരണം അവർ 35 വർഷം മുംബൈ നഗരത്തിൽ ജീവിച്ച ശേഷം കേരളത്തിൽ താമസത്തിനെത്തുകയാണ്. പരമ്പരാഗതരീതിയിലാണെങ്കിൽ വീടിന്റെ എല്ലാ ഘടകങ്ങളും ആ ശൈലിതന്നെ പിൻതുടരണം. ആധുനികമാണെങ്കിലും അങ്ങനെത്തന്നെ. രണ്ടും തമ്മിൽ കൂട്ടിക്കുഴയ്ക്കരുത് എന്ന അഭിപ്രായമുണ്ട്.

ഒരു കുടുംബത്തിന് ഏതുതരത്തിലുള്ള വീടുണ്ടാക്കണമെന്ന് എങ്ങനെ തീരുമാനിക്കും?

വീടുണ്ടാക്കാൻ ഉദ്ദേശിക്കുന്നവരുമായുള്ള രണ്ടോ മൂന്നോ സിറ്റിങ്ങുകൾ കഴിയുമ്പോൾതന്നെ അവരുടെ താൽപര്യങ്ങൾ മനസ്സിലാകും. ഉദാഹരണത്തിന് ‘ഓമനാലയം’ എന്ന വീട്ടിൽ താമസിച്ചു ശീലിച്ച സുജിത്തിന്റെ കുടുംബത്തിന് ഒരു കന്റെംപ്രറി വീട്ടിലുള്ള താമസം ഇഷ്ടപ്പെടണമെന്നില്ല. അവരുടെ ജീവിതരീതിക്കും നേരത്തേ താമസിച്ച ഇടത്തിനും അനുസരിച്ചുള്ള വീടാണ് നിവൃതി.

sk-4

പുതിയ കാലത്ത്, പഴയ വീടുകളുടെ അന്തരീക്ഷം നിലനിർത്താൻ എന്തെല്ലാം ചെയ്യാം?

സുജിത്തിന്റെ വീട്ടുകാർ മുൻപ് താമസിച്ചിരുന്ന ഓമനാലയം 1953ൽ നിർമിച്ചതാണ്. അന്നത്തെ നെയിംബോർഡ് കേടൊന്നുമില്ലാതെ ഇവിടെ വച്ചിട്ടുണ്ട്– ‘ഓമനാലയം, ബാക്ക് ടു മെമ്മറീസ്’ എന്ന രീതിയിൽ. ഈ വീടിന്റെ, കേടുപാടുകളില്ലാത്ത തടിയും ഓടുമെല്ലാം പുതിയ വീട്ടിൽ പുനരുപയോഗിച്ചു. മറ്റു നിർമാണസാമഗ്രികളും പഴമയുടെ സ്പർശമേറ്റവയാണ്. സിമന്റും വെട്ടുകല്ല് ക്ലാഡിങ്ങുമാണ് എക്സ്റ്റീരിയറിൽ. അകത്തു പലയിടത്തും സിമന്റും വെട്ടുകല്ലും കാണാം. പുട്ടി ഫിനിഷ് ഒഴിവാക്കി. ജിപ്സം പ്ലാസ്റ്ററിങ്ങാണ് അകത്തളത്തിൽ. ഇത് തണുപ്പുണ്ടാക്കാനും ചെറിയൊരു രീതിയിൽ ചെലവു കുറയ്ക്കാനും സഹായിക്കും. ഫ്ലാറ്റ് ആയി വാർത്ത് മുകളിൽ ട്രസ് ഇട്ടതും ചൂടു കുറയ്ക്കാൻ സഹായിച്ചു. ചൂടുകുറവുണ്ടോ എന്ന് നേരിട്ട് അറിയാൻ കടുത്ത വേനലിൽ അവിടെ പോകാറുണ്ട്. പഴയ തലമുറയും ഇനി വരുന്ന തലമുറയും ഒരുപോലെ ആസ്വദിക്കുന്നതാകണം വീട് എന്നാണ് ആഗ്രഹം.

പുതിയ വീട് നിർമിക്കുമ്പോഴും പ്രകൃതിയുടെ സ്വാഭാവികത നശിപ്പിക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്. അല്ലേ?

