തിരക്കുപിടിച്ച പ്രൊഫഷണൽ ജീവിതം നയിക്കുന്ന ഡോക്ടർ ദമ്പതികൾക്കു വേണ്ടിയാണ് മണിമലയാറിന്റെ തീരത്തുള്ള ഇൗ വീട് ചെയ്തത്. വനിത വീടിലും മറ്റും വന്ന ഞങ്ങളുടെ പ്രോജക്ടുകൾ കണ്ടാണ് അവർ ഞങ്ങളെ സമീപിക്കുന്നത്.
ഇൗ പ്ലോട്ടിരിക്കുന്നത് പ്രകൃതിഭംഗി നിറയുന്ന ഒരു സ്ഥലത്താണ്. റോഡിന്റെ രണ്ടുവശത്തും താഴ്ചയാണ്. ഒരു നിലയോളം താഴ്ചയുണ്ട് ഒരു ഭാഗത്ത് എങ്കിൽ മറുഭാഗം താഴ്ന്ന് മണിമലയാറിനോടു ചേർന്നുകിടക്കുന്നു.
ആ സൈറ്റ് കണ്ടപ്പോൾ തന്നെ വെള്ളം കയറുന്ന ഇടമായി മനസ്സിൽ ഞങ്ങൾക്കനുഭവപ്പെട്ടു. ചിലയിടങ്ങളിൽ ചെല്ലുമ്പോൾ ചില കാര്യങ്ങൾ നമുക്ക് മനസ്സിൽ തോന്നും. പലപ്പോഴും മനസ്സിന്റെ ആ തോന്നലുകൾക്കനുസരിച്ച് നീങ്ങുകയാണ് പതിവ്. ഇവിടെയും അതു തന്നെ സംഭവിച്ചു. പക്ഷേ, സത്യത്തിൽ അതുവരെ അവിടെ വെള്ളം കയറിയ ചരിത്രം ഉണ്ടായിട്ടില്ല. എങ്കിലും ഞങ്ങൾക്കങ്ങനെ തോന്നി.
ചരിവുള്ള പ്ലോട്ടുകൾ മണ്ണിട്ടു പൊക്കാൻ ഞങ്ങളൊരിക്കിലും നിർദ്ദേശിക്കാറില്ല. പക്ഷേ, ഇവിടെ അതിനു വിപരീതമായാണ് ചിന്തിച്ചത്. വീടിന്റെ ഫ്ലോർ ലെവൽ റോഡ് നിരപ്പിൽനിന്നും ഒന്നര രണ്ട് അടിയെങ്കിലും പൊങ്ങണം എന്നു തീരുമാനിച്ചത് അങ്ങനെയാണ്.
രോഗികൾ വന്ന് ഡോക്ടറോടു ചികിത്സ ആവശ്യപ്പെടുന്നത് ശരിയല്ല എന്ന് വിശ്വസിക്കുന്നതിനാൽ ആർക്കിടെക്ടിന്റെ തീരുമാനങ്ങളിൽ വിശ്വസിക്കുക എന്ന നയമാണ് വീട്ടുകാർ തിരഞ്ഞെടുത്തത്.
ഇടങ്ങളുടെ അപ്രതീക്ഷിത സ്ഥാനം
പുഴയുടെ കാഴ്ച മറയ്ക്കരുതെന്നുണ്ടായിരുന്നു. മാത്രമല്ല, വെള്ളം പൊങ്ങുന്ന സാഹചര്യത്തിൽ ഒരു സംരക്ഷക ഭിത്തിയും സുരക്ഷിതമായിരിക്കുകയുമില്ല എന്നു തോന്നിയതിനാൽ പുഴയിലേക്ക് കുറേയധികം പടവുകൾ എന്നതായിരുന്നു ഞങ്ങളുടെ നിലപാട്. അങ്ങനെ കാഴ്ചയിലും രൂപത്തിലും വീട്ടുകാർക്ക് പുഴയെ ആസ്വദിക്കാൻ പറ്റണം, എന്നതായിരുന്നു ഡിസൈൻ ചിന്ത.
പുറമേക്ക്, വീടിന് മറ്റുള്ളവരെ ആകർഷിക്കത്തക്ക രീതി വേണ്ട എന്നായിരുന്നു വീട്ടുകാർക്ക്. പടിഞ്ഞാറേക്ക് അഭിമുഖമായാണ് പ്ലോട്ടിരിക്കുന്നത്. കിഴക്കു വശത്താണ് പുഴ. അതുകൊണ്ട് മുഴുവൻ സമയവും നന്നായി ചൂട് അടിക്കുമെന്ന പ്രശ്നവുമുണ്ട്.
