Thursday 08 April 2021 02:09 PM IST : By സ്വന്തം ലേഖകൻ

പുറത്തെ ചൂടിനേക്കാൾ നാലോ അഞ്ചോ ഡിഗ്രി കുറവായിരിക്കും വീടിനകത്ത്: ആ മാജിക് എന്താണ്?: ആർകിടെക്ട് പറയുന്നു

venmani new 1

ആർക്കിടെക്ചറിന്റെ പഴയ അംശങ്ങളും പുതിയ അംശങ്ങളും സമന്വയിക്കുന്ന വീട് മുരളീധരക്കുറുപ്പിന്റേതാണ്. വടക്കു ദർശനമുള്ള വീടിന് 3000 ചതുരശ്രയടി വിസ്തീർണമുണ്ട്. റോഡിൽ നിന്ന് കുറച്ച് പൊങ്ങിനിൽക്കുന്നതിനാൽ നല്ല തലയെടുപ്പുമുണ്ട്. ചൂടും ഇൗർപ്പവും കൂടുതലുള്ള കേരള കാലാവസ്ഥയിൽ വീടിനകം സുഖകരമായിരിക്കണം എന്നതായിരുന്നു പ്രധാന വെല്ലുവിളി. മുറിക്കകത്ത് വെളിച്ചവും വായുസഞ്ചാരവും പരമാവധി വരുത്തുക എന്നതായിരുന്നു ആർക്കിടെക്ട് ദീപ്തിയുടെ നയം. അതിനുവേണ്ടി ദീപ്തി ചില മാർഗങ്ങൾ കൈക്കൊണ്ടു.

venmani new 2

ആദ്യമായി, ഇരട്ട മേൽക്കൂര എന്ന ആശയം നടപ്പാക്കി. എല്ലാ മുറികളുടെയും ഫ്ലാറ്റ് റൂഫിനു മുകളിൽ ഉയരം കൂടിയ ട്രസ്സ് റൂഫ് കൊടുത്ത് മാംഗ്ലൂർ ഒാട് പതിച്ചു. ടെറാകോട്ട ഒാടുകൾ സൂര്യതാപം വലിച്ചെടുക്കുകയും രണ്ടു റൂഫിനും ഇടയ്ക്കുള്ള സ്ഥലം വായുസഞ്ചാരം സുഗമമാക്കുകയും ചെയ്യുന്നു. ഇടയ്ക്കുള്ള സ്ഥലം പലവിധ കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന ‘യൂട്ടിലിറ്റി ഏരിയ’ കൂടിയാണ്. പുറത്തുനിന്നു നോക്കുമ്പോൾ രണ്ടു റൂഫും ഒന്നാണെന്നേ തോന്നൂ!

venmani new 5

വീടിനകത്ത് വാസ്തു കണക്കുകൾ അനുസരിച്ചാണ് ലേഒൗട്ട്. ഒാപനിങ്ങുകൾ എല്ലാം മുഖ്യദിശകളിലേക്കു വരുംവിധമാണ് ഡിസൈൻ. അടിഭാഗത്ത് ലൂവർ ഡിസൈനിൽ തടിപ്പണിയുള്ള നീളൻ ഫ്രഞ്ച് ജനലുകളാണ് ഇവിടെയുള്ളത്. ജനലുകൾ അടച്ചിട്ടാലും വായുസഞ്ചാരം കുറയില്ല എന്നതാണ് ലൂവറിന്റെ പ്രത്യേകത. പുറത്ത് നല്ല വെയിലാണെങ്കിലും വീടിനകം തണുക്കാൻ ഇൗ രീതി സഹായിക്കുന്നു. വീട്ടിലേക്കു സ്വാഗതം ചെയ്യുന്നത് കൊത്തുപണിയുള്ള കരിങ്കൽ തൂണുകളും പരുപരുത്ത ഗ്രാനൈറ്റ് ഫ്ലോറിങ്ങും കോൺട്രാസ്റ്റ് ആയ ചുവന്ന ടെറാകോട്ട സീലിങ് ഒാടുകളുമുള്ള നീളൻ വരാന്തയാണ്. ഇവിടെനിന്നു കടക്കുന്നത് സ്വീകരണമുറിയും ഫാമിലി റൂമും ഒന്നിച്ചുള്ള വലിയ ഹാളിലേക്കാണ്. 4.5 മീറ്റർ ഉയരമുള്ള ഹാളിന്റെ ഉയരം തന്നെയാണ് അതിന്റെ ഗാംഭീര്യം. നീളൻ ജനാലകൾക്കു പുറമെ, ചുമരിന്റെ മുകൾഭാഗത്ത് നീല സ്റ്റെയിൻഡ് ഗ്ലാസ് പിടിപ്പിച്ച വെന്റിലേറ്ററുകളുമുണ്ട്. നീല ജാലകങ്ങളിലൂടെ പ്രഭാതസൂര്യൻ വിസ്മയച്ചിത്രങ്ങളൊരുക്കും.  മാത്രമല്ല, ഇതിലെ ലൂവറുകൾ വായു സദാസമയവും അകത്തേക്ക് കടത്തിവിടുകയും ചെയ്യും.

