Monday 25 February 2019 04:27 PM IST : By സ്വന്തം ലേഖകൻ

പാരമ്പര്യത്തിന്റെ പ്രൗഢി പുതുമയുടെ ഭംഗി ; കാറ്റും വെളിച്ചവും വിരുന്നെത്തുന്ന സ്വപ്നവീട്; ചിത്രങ്ങൾ

rohith-

കോഴിക്കോട് കോവൂരിലെ ‘രാധാകൃഷ്ണ ഭവനം’ കണ്ണഞ്ചിപ്പിക്കുന്ന അംബരചുംബിയല്ല. പക്ഷേ, ഈ വീട് വീട്ടുകാർക്കു നൽകുന്ന സംത‍ൃപ്തി ചെറുതല്ല.

ഒട്ടും ആഡംബര പ്രിയനല്ല വീട്ടുകാരനായ രാധാകൃഷ്ണൻ. വീട് മനസ്സിനു സന്തോഷം നൽകുന്ന ഇടമാവണമെന്നു നിർബന്ധവുമുണ്ട്. കുത്തിനിറച്ചുള്ള അലങ്കാരങ്ങളോടും താൽപര്യമില്ല. അതുകൊണ്ടു തന്നെയാണ് കാറ്റും വെളിച്ചവും നൽകുന്ന ലളിതമായ രീതി അവലംബിക്കാൻ ആർക്കിടെക്ടായ രോഹിത്തിനോട് ആവശ്യപ്പെട്ടത്. ഉപഭോക്താവിന്റെ ഈ ഇഷ്ടം മനസ്സിൽ കണ്ടാണ് രോഹിത് പ്ലാൻ വരച്ചതും. പരമ്പരാഗത ശൈലിയില‍്‍ മോഡേൺ ഘടകങ്ങൾ കൂടി കൂട്ടിച്ചേർത്ത് അവതരിപ്പി‍ച്ചപ്പോൾ രാധാകൃഷ്ണനും സന്തോഷം. ചരിഞ്ഞ പ്ലോട്ട് നികത്താതെ, ഉയർന്ന സ്ഥലത്ത് വീട് എന്ന രീതിയിൽ പണിതു. വീടിന്റെ കാഴ്ചയിൽ ഈ കയറ്റം പ്രധാന ഘടകമായി മാറി. 2500 ചതുരശ്രയടിയിൽ പൂർണമായും വാസ്തു പ്രകാരം പണിത ഈ വീട്ടില്‍ സിറ്റ്ഔട്ട്, ലിവിങ്, നാല് കിടപ്പുമുറികൾ, ഫാമിലി ലിവിങ്, കിച്ചൻ എന്നിവയാണ് ഉള്ളത്.

r4

ലിവിങ്ങാണ് താരം

ചെറിയ സിറ്റ്ഔട്ട് കടന്ന് അകത്തേക്ക് പ്രവേശിക്കുന്നതു വലിയ ഹാളിലേക്കാണ്. ഇതിനെ രണ്ടായി തിരിച്ചാണ് ലിവിങ്, ഡൈനിങ് എന്നിങ്ങനെയാക്കിയത്. ലിവിങ് ഏരിയ തന്നെയാണ് വീട്ടിലെ മനോഹരമായ ഇടം. ഈ ഭാഗത്തെ വൈറ്റ് സെറാമിക്ക് ബ്രിക്ക് ക്ലാഡിങ് മാത്രമല്ല ഇതിനു കാരണം. പുറത്തെ കുളത്തിന്റെ കാഴ്ചയിലേക്കു തുറക്കുന്ന, കോർണറിലെ വലിയ ജനലുകളും ആകർഷണീയം തന്നെ. കസ്റ്റമൈസ്ഡ് ഫർണിച്ചറും അതിഥികളെ സ്വീകരിക്കാനായുണ്ട്. ഡബിൾഹൈറ്റാണ് മറ്റൊരു ഹൈലൈറ്റ്. വീട്ടുകാരുടെ സ്വകാര്യതയെ ഹനിക്കുന്നില്ലെന്നതും പ്രത്യേകതയാണ്. ലിവിങ്ങിൽ നിന്ന് ഡൈനിങ്ങിനെ വേർതിരിക്കുന്ന, ഇഷ്ടിക കൊണ്ട് പണിത ജാളിയിൽ അലങ്കാരവസ്തുക്കൾ വച്ചു.

r6

തടിയിൽ പണിത സ്റ്റെയർകെയ്സ് കയറിച്ചെല്ലുന്നത് ഫാമിലി ലിവിങ് ഏരിയയിലേക്കാണ്. ഫാമിലി ലിവിങ് എന്ന് പറയാമെങ്കിലും ഇത് ഒരു മൾട്ടിപർപസ് ഏരിയ കൂടിയാണ്. പഠന സ്ഥലമായും ഉപയോഗപ്പെടുത്തുന്നു. താഴത്തെ നിലയിലുള്ള ഡബിള്‍ഹൈറ്റിന്റെ ഭംഗി ഇവിടെ നിന്നാണ് ശരിക്കും ആസ്വാദ്യകരമാവുന്നത്. താഴത്തെ ലിവിങ്ങും ഡൈനിങ്ങും ഇവിടെനിന്ന് ദ‍ൃശ്യമാകുന്നു. ഭിത്തിയിൽ നൽകിയിരിക്കുന്ന ഗ്ലാസ് അകത്തേക്കു വെളിച്ചമെത്തിക്കാൻ സഹായിക്കുന്നു. ഇതിന് സമാന്തരമായി നൽകിയ ഹാങ്ങിങ് ലൈറ്റ് വീടിന്റെ രാത്രിയിലെ പുറംകാഴ്ചയ്ക്കു മാറ്റ് കൂട്ടുന്നതാണ്.

