Saturday 17 April 2021 03:19 PM IST : By സ്വന്തം ലേഖകൻ

മഴവെള്ള സംഭരണി നിർമിക്കാൻ പദ്ധതിയുണ്ടോ? അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ ഇതാ...

water 1

ജലക്ഷാമം മറികടക്കാനുള്ള എളുപ്പമാർഗമാണ് മഴവെള്ള സംഭരണം. പുരപ്പുറത്തു വീഴുന്ന മഴവെള്ളം സംഭരിച്ചു സൂക്ഷിച്ചാൽ വേനൽക്കാലത്ത് വെള്ളത്തിനായി നെട്ടോട്ടം ഓടേണ്ടി വരില്ല. ഇപ്പോൾ മഴവെള്ള സംഭരണി നിർമിച്ചാൽ മൺസൂൺസമയത്ത് മഴക്കൊയ്ത്ത് നടത്താം. വരാനിരിക്കുന്ന വേനലിന്റെ കാഠിന്യത്തെ അതിലൂടെ മറികടക്കാം.

മഴവെള്ള സംഭരണി നിർമിക്കും മുൻ‌പ് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ.

1. ലഭ്യമായതിൽ ഏറ്റവും ശുദ്ധമായ ജലമാണ് മഴവെള്ളം. നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത രീതിയിൽ സംഭരണിക്കുള്ളിൽ ശേഖരിച്ചിരിക്കുന്ന മഴവെള്ളവും ശുദ്ധമാണ്. സൂര്യപ്രകാശം ഏൽക്കാത്തതിനാൽ ജലത്തിൽ പായൽ, പൂപ്പൽ, സൂക്ഷ്മാണുക്കൾ തുടങ്ങിയവയുടെ സാന്നിധ്യം ഉണ്ടാകില്ല.

2. ഫെറോസിമന്റ് സാങ്കേതികവിദ്യയിൽ മഴവെള്ള സംഭരണി നിർമിക്കുന്നതാണ് ഏറ്റവും ചെലവ് കുറഞ്ഞ മാർഗം. ലീറ്ററിന് നാല് – അഞ്ച് രൂപ നിരക്കിലാണ് ഇതിനു ചെലവ് വരിക. ചിക്കൻമെഷ്, വെൽഡ്മെഷ്, മണൽ, സിമന്റ് എന്നിവ ഉപയോഗിച്ചാണ് ഫെറോസിമന്റ് ടാങ്ക് നിർമിക്കുന്നത്. ഭൂമിക്ക് അടിയിലോ മുകളിലോ പകുതി ഭൂമിക്ക് അടിയിലും ബാക്കി മുകളിലുമായോ ഇത്തരം ടാങ്ക് നിർമിക്കാം.

water 2

3. കുടിവെള്ളം, പാചകം, മറ്റു പ്രാഥമിക ആവശ്യങ്ങൾ എന്നിവയ്ക്കായി ഒരാൾക്ക് ദിവസം ശരാശരി 20 ലീറ്റർ വെള്ളം വേണ്ടിവരും. ഇതനുസരിച്ച് അഞ്ച് അംഗങ്ങളുള്ള കുടുംബത്തിന് ദിവസം ഏകദേശം നൂറ് ലീറ്റർ വെള്ളം വേണം.

4.10,000 ലീറ്റർ മുതൽ 50,000 ലീറ്റർ വരെ സംഭരണശേഷിയുള്ള ഫെറോസിമന്റ് ടാങ്കുകളാണ് വീടുകളിലേക്ക് സാധാരണ നിർമിക്കുന്നത്.

5.  മഴവെള്ള സംഭരണി നിർമിക്കാൻ സബ്സി‍ഡി ലഭ്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് ഇതു ലഭിക്കുക. ഗ്രാമപഞ്ചായത്ത്, ജലനിധി, മഴകേന്ദ്രം എന്നിവയൊക്കെ വഴി സഹായം ലഭിക്കും.

6. ആയിരം ചതുരശ്രയടി വിസ്തീർണമുള്ള മേൽക്കൂരയിൽ നിന്നും പ്രതിവർഷം മൂന്ന് ലക്ഷം മുതൽ അഞ്ച് ലക്ഷം ലീറ്റർ വരെ മഴവെള്ളം സംഭരിക്കാനാകും. കേരളത്തിൽ പ്രതിവർഷം ശരാശരി  3000 – 3500 മില്ലിലീറ്റർ മഴ ലഭിക്കുന്നു എന്നാണ് കണക്ക്.  

water 3

7. മഴവെള്ള സംഭരണി നിറഞ്ഞ ശേഷമുള്ള അധികജലം തുണി നനയ്ക്കാനും കൃഷിക്കും ഒക്കെ പ്രയോജനപ്പെടുന്ന രീതിയിൽ ശേഖരിക്കാം. സംഭരണി നിറഞ്ഞു കഴിയുമ്പോൾ വെള്ളം കിണറ്റിലേക്ക് എത്തുന്ന രീതിയിൽ (കിണർ റീ ചാർജിങ്)  ഓവർഫ്ലോ പൈപ്പ് കണക്‌ഷൻ നൽകുന്നതും നല്ലതാണ്.

8. രണ്ട് സെന്റിലും അഞ്ച് സെന്റിലും പണിയുന്ന വീടുകളിലും മഴവെള്ള സംഭരണി നിരർമിക്കാം. കിടപ്പുമുറിയുടെ അടിയിൽ പോലും മഴവെള്ള സംഭരണി നിർമിച്ചിട്ടുള്ള നിരവധി വീടുകൾ കേരളത്തിലുണ്ട്. ഭൂമിക്കടിയിൽ വരുന്ന രീതിയിലുള്ള സംഭരണിയാണ് ചെറിയ സ്ഥലങ്ങൾക്ക് അനുയോജ്യം. കാർപോർച്ചിന് അടിയിലോ ലാൻഡ്സ്കേപ്പിന് അടിയിലോ ഒക്കെ സംഭരണി നിർമിക്കാവുന്നതാണ്. സ്ഥലം നഷ്ടപ്പെടുകയില്ല.

9. മഴവെള്ള സംഭരണിക്ക് മെയ്ന്റനൻസ് വളരെ കുറവാണ്. വെള്ളം അരിച്ചിറങ്ങുന്ന ഫിൽറ്ററിങ് സംവിധാനം വർഷത്തിലൊരിക്കൽ വൃത്തിയാക്കിയാൽ മതിയാകും.

water 4

10. 10000 ലീറ്ററിന്റെ ഫെറോസിമന്റ് സംഭരണി നിർമിക്കാൻ ആറ്– ഏഴ് ദിവസം മതി.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. വി. സുഭാഷ് ചന്ദ്രബോസ്

സംസ്ഥാന ജലവിഭവ വകുപ്പ് സിസിഡിയു മുൻ ഡയറക്ടർ