അതെ. നിവൃതിയുടെ കാര്യം തന്നെയെടുത്താൽ വീടിനു മുന്നിലെ മാവും പിന്നിലെ കിണറും നശിപ്പിച്ചു കളയാതെ വീടു നിർമിക്കാനാണ് ശ്രമിച്ചത്. കാർ ഉപയോഗിക്കാത്തതിനാൽ കാർപോർച്ചും വേണ്ട എന്ന് ക്ലയന്റ് പറഞ്ഞിരുന്നു. അതുകൊണ്ട് മാവ് നിലനിർത്താൻ സാധിച്ചു. കാർപോർച്ചിന്റെ സ്ഥാനത്ത് ലാൻഡ്സ്കേപ് കൊണ്ടുവരാൻ സാധിച്ചു. അകത്തളത്തിലെ കോർട്‌യാർഡുകളും പ്രകൃതിയുടെ പരിച്ഛേദങ്ങളാണ്. ക്രോസ് വെന്റിലേഷനും സ്വാഭാവികപ്രകാശവും അകത്തു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാറുമുണ്ട്.

sk-1

*************

നിവൃതി ആനന്ദത്തിന്റെ തടവിലാണ്. പുതിയ വീടുണ്ടാക്കുന്ന അപരിചിതത്വത്തിനു പകരം എവിടെയോ കണ്ടു പരിചയിച്ച ഇടങ്ങളും ഓർമകളും നിറഞ്ഞൊരു വീട്. തൃശൂർ അരിമ്പൂരിലെ സുജിത്തിന്റെ വീടാണ് നിവൃതി. പ്രകൃതിപോലുമറിയാതെ ഒരു താമസസ്ഥലമുണ്ടാക്കുക എന്നതായിരുന്നു നിവൃതിയുടെ നിർമാണ സമയത്ത് ആർക്കിടെക്ട് മനുരാജിന്റെയും ഡിസൈനർ ലിജോ ജോസിന്റെയും ലക്ഷ്യം. അതുകൊണ്ടുതന്നെ, ലാളിത്യത്തിനും പ്ലോട്ടിന്റെ പ്രത്യേകതകൾക്കും പ്രകൃതത്തിനും പ്രാധാന്യം കൊടുത്താണ് ഈ വീട് നിർമിച്ചിരിക്കുന്നത്. ഇവിടെ ഉപയോഗിച്ച മിക്ക നിർമാണവസ്തുക്കളും തികച്ചും പ്രകൃതിദത്തമോ പ്രകൃതിയോടു ചേർന്നുനിൽക്കുന്നതോ ആണ്. സ്വാഭാവിക പ്രകാശവും വായുസഞ്ചാരവും ഏറ്റവും നന്നായി ലഭിക്കുന്ന പ്ലാൻ ആയതിനാൽ നിവൃതിയിലെ ജീവിതം ആഹ്ലാദനിർഭരമാകുന്നു.

പ്ലോട്ടിന്റെ മുൻവശത്തുതന്നെയുള്ള കാവു നിലനിർത്തി, കാവിന്റെ ആവാസവ്യവസ്ഥയെ ബാധിക്കാത്ത വിധത്തിലാണ് വീടിന്റെ പ്ലാൻ വരച്ചത്. പരമ്പരാഗത കേരളീയ വീടുകളുടെ മുഖമുദ്രയായ പടിപ്പുരയാണ് നിവൃതിയിലേക്ക് സ്വാഗതം ചെയ്യുക. വെട്ടുകല്ലുകൊണ്ടുള്ള, തേക്കാത്ത മതിലും വീടിനു ചുറ്റുമുള്ള നാടൻ മരങ്ങളുമെല്ലാം ഗൃഹാതുരതയുണ്ടാക്കും. പഴയ വീടുകളിലേതുപോലെ പടികൾ കയറിയാണ് പൂമുഖത്തേക്കെത്തുക. പ്രകൃതിയും മഴയും വെയിലുമെല്ലാം ഈ പൂമുഖത്തിരുന്ന് ആസ്വദിക്കാം. പൂമുഖത്തിനു ചന്തം കൂട്ടാനാണ് ചാരുപടി. പൂമുഖത്തോടു ചേർന്ന്, ഒരു എക്സ്റ്റേണൽ കോർട്‌യാർഡും കൊടുത്തിട്ടുണ്ട്. പ്രകൃതിയെ അകത്തേക്ക് കൊണ്ടുവരുമ്പോൾ ഒരു തുണ്ട് മുറിഞ്ഞുവീണതുപോലെ.

sk-3

വീടിനുള്ളിലേക്ക്

സ്വീകരണമുറി, പൂജാമുറി, ഊണിടം, ഗോവണി, കോർട്‌യാർഡ്– ഡെക്ക്... ഇത്രയും ഭാഗങ്ങൾ നാലു ചുവരുകൾക്കുള്ളിൽ ക്രമീകരിച്ചിരിക്കുന്നു. എങ്കിലും സ്വീകരണമുറിയിലിരിക്കുന്ന ഒരാളുടെ സ്വകാര്യത നഷ്ടപ്പെടുന്നില്ല. കാരണം, സ്വീകരണമുറിക്കും ഊണുമുറിക്കും ഇടയിൽ ഒരു കോർട്‌യാർഡുണ്ട്. ഗോവണിയുടെ താഴെയാണ് ഇതിന്റെ സ്ഥാനം. ബുദ്ധബാംബൂവും അകത്തളത്തിൽ വയ്ക്കുന്ന മറ്റു ചെടികളും കൊണ്ടു സമ്പന്നമാക്കിയ രണ്ടു കോർട്‌യാർഡുകൾ വീടിന്റെ ശ്വാസകോശമായി പ്രവർത്തിക്കുന്നു.