r-13

ലളിതസുന്ദരം

ഹാളിലെ ജനലിനടുത്തായാണ് ഡൈനിങ് ടേബിൾ സെറ്റ് ചെയ്തിരിക്കുന്നത്. ലിവിങ് ഏരിയയിലേതു പോലുള്ള ഡബിൾഹൈറ്റ് മേൽക്കൂരയാണ് ഇവിടെയും പരീക്ഷിച്ചിരിക്കുന്നത്. ഭിത്തി മുഴുവനായും നിറഞ്ഞു നിൽക്കുന്ന ജനൽ, പുറത്തെ കുളത്തിന്റെ കാഴ്ചയൊരുക്കാനും സഹായിക്കുന്നു. വീടിന്റെ തടിപ്പണിയിൽ ബാക്കിവന്ന തടി ഉപയോഗിച്ച് ജനലിനടുത്ത് പണിത ഇരിപ്പിടമാണ് ഇവിടത്തെ ഹൈലൈറ്റ്. ഡൈനിങ് ഏരിയയിൽ നിന്ന് കിടപ്പുമുറികളിലേക്കും കിച്ചനിലേക്കും കോമൺ ടൊയ‌്ലറ്റിലേക്കും പ്രവേശിക്കാം.

r-5

രണ്ട് കിടപ്പുമുറികളും ഒരു ബാൽക്കണിയുമാണ് മുകളിലെ നിലയിലുള്ളത്. ബാൽക്കണിയുടെ മേൽക്കൂര ജിഐ ട്രസ്സിൽ മാംഗ്ലൂർ ടൈൽ പതിച്ചതാണ്. മതിലിനു മുകളിൽ നൽകിയിരിക്കുന്ന കരിങ്കൽ തൂണ്‍ ഡിസൈൻ ബാൽക്കണിയിലും പരീക്ഷിച്ചതാണ് വീടിന്റെ എലിവേഷനെ വത്യസ്തമാക്കുന്നത്. സ്റ്റെയർറെയ‌്ലിനു നൽകിയിരിക്കുന്ന അതേ പാറ്റേണ്‍ തന്നെയാണ് ഫാമിലി ലിവിങ് ഏരിയയിലെ റെയ‌്ലിങ്ങിലും സ്വീകരിച്ചിരിക്കുന്നത്. അത്യാവശ്യം സൗകര്യമുള്ള കിടപ്പുമുറികളിൽ ഫോൾസ് സീലിങ് പോലുള്ളവ നൽകാതെ മിനിമലിസ്റ്റിക് രീതിയാണ് പരീക്ഷിച്ചത്. ഫ്ലോറിങ്ങിന് പച്ച കലർന്ന ചാര നിറത്തിലുള്ള കോട്ട സ്റ്റോൺ നൽകിയപ്പോൾ പോർച്ചിൽ കടപ്പയും മുറ്റത്ത് കരിങ്കല്ലും വിരിച്ചു. ഇവയ്ക്കിടയിലായി പുൽത്തകിടി വച്ചും ഭംഗിയാക്കി. ‘U’ ആകൃതിയിലുള്ള കിച്ചനിൽ മറൈൻ പ്ലൈവുഡിൽ കാബിനുകൾ നൽകി.

കുളിച്ചൊരുങ്ങി

പാരമ്പര്യമായി കിട്ടിയ സ്ഥലം വീടു നിർമാണത്തിനു തിരഞ്ഞെടുക്കുമ്പോൾ പ്ലോട്ടിലുള്ള കുളം എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് രോഹിത്തിനോട് രാധാകൃഷ്ണൻ ആദ്യം ചോദിച്ചത്. ഇത് മനസ്സിൽ കണ്ടാണ് പ്ലാൻ തയാറാക്കിയത്. ജനൽ തുറന്നാൽ‌ വീടിന്റെ ഇടതു ഭാഗത്തുള്ള കുളം ദൃശ്യമാകുന്ന രീതിയിലാണ് ഡിസൈൻ. ലിവിങ് ഏരിയ, കിടപ്പുമുറി, കിച്ചൻ, ഡൈനിങ് തുടങ്ങിയ ഇടങ്ങളിൽ നിന്നെല്ലാം കുളം കാണാം.

r2

കാറ്റും വെളിച്ചവും അകത്തെത്തിച്ച് വീടിനകത്ത് പൊസിറ്റീവ് എനർജി നിറയ്ക്കാനും സഹായിക്കുന്ന വലിയ ജനലുകളാണ് ഇവിടെ നൽകിയത്. കുളപ്പുരയും പടികളുമൊരുക്കി മനോഹരമാക്കി. വെട്ടുകല്ല് കാണുന്ന രീതിയിൽ വീടിന്റെ പുറം ഭിത്തിയൊരുക്കി. അതേ വെട്ടുകല്ലിൽ തന്നെയാണ് കുളപ്പുരയും പണിതത്. ■

r-3

Project Facts

Area:2500sqft

Architect:

രോഹിത് പാലയ്ക്കൽ നെസ്റ്റ് ക്രാഫ്റ്റ്, കോഴിക്കോട്

ar.rohitmumbai@gmail.com

Location:

കോവൂർ, കോഴിക്കോട്

Year of completion:

മേയ്, 2018

r-7