Tuesday 05 April 2022 04:15 PM IST : By സ്വന്തം ലേഖകൻ

ഒരു മുറി പോലും പുതിയതായി പണിതില്ല; പക്ഷേ വീട് പുതുപുത്തനായി

archana 1

മുറികൾക്ക് വലുപ്പമില്ല, ആവശ്യത്തിനു വെളിച്ചം കടക്കുന്നില്ല, അടുക്കളയിൽ സൗകര്യങ്ങൾ പോരാ... പഴയ വീടുകളുടെ സ്ഥിരം പോരായ്മകളായിരുന്നു ഇവിടെയും വില്ലൻ. ഇതു പരിഹരിക്കണം എന്ന ആവശ്യവുമായാണ് തൃശൂർ ചേറൂരിലെ രമേശ് സുബ്രഹ്മണ്യനും കുടുംബവും ആർക്കിടെക്ട് അർച്ചന മേനോനെ സമീപിച്ചത്.

archana 2

മുപ്പത് വർഷമായിരുന്നു വീടിന്റെ പഴക്കം. ഏതാനും വർഷങ്ങൾ മുൻപ് ചോർച്ച പരിഹരിക്കാനായി വീടിനു മുകളിൽ ട്രസ്സ് പിടിപ്പിച്ച് ഷീറ്റ് ഇടുകയും ചെയ്തിരുന്നു.

archana 6

കാര്യമായ പൊളിക്കലോ കൂട്ടിച്ചേർക്കലോ ഒന്നും ഇല്ലാതെ കുറഞ്ഞ ചെലവിൽ വീടിനെ പുത്തനാക്കി സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തുക എന്ന നയമാണ് ആർക്കിടെക്ട് ടീം പിന്തുടർന്നത്. പഴയ വീട്ടിൽ ലിവിങ് ഡൈനിങ് അടുക്കള എന്നിവ വെവ്വേറെ മുറികളായിട്ടായിരുന്നു. ഇവയ്ക്കിടയിലെ ഭിത്തികൾ മാറ്റി ഒറ്റ മുറി ആക്കി എന്നതാണ് സ്ട്രക്ചറിൽ വരുത്തിയ പ്രധാന മാറ്റം. ഇതോടെ സ്ഥലക്കുറവ് വെളിച്ചമില്ലായ്മ എന്നിവയ്ക്കെല്ലാം പരിഹാരമായി. വിശാലമായ ഓപൻ സ്പേസ് വന്നതോടെ ഇന്റീരിയറിന്റെ ലുക്ക് അപ്പാടെ മാറി എന്നുതന്നെ പറയാം. ഡൈനിങ്ങിനോട് ചേർന്ന് ഓപൻ ശൈലിയിലാണ് ഇപ്പോൾ അടുക്കള ക്രമീകരിച്ചിരിക്കുന്നത്.കബോർഡുകളും കൗണ്ടർടോപ്പുമെല്ലാം മാറ്റിയതോടെ അടുക്കള കാലത്തിനൊത്തതായി.

archana 7

മുൻപ് മാസ്റ്റർ ബെഡ്റൂമിനോട് ചേർന്ന് വീടിനടുത്തായി ഒൗട്ട്ഹൗസ് പോലെയൊരു കെട്ടിടം ഉണ്ടായിരുന്നു. വീടിൽ നിന്ന് ഒരു മീറ്റർ മാത്രമായിരുന്നു അകലം. ഈ കെട്ടിടത്തെ വീടിനോടു കൂട്ടിച്ചേർത്ത് ഡ്രസിങ് ഏരിയ, ബാത്റൂം എന്നിവയെല്ലാം അവിടെ ഒരുക്കിയതായിരുന്നു രണ്ടാമത്തെ പ്രധാന മാറ്റം.

archana 3

ഇതോടൊപ്പം മറ്റു കിടപ്പുമുറികളുടെ ബാത്റൂമും പുതുക്കി. ടൈൽ സാനിറ്ററി ഫിറ്റിങ്സ് എന്നിവയെല്ലാം മാറ്റി. വീട്ടിലെ വയറിങ് പ്ലമിങ് എന്നിവയും പൂർണമായി പുതുക്കി.

archana 5

ഇടക്കാലത്ത് ഒട്ടിച്ച ടൈൽ മാറ്റി പകരം തടി പോെല തോന്നിക്കുന്ന വിട്രിഫൈഡ് ടൈൽ വിരിച്ച് തറ പുത്തനാക്കി. കേടുവന്ന വാതിലും ജനലും മാറ്റി. ചുമരിന് പുതിയ പെയിന്റ് കൂടി നൽകിയതോടെ വീട് കാഴ്ചയിൽ ചെറുപ്പമായി.

കുറഞ്ഞ ചെലവിൽ പരമാവധി പ്രൗഢി തോന്നിക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് എക്സ്റ്റീരിയറിൽ വരുത്തിയത്. മുന്നിലെ ഷോ വോളിലുള്ള ക്ലാഡിങ് ആണ് ഇതിൽ പ്രധാനം. വെട്ടുകല്ലിന്റെ ചെറിയ പാളികൾ പതിപ്പിച്ചതോടെ വീടിന്റെ സൗന്ദര്യം കൂടി. ഒപ്പം മുൻഭാഗത്തെ മതിലിൽ പുതിയൊരു പടിപ്പുരയും നൽകി.

archana 4

മുൻവാതിലിനോട് ചേർന്ന് മേൽക്കൂര നീട്ടിയെടുത്ത് ചെറിയൊരു സിറ്റ്ഔട്ടിനും ഇടംകണ്ടതോടെ സൗന്ദര്യത്തിനൊപ്പം സൗകര്യങ്ങളുമായി.

വീട് മുഴുവനായി പൊളിച്ചുപണിയാതെ തന്നെ ആഗ്രഹിച്ച സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്താനായതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.

ഡിസൈൻ: എഫ് എക്സ് ത്രീ ഡിസൈൻസ്, വൃന്ദാവൻ പാലസ്, പാലസ് റോഡ്, തൃശൂർ, ഇ മെയിൽ - hello@fx3designs.com

Tags:
  • Architecture