Thursday 15 April 2021 03:41 PM IST : By സ്വന്തം ലേഖകൻ

പ്ലോട്ട് വലുതാണെങ്കിൽ ഒറ്റ നില തന്നെയാണ് ഭംഗി, വിശാലമായ ഇടങ്ങൾ, സൗകര്യത്തിന് കുറവില്ല 50 സെന്റിൽ 4700 ചതുരശ്രയടി വീട്

rahul 1

പരമ്പരാഗത ഡിസൈനുകൾ കാലാതീതമാണ്. ഏറ്റുമാനൂരിലെ സോണിക്കും ലിൻഡയ്‌ക്കും വേണ്ടിയിരുന്നതും അതുതന്നെ. 50 സെന്റിൽ വിശാലമായി കിടക്കുകയാണ് 4700 ചതുരശ്രയടി വിസ്തീർണമുള്ള വൈതുണ്ടത്തിൽ വീട്.

rahul 5

ഡിസൈൻ ചെയ്‌തത് ആർക്കിടെക്ട് ദമ്പതികളായ രാഹുലും ശാന്തിയും.വടക്ക്, കിഴക്ക് വശങ്ങളിലേക്ക് നല്ല വ്യൂ കിട്ടുമെന്നതിനാൽ രണ്ടുഭാഗത്ത് എലിവേഷൻ വരുന്ന രീതിയിലാണ് ഡിസൈൻ. ‘L’ ആകൃതിയിലുള്ള നീളൻ വരാന്തയിലിരുന്നാൽ വീടിന്റെ രണ്ടു വശത്തേക്കും നോട്ടമെത്തും.

ഡൈനിങ് ഏരിയയുടെ പുറത്തേക്കുള്ള ഭിത്തി മുഴുവൻ തുറക്കാൻ പറ്റുന്ന രീതിയിലാണ്. നീളൻ ജനാലകൾ മടക്കിവച്ചാൽ ഡൈനിങ്, കോർട്‌യാർഡ്, വരാന്ത എന്നിവ ഒറ്റ സ്പേസ് ആയി ഉപയോഗിക്കാം. ഫലമോ, വീട്ടിലെ വലിയ ഒത്തുകൂടലുകളിൽ വിശാലമായ സ്പേസ് ലഭിക്കും. ലിവിങ്ങിലും മകന്റെ കിടപ്പുമുറിയിലുമുള്ള കോർണർ വിൻഡോകളും ധാരാളം പ്രകാശം കടത്തിവിടും.

rahul 8

അ‍ഞ്ച് കിടപ്പുമുറികളിലും ബാത്റൂം, ഡ്രസ്സിങ് റൂം എന്നിവ പ്രത്യേകമായി കൊടുത്തിരിക്കുന്നതിനാൽ ബെഡ്റൂമുകളിൽ ഇഷ്ടംപോലെ സ്ഥലമുണ്ട്. ഭിത്തികളുടെ എണ്ണം പരമാവധി കുറച്ചതിനാലും അകത്തളത്തിൽ ധാരാളം സ്പേസ് ലഭിക്കുന്നു. അടുക്കളയും സ്പേസിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഒാപൻ പാൻട്രിയും കിച്ചനും വർക്ഏരിയയും സ്റ്റോറും എല്ലാം ചേരുന്ന കിച്ചൻ കോംപ്ലക്സ്, വലിയ കുടുംബത്തിന്റെ പ്രധാനപ്പെട്ട ചേരുവയായി വിലസുന്നു. ഡൈനിങ്, ലിവിങ് എന്നിവ ഡബിൾഹൈറ്റിലായതിനാലും കൂടുതൽ സ്േപസ് തോന്നിപ്പിക്കും.

rahul 7

വലിയ ആൽമരം ക്ലാഡ് ചെയ്ത കോർട്‌യാർഡിന് ഇവിടെ മറ്റൊരു പേരു കൂടിയുണ്ട് സെൽഫി ഏരിയ. ആർട്ടിഫിഷ്യൽ പുല്ലും കരിങ്കല്ലും വിരിച്ച നടുമുറ്റം ഫോട്ടോകൾക്കുള്ള മികച്ച പശ്ചാത്തലമൊരുക്കുന്നതിനാലാണിത്. കോർട്‌യാർഡിന്റെ രണ്ട് ഭാഗങ്ങളിലായാണ് ഫാമിലി ഏരിയയും ഡൈനിങ്ങും.

rahul 3

കോർട്‌യാർഡിന്റെ മുകൾഭാഗം ടെറസിലേക്കു തുറക്കുന്നു. വിശാലമായ വീടിന്റെ മുകൾഭാഗം മുഴുവൻ ടെറസ് ഏരിയയാണ്. മുകളിൽ ട്രസ്സ് ആയതിനാൽ കുട്ടികൾക്കു കളിക്കാൻ ഇഷ്ടംപോലെ സ്ഥലം. തേക്കിൻതടിയാണ് ഒറ്റനില വീടിന് കൂടുതൽ ആഢ്യത്വം പകരുന്നത്. ആർക്കിടെക്ട് തന്നെ ഡിസൈൻ ചെയ്തു പണിയിപ്പിച്ചെടുത്ത ഫർണിച്ചറിനെല്ലാം ആധുനികഭാവമാണ്.

rahul 2

ലിവിങ്ങിനും ഫാമിലി ഏരിയയ്ക്കും ഇടയിൽ പാർട്ടീഷൻ ചെയ്യുന്ന ‘ഫ്രീ സ്റ്റാൻഡിങ് ഭിത്തി’യിലും തടിക്കഷണങ്ങളാണ് പാറ്റേൺ. സ്ട്രിപ് ഡിസൈൻ, വെളുത്ത ഗ്ലാസ്, ബേ വിൻഡോ... എന്നിങ്ങനെ വ്യത്യസ്തമായ ഡിസൈനുകളിലാണ് ബെഡ്റൂമുകൾ.

rahul 6

ഡിസൈൻ:

രാഹുൽ തോമസ് പയസ്, ശാന്തി രാഹുൽ, ഡിസൈൻ െഎഡന്റിറ്റി

കൊച്ചി, കോട്ടയം

designidentiti@gmail.com