sk-2

വീടിന്റെ കേന്ദ്രഭാഗം ഊണിടമാണ്. പൂമുഖത്തോടു ചേർന്ന എക്സ്റ്റേണൽ കോർട്‌യാർഡിന്റെയും സ്വീകരണമുറിയോടു ചേർന്ന കോർട്‌യാർഡ് ഡെക്കിന്റെയും നടുവിലാണ് ഈ ഭാഗം. കിഴക്കു പടിഞ്ഞാറ് ദിശയിൽ രണ്ട് കോർട്‌യാർഡുകൾക്കിടയിൽ കിടക്കുന്നതിനാൽ ഇവിടെ ചൂട് ശല്യം ചെയ്യില്ല. ഊണിടം കഴിഞ്ഞുള്ള ഡെക്കോടു കൂടിയ കോർട്‌യാർഡാണ് മറ്റൊരു പ്രധാനഭാഗം. അകത്തളത്തെ പുറത്തെ പ്രകൃതിയോടു കൂട്ടിയിണക്കുന്നതിന് ചെടിയും വെള്ളവുമെല്ലാം ഇവിടെ ക്രമീകരിച്ചിരിക്കുന്നു.ബുദ്ധപ്രതിമയ്ക്കു പിന്നിലെ ജാളി വായുസഞ്ചാരം സുഗമമാക്കാനും താമരക്കുളം ഭംഗിയും തണുപ്പും നൽകാനും സഹായിക്കുന്നു. മഴ അകത്തിരുന്നുതന്നെ ആസ്വദിക്കുക എന്ന ഉദ്ദേശ്യമുണ്ടായിരുന്നതിനാൽ കോർട്‌യാർഡിന്റെ മുകൾഭാഗം തുറന്നിരിക്കുന്നു. യോഗയോ ധ്യാനമോ പരിശീലിക്കാനും പറ്റുന്ന രീതിയിലാണ് ഡെക്ക് ഡിസൈൻ ചെയ്തിരിക്കുന്നത്. കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന വിധത്തിലാണ് മൂന്ന് കിടപ്പുമുറികളും ഡിസൈൻ ചെയ്തിരിക്കുന്നത്. അച്ഛനമ്മമാർക്കും അമ്മൂമ്മയ്ക്കുമുള്ള കിടപ്പുമുറികൾ താഴെയും സുജിത്തിന്റെ മുറി മുകളിലും ക്രമീകരിച്ചു.

sk-4

പ്ലോട്ടിലെ മരങ്ങളൊന്നും മുറിക്കാതെയായിരുന്നു നിർമാണം. വെട്ടുകല്ല്, തറയോട്, കളിമണ്ണോട് തുടങ്ങിയ നിർമാണവസ്തുക്കൾ ഉപയോഗിക്കുകയും ചെയ്തു. ഇവിടത്തെ ഓടും ജനലുകളും വാതിലുകളും തടിയുമെല്ലാം പഴയ വീട്ടിൽനിന്നെടുത്തതാണ്. പ്ലാസ്റ്ററിങ് ജിപ്സമുപയോഗിച്ചാണ്. ഇത് പുട്ടി ഒഴിവാക്കാനും അതുവഴി ചെലവു നിയന്ത്രിക്കാനും സഹായിച്ചു. കെട്ടിലും മട്ടിലും പഴയ വീടുകളെ ഓർമിപ്പിക്കുന്ന ഒന്നാകണം നിവൃതി എന്നത് വീട്ടുകാരുടെയും ആർക്കിടെക്ടിന്റെയും നിർബന്ധമായിരുന്നു.

sk-2

വിദേശത്തു ജോലി ചെയ്യുന്ന സുജിത്തിന് ഒരേയൊരു ആവശ്യമേയുണ്ടായിരുന്നുള്ളുവെന്ന് മനുരാജ് ഓർക്കുന്നു. പുതിയ ഒരു കോൺക്രീറ്റ് കെട്ടിടത്തിനകത്താണ് തങ്ങളെന്ന് മറന്ന് അച്ഛനമ്മമാരും അമ്മൂമ്മയും ഈ വീട്ടിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കണം. സുജിത്തിന്റെ ആഗ്രഹം പോലെ തന്നെ ഇവിടെ പ്രകൃതിയും താമസക്കാരും വീടും ഒന്നായിത്തീരുന്നു. ■

sk6 സുജിത്തിന്റെ അച്ഛനും അമ്മയും അമ്മൂമ്മയും.