venmani new 3

ലിവിങ് റൂമിന്റെ ഇടതുവശം ചേർന്നാണ് ഡൈനിങ്. ഇവിടെ സാധാരണ സീലിങ് ഹൈറ്റ് മാത്രമേ ഉള്ളൂ. ലിവിങ്ങിൽ നിന്ന് ഡൈനിങ്ങിലേക്ക് കടക്കുമ്പോൾ പെട്ടെന്ന് ഒരു മാറ്റം അനുഭവപ്പെടും. മുകൾവശം തുറന്നിരിക്കുന്ന കോർട്‌യാർഡ് ആണ് ഡൈനിങ്ങിനു സമീപം. ടെറാകോട്ട ജാളിമതിലിനകത്താണ് കോർട്‌യാർഡും പൂജായിടവും. വാസ്തുപ്രകാരം, ഏറ്റവും അനുയോജ്യമായ വടക്കുകിഴക്കേ കോണിൽ വരത്തക്കവിധത്തിലാണ് പൂജാമുറി ക്രമീകരിച്ചത്. പരുപരുത്ത പേവ്മെന്റ് സ്റ്റോണുകളും കല്ലുകൊണ്ടുള്ള ഉരലും പൂജയ്ക്കുളള പുഷ്പങ്ങളുടെ ചെടികളുമെല്ലാമാണ് കോർട്‌യാർഡിലുള്ളത്.നടുമുറ്റത്തിന് മറ്റ് ഉദ്ദേശ്യങ്ങളുമുണ്ട്. വൈകുന്നേരങ്ങളിൽ സിറ്റ്ഒൗട്ട് ആയും ഒത്തുചേരാൻ പറ്റിയ ഇടമായും തുണി ഉണക്കാൻ പറ്റിയ സ്ഥലമായുമെല്ലാം ഇത് ഉപയോഗിക്കാം. മുൻവശത്തേക്കുള്ള ജാളി മതിൽ സ്വകാര്യത ഉറപ്പുവരുത്തുന്നു. അതേസമയം മുകൾഭാഗം തുറന്നിരിക്കുന്നതിനാൽ ഋതുഭേദങ്ങൾ ആവോളം ആസ്വദിക്കാം.

venmani new 4

മോഡുലർ രീതിയിലാണ് അടുക്കള. നടുവിൽ, സ്റ്റൗവും ചിമ്മിനിയും ഉള്ള െഎലൻഡ് ഒരുക്കിയിട്ടുണ്ട്. വുഡൻ പാനലുകൾ കൊണ്ട് പറ്റാവുന്നത്ര സ്റ്റോറേജ് കാബിനറ്റുകളും കൊടുത്തിട്ടുണ്ട്. അകത്തളങ്ങൾക്ക് വലുപ്പം കൂടുതൽ തോന്നിക്കാനും തടി ഫർണിച്ചറിന് കൂടുതൽ മിഴിവു കിട്ടാനുംവേണ്ടി ചുമരുകൾക്ക് വെള്ള നിറം കൊടുത്തു. 100 വർഷം പഴക്കമുള്ള പത്തായം പുതുക്കിയെടുത്ത് ലിവിങ്ങിനും ഫാമിലി റൂമിനും ഇടയിൽ സ്റ്റോറേജ്–കം–പാർട്ടീഷൻ ആയി പ്രയോജനപ്പെടുത്തി.സമകാലിക സാഹചര്യങ്ങൾക്ക് ഇണങ്ങുംവിധം പരമ്പരാഗത ശൈലിയെ മാറ്റിയെടുത്തിരിക്കുകയാണ് ഡിസൈനിൽ. പുറത്തെ കാലാവസ്ഥയേക്കാൾ നാല്– അഞ്ച്  ഡിഗ്രി കുറവായിരിക്കും വീടിനകത്ത് എപ്പോഴും. റൂഫിലെ സോളർ പാനലുകൾ വൈദ്യുതിച്ചെലവിന്റെ കാര്യം നോക്കിക്കൊള്ളും.

venmani new new

 ഡിസൈന്‍: ദീപ്തി ചന്ദ്ര

ലാൻഡ്സ്കേപ് ആർക്കിടെക്ട്, ബെംഗളൂരു

     deepthi_cb@yahoo.co.in

Tags:
  • Vanitha Veedu