ഒരു പ്രദർശന വസ്തു പോലത്തെ എക്സ്റ്റീരിയർ കാഴ്ചയിൽ വിശ്വസിക്കാത്തതുകൊണ്ട് വീട്ടുകാരുടെ താൽപര്യത്തിനനുസരിച്ച് മുൻവശം കരിങ്കല്ല് കൊണ്ട് കെട്ടിയടച്ച പോലെയാണ് വീട്. കരിങ്കല്ല് ചൂടാവാൻ സമയമെടുക്കും, അങ്ങനെ വീടിന് തെർമൽ ഇൻസുലേഷൻ കിട്ടും. മാത്രമല്ല, ഉള്ള ചെറിയ മുറ്റത്ത് നാടൻ ചെടികൾ കൊണ്ട് സമ്പന്നമായ പച്ചപ്പ് കൊണ്ടുവന്നു. ഇനിയും വളർന്നുവന്നാൽ ചെടികൾ കൊണ്ടു വീടിന്റെ കാഴ്ച കൊണ്ടു മറയ്ക്കും.
ഒരു പ്രോജക്ടിനെ വേറിട്ടുനിർത്താൻ അതിലെ ഇടങ്ങളുടെ സ്ഥാനങ്ങൾ വ്യത്യസ്തമാക്കുകയാണ് വഴി. ഇവിടെ വീട്ടുകാരുടെ തിരക്കിട്ട ജീവിതചര്യയ്ക്ക് ശാന്തമായ ഒരു തലോടൽ നൽകാൻ വേണ്ടിയാണ് പരമ്പരാഗത രീതിയിൽ നിന്ന് ഇടങ്ങൾക്ക് വ്യതിചലനം കൊടുത്തത്.
ലിവിങ്, പോർച്ച്, സിറ്റ്ഒൗട്ട് എന്നിവയ്ക്കു സമീപത്താണ് കോർട്‍യാർഡ് കൊടുത്തത്. കോർട്‍യാർഡിലൂടെ ചുറ്റിവന്നാലേ പോർച്ചിലെത്തൂ. ചെടികളെയും പൂക്കളെയും ഒക്കെ കണ്ടുവേണം പുറത്തേക്കും അകത്തേക്കും കടക്കുന്നത്. അതിഥികൾക്കാണെങ്കിലും സിറ്റ്ഒൗട്ടിൽ നിന്ന് ഒരു ഗാർഡനിലേക്കു കടക്കുന്നത് അപ്രതീക്ഷിതമായ ഒന്നാണ്.
കോർട്‌യാർഡിനുള്ളിലെ ഗ്ലാസ് വാതിൽ തുറന്നാൽ അതിഥികൾക്കുളള സ്വീകരണസ്ഥലമായി. ഇത് വീടിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ബന്ധമില്ലാതെ നിൽക്കുന്നു. തടി കൊണ്ടുള്ള വീടിന്റെ പ്രധാന വാതിൽ തുറക്കുന്നത് ഡൈനിങ്ങിലേക്കാണ് എന്നതാണ് സവിശേഷത.
നിധിപോലെ പുഴയോരക്കാഴ്ചകൾ
ആറിന്റെ തീരത്തുള്ള വീടിനെപ്പറ്റിയുള്ള സങ്കല്പങ്ങളുമായി വരുന്നവരെ ഇൗ വീട് അത്ഭുതപ്പെടുത്തും. കാരണം പുറത്തുനിന്ന് പുഴയുടെ ഒരു കാഴ്ച പോലും ഇവിടെ ലഭിക്കില്ല. ചെറിയ സൂചനകൾ കണ്ടേക്കാം. എങ്കിലും പുഴക്കാഴ്ചകൾ വീട്ടുകാരുടെ മാത്രം നിധിയായാണ് ഞങ്ങളിവിടെ ഡിസൈൻ ചെയ്തത്. കോർട്‌യാർഡിനു സമീപത്തായി പൂളിലുടെ പുഴയുടെ ഒരു ഭാഗം കണ്ടേക്കാം. എന്നാൽ ഡൈനിങ്, ഫാമിലി, കിച്ചൺ, നാല് കിടപ്പുമുറികൾ.. ഇവിടെയെല്ലാം പുഴ കണ്ണും മനവും ഇടങ്ങളും നിറയ്ക്കുന്ന പോലെ മുഴുവനായി കാണാനാവും. മുറികളെല്ലാം പവിലിയനുകൾ പോലെ പുഴക്കാഴ്ചകളുടെ സമ്മോഹന ദൃശ്യങ്ങൾ നൽകും. വലിയ ഒാപ്പണിങ്ങുകൾ ആയാണ് പുഴയെ ഇൗ വീടിന്റെ ഭാഗമാക്കിയിരിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ ഭാവവും ഒഴുക്കും ചലനങ്ങളും മാറിമറയുന്ന അപൂർവ കാഴ്ചകളാണ് മണിമലയാർ വീട്ടുകാർക്ക് സമ്മാനിക്കുന്നത്. പുഴയിലേക്ക് ഇറങ്ങാൻ പടിഞ്ഞാറ് ഭാഗത്ത് മുഴുനീള പടവുകളാണ് വീടിനെയും പുഴയെയും ബന്ധിപ്പിക്കുന്നത്.
മെറ്റീരിയൽ തിരഞ്ഞെടുത്തപ്പോഴും വളരെ ശ്രദ്ധിച്ചിരുന്നു. വെള്ളം കയറിയാലും കുഴപ്പമില്ലാത്ത വസ്തൂക്കൾക്കാണ് പ്രാധാന്യം കൊടുത്തത്. ബെഡ്റൂമിലെ അലമാരകൾ പൗഡർകോട്ട് ചെയ്ത മെറ്റൽ ഫ്രെയിമിലാണ് ചെയ്തത്. അതിൽ തടിയുടെ ഭാഗം വയ്ക്കുകയാണ് ചെയ്തത്. പാർട്ടീഷന് ഗ്ലാസും കെടുത്തു. കല്ലിലാണ് തൂണുകൾ ചെയ്തിരിക്കുന്നത്. ഗ്ലാസും ജനലുകൾക്കു പുറത്തായി സുഷിരങ്ങളുള്ള മെറ്റൽ ഷീറ്റ് കൊടുത്തതിന് രണ്ട് ഉദ്ദേശ്യങ്ങളുണ്ട്. ചൂട് അധികമായി അടിക്കുമ്പോൾ ഇൗ ഷീറ്റ് വലിച്ചിടാം. ഇടിയും മിന്നലും പതിക്കുമ്പോൾ അതിന്റെ ഭീകരത മറയ്ക്കാനും ഇൗ ഷീറ്റുകൾ ഉപകരിക്കും.
‘ലാപ് പൂൾ’ എന്ന വീതി കുറഞ്ഞ പൂൾ ആണ് ചെയ്തിരിക്കുന്നത്. പുഴയിലേക്കു നീണ്ടു കിടക്കുന്ന പ്രതീതി ഉള്ളതിനാൽ ഒരു ഇൻഫിനിറ്റി പൂൾ ഇഫക്ട് ലഭിക്കുന്നു. ഡൈനിങ് ഏരിയയും പുഴയിലേക്ക് തുറന്ന ഒാപ്പൺ സ്പേസ് ആണ്. റിലാക്സ് ചെയ്യാൻ ഇതിനും നല്ലൊരു ഡൈനിങ് അനുഭവമില്ല തന്നെ.
2018 ലെ മഹാപ്രളയത്തിനു ശേഷം മഴക്കാലത്ത് വെള്ളം പടവുകളിലേക്ക് കയറുന്നത് പതിവായിക്കഴിഞ്ഞു. ആ ദിവസങ്ങളിൽ വെള്ളം പടവു കയറി വരും. ശാന്തമാകുമ്പോൾ വീണ്ടും ഇറങ്ങിപ്പോക്കു നടത്തും. വീണ്ടും ശാന്തമായി ഒഴുകും. തടഞ്ഞുനിർത്താൻ സംരക്ഷക ഭിത്തിയോ മതിലോ ഒന്നും കൊടുത്തിട്ടില്ല.
വീട് ഒരു അനുഭവമായി ആസ്വദിക്കുക എന്ന നയമാണ് സ്വീകരിച്ചത്. സൂര്യനും പുഴയും പച്ചപ്പുമെല്ലാം ചേരുന്ന പ്രകൃതി യാ ണ് ഡിസൈനിന്റെ കാതൽ. പ്രകൃതിഭംഗിയുടെ അപാരമായ വിരുന്ന് ആസ്വദിക്കാനാവുന്ന തരത്തിലുള്ള ആർക്കിടെക്ചറൽ ഡിസൈനാണ് ഇവിടെ ഉരുത്തിരിഞ്ഞത്. പുഴ പോലെ ഒഴുകിക്കിടക്കുകയാണ് ഇൗ വീട്, മനസ്സുകളെയും ജീവിതങ്ങളെയും തലോടിക്കൊണ്ട്...
Area: 7800 sqft Owner: ഡോ. സിറിൾ ജോസഫ് & ഡോ. ജോയ്സ് ജിയോ Location: തിരുവല്ല
Design: LIJO.RENY Architects, തൃശൂർ Email: lijo.reny@gmail.com
Pictures: Praveen Mohandas