Tuesday 26 May 2020 05:00 PM IST

10000 സ്ക്വയർ ഫീറ്റ്, നാല് കിച്ചണുകളും കോൺഫറൻസ് ഹാളും ജിമ്മും സ്റ്റീം റൂമും! മൂന്നു പാലുകാച്ചൽ ആഘോഷിച്ച 5 സ്റ്റാർ ‘മമ്മൂട്ടി’ വീടിന്റെ ഉടമ പറയുന്നു

V.G. Nakul

Sub- Editor

r1

പതിനായിരം സ്ക്വയർ ഫീറ്റിൽ വമ്പൻ ലിവിംഗ് റൂമും കോൺഫറൻസ് ഹാളും സ്വിമ്മിങ് പൂളും ഉള്ള കിടുക്കാച്ചി വീടിന് സോഷ്യൽ മീഡിയ നൽകിയത് ലൈക്കോട് ലൈക്ക്. അതിനിടെ ആരോ ഒരു വിരുതൻ പറഞ്ഞു, ഇതു മമ്മൂട്ടിയുടെ പുതിയ വീട്. രണ്ടും വന്നത് ഒരേ സമയം ആയതിനാൽ അതിൽ ആർക്കും സംശയം തോന്നിയതുമില്ല. അപ്പോഴെല്ലാം എറണാകുളം കുറുപ്പംപടിയിലുള്ള വീട്ടിലിരുന്ന് ഗൃഹനാഥൻ റെജി കുര്യാക്കോസ് അതൊന്നും മൈൻഡ് ചെയ്യാതെ ബിസിനസ് ലോകത്ത് തിരക്കിലായിരുന്നു. സത്യാവസ്ഥ അറിഞ്ഞ് ഇക്കാര്യം ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ– ‘വിഡിയോ പ്രചരിക്കുന്നു എന്നറിഞ്ഞിരുന്നു. പക്ഷേ, സോഷ്യൽ മീഡിയയിൽ വരുന്നതിനൊന്നും പ്രതികരിച്ചിട്ടു കാര്യമില്ലല്ലോ. ഞങ്ങൾക്കതില്‍ പരാതിയില്ല. ഞങ്ങളുടെ വീടാണെന്നു തെളിയിക്കാനും താൽപര്യമില്ല.’.

സോഷ്യൽ മീഡിയ അടുത്തിടെ ഏറ്റവുമധികം ആഘോഷിച്ച വിഡിയോകളിലൊന്ന് മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ വീടിന്റെതാണ്. ‘വിഡിയോ കണ്ടവർക്കെല്ലാം ഒരേ അഭിപ്രായമായിരുന്നു.– കിടിലം... പക്ഷേ, വീടിന്റെ യഥാർത്ഥ ഉടമ മമ്മൂട്ടി അല്ലെന്ന് മാത്രം.

ബഥേൽ എന്ന കൊട്ടാരം

കുറുപ്പുംപടി സ്വദേശിയായ റെജി കുര്യാക്കോസിന്റെ ബഥേൽ എന്ന പുതിയ വീടാണ് സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ കൊട്ടാരം. തന്റെ വീടിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച വിഡിയോ മമ്മൂട്ടിയുടെ വീടാണെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ പ്രത്യേകിച്ച് സങ്കടമൊന്നും തോന്നിയില്ലെന്ന് റെജി.

‘‘വീടിന്റെ ഗൃഹപ്രവേശത്തോട് അനുബന്ധിച്ച് ഷൂട്ട് ചെയ്ത വിഷ്വൽസ് ഉപയോഗിച്ചാണ് ഈ വിഡിയോ നിർമ്മിച്ചിരിക്കുന്നത്. ആരോ അത് മമ്മൂട്ടിയുടെ വീടിന്റെതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു’’. – റെജി പറയുന്നു. വല്ലപ്പോഴും തീയറ്ററിൽ പോയി സിനിമ കാണുമെന്നല്ലാതെ മറ്റു സിനിമാ ബന്ധങ്ങളൊന്നുമില്ലെന്നും റെജി വ്യക്തമാക്കുന്നു.

10000സ്ക്വയർഫീറ്റ്, പണിതീർക്കാൻ 3 വർഷം

10000 ന് മുകളിൽ സ്ക്വയർഫീറ്റുണ്ട് വീട്. ഫെബ്രുവരിയിലാണ് പണി തീർന്നത്. 3 വർഷം വേണ്ടി വന്നു പൂർത്തിയാക്കാൻ. ഒരു മാസം ഒരു ഫങ്ഷൻ വീതം മൂന്നു മാസം മൂന്നു ഫങ്ഷനായാണ് ഗൃഹപ്രവേശ ചടങ്ങ് നടത്തിയത്. അതിനൊരു കാരണമുണ്ട്. അതായത്, ഒരുപാടു പേരെ ക്ഷണിക്കണമായിരുന്നു. എല്ലാവരെയും ഒരു ചടങ്ങിൽ ഉൾക്കൊള്ളാനാകില്ല. അങ്ങനെയാണ് മൂന്നു ഘട്ടമായി പാലുകാച്ചൽ ആഘോഷിച്ചത്.

പണിഞ്ഞു വന്നപ്പോൾ വലുതായി

മനപൂർവം ഒരു വലിയ വീട് പണിഞ്ഞതല്ല. പണിഞ്ഞു വന്നപ്പോൾ വലുതായതാണ്. രണ്ടു നിലയിൽ ഒരു ആവറേജ് വീട്. ഇന്റീരിയലിലും ഔട്ടറിലുമൊക്കെ കുറേ പ്ലാന്റൊക്കെ പിടിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ വീട്ടിലും ഇങ്ങനെ തന്നെയാണെന്നു കേട്ടു. ചെടികളൊക്കെ ഹൈദരാബാദിൽ പോയി വാങ്ങിയതാണ്. സെബാസ്റ്റ്യൻ ജോസ് ആണ് വീടിന്റെ ആർക്കിടെക്ട്. അദ്ദേഹത്തിന്റെയും എന്റെ ഭാര്യ ജീവയുടെയും ഭാര്യാ സഹോദരൻ ജോബിയുടെയും ആശയങ്ങളാണ് വീടിന്റെ നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

r2

വീടിനെക്കുറിച്ച് ബാക്കി ജോബി പറയും, ‘‘ആർക്കിടെക്ചറിൽ എനിക്ക് വലിയ താൽപര്യമുണ്ട്. വലിയ വീടുകളെക്കുറിച്ചും ബിൾഡിങ്ങുകളെക്കുറിച്ചുമൊക്കെ അറിയാന്‍ താൽപര്യമാണ്. ആർക്കിടെക്ചറിനെക്കുറിച്ച് ധാരാളം പഠിക്കുകയും വായിക്കുകയും ചെയ്യാറുണ്ട്. വിഡിയോകൾ കാണും. ഞാൻ കോതമംഗലത്ത് 4 വർഷം മുമ്പ് എന്റെ വീട് വച്ചത് ഈ അറിവു വച്ചാണ്. പെങ്ങൾക്കും അളിയനും പൂർണമായ, പിഴവുകളില്ലാത്ത ഒരു വീട് വേണം എന്ന് എനിക്ക് നിർബന്ധമായിരുന്നു. ആദ്യം വിദേശത്തു നിന്നുള്ള ടീമിനെ ഏൽപ്പിക്കാം എന്നു കരുതി. കൂടുതൽ അന്വേഷിച്ചപ്പോൾ സെബാസ്റ്റ്യൻ ജോസിനെ തിരഞ്ഞെടുത്തു.

ഞങ്ങൾ പരസ്പരം ചർച്ച ചെയ്തു 10 പ്രാവശ്യത്തോളം പ്ലാൻ മാറ്റി വരച്ചാണ് ഇപ്പോഴത്തെ പ്ലാനിൽ എത്തിയത്. പഞ്ചനക്ഷത്ര ഹോട്ടലിന്റെ സൗകര്യങ്ങൾ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. 5 ബെഡ് റൂമുകളും നാല് കിച്ചണുകളുമുണ്ട്. ഓപ്പൺ ഏരിയ കൂടുതലാണ്. സ്വമ്മിങ് പൂളും ജിമ്മും കോൺഫറന്‍സ് ഹാളും സ്റ്റീം റൂമും ഒരുക്കിയിട്ടുണ്ട്. ഉണ്ട്. – ജോബി പറയുന്നു. പെങ്ങളുടെ വീട് കണ്ട് പലരും ഇപ്പോൾ മാർഗനിർദേശങ്ങൾക്കായി സമീപിക്കുന്നത് തന്നെ ആണെന്ന രഹസ്യവും ജോബി പങ്കുവയ്ക്കുന്നു.

r3

വലിയ മുതൽ മുടക്കില്ല

വീടിന്റെ വലിപ്പം കാണുന്നവർക്ക് അറിയേണ്ടത് ചെലവാണെന്ന് റെജി പറയുന്നു. ‘ഞങ്ങൾക്ക് ബോഡി ബിൽഡിങ്ങ് ഉപകരണങ്ങളുടെയും ടൈലിന്റെയുമൊക്കെ ബിസിനസ്സാണ്. ക്വാറിയുമുണ്ട്. പാരമ്പര്യമായുള്ള ബിസിനസ്സ് ആണ് എല്ലാം. വീടുപണിക്കുള്ള തൊഴിലാളികളൊക്കെ ഞങ്ങളുടെ തന്നെയാണ്. അതുകൊണ്ടുതന്നെ എല്ലാവരും കരുതും പോലെ വലിയ മുതൽ മുടക്കായിട്ടില്ല. തടിയൊക്കെ ഞങ്ങളുടെ പറമ്പിൽ നിന്നുള്ള മരങ്ങളിൽ നിന്നാണ്.’

കുടുംബം

നേരത്തേ ഞങ്ങളുടെ കമ്പനി പ്രവർത്തിക്കുന്ന കോമ്പൗണ്ടിനുള്ളിലെ വീട്ടിലാണ് ഞാനും കുടുംബവും താമസിച്ചിരുന്നത്. ശബരി പാത വരുമ്പോൾ ആ വീട് പോകും. അങ്ങനെയാണ് പുതിയ വീട് വയ്ക്കാൻ തീരുമാനിച്ചത്. ഭാര്യ ജീവ. മക്കൾ ജോഷും നീലും. പത്തിലും ഏഴിലും പഠിക്കുന